തുര്‍ക്കിയില്‍ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനില്‍ ഇറങ്ങി; പിന്നീട് അത് യാത്ര തുടര്‍ന്നു; ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകള്‍ അല്ലാതെ ഊഹാപോഹ വാര്‍ത്തകളെ ആശ്രയിക്കരുതെന്ന് തുര്‍ക്കി; പാക്കിസ്ഥാന് ഒന്നും നല്‍കിയിട്ടില്ലെന്ന് വിശദീകരണം; സൗദിയേയും ഇറാനേയും പോലെ തുര്‍ക്കിയും പാക്കിസ്ഥാനില്‍ നിന്നും അകലം പാലിക്കുമോ?

Update: 2025-04-29 03:42 GMT

ന്യൂഡല്‍ഹി: പാകിസ്ഥാനെ സഹായിച്ചിട്ടില്ലെന്ന് തുര്‍ക്കി. ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ പാകിസ്ഥാന് തുര്‍ക്കി ആയുധങ്ങള്‍ എത്തിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണം നല്‍കുയാണ് തുര്‍ക്കിഷ് പ്രസിഡന്‍സി കമ്യുണിക്കേഷന്‍ ഡയറക്ടറേറ്റ്. 'തുര്‍ക്കിയില്‍ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനില്‍ ഇറങ്ങി. പിന്നീട് അത് യാത്ര തുടര്‍ന്നു. ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകള്‍ അല്ലാതെ ഊഹാപോഹ വാര്‍ത്തകളെ ആശ്രയിക്കരുത്.' എന്നും തുര്‍ക്കി പ്രതികരിച്ചു.

പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാക്കിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഇവ പാക്കിസ്ഥാനില്‍ എത്തിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതാണ് തുര്‍ക്കി നിഷേഘിക്കുന്നത്. പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. പാക്കിസ്ഥാനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്റാക്തര്‍ ഡ്രോണുകള്‍ പാക്കിസ്ഥാന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ പാക്കിസ്ഥാന് ചൈന ദീര്‍ഘദൂര മിസൈലുകള്‍ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി. ഇറാനും സൗദി അറേബ്യയും പോലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. ഈ സാഹചര്യത്തില്‍ തുര്‍ക്കിയുടെ വിമാനം എത്തല്‍ പലവിധ വ്യാഖ്യാനങ്ങളിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ വിശദീകരണം എത്തുന്നത്.

ചൈനയുടെ നൂതന എയര്‍-ടു-എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേന സ്വന്തമാക്കിയിരുന്നു. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍-ടു-എയര്‍ മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളില്‍ നിന്നാണ് ഇത് പാക്ക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം. ഇന്ത്യയുമായി സംഘര്‍ഷ സാധ്യത നിലനില്‍കെ പാക്കിസ്ഥാന്‍ സൈനികശേഷി വര്‍ധിപ്പിക്കുയാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സൈനികമായി വളരെ പിന്നിലാണ് പാക്കിസ്ഥാന്‍. 513 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ 2229 സൈനിക വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാന് 328 പോര്‍വിമാനങ്ങളും 1399 വിമാനങ്ങളും കൈയിലുണ്ട്. ഹെലികോപ്റ്ററുകളുടെ എണ്ണത്തിലും ആകാശത്ത് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയിലും ഇന്ത്യ തന്നെ മുന്നില്‍. അംബാല, ഹാഷിമാര വ്യോമതാവളങ്ങളില്‍ വിന്യസിച്ച റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ പ്രതികരണ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റാഫേല്‍, സുഖോയ്-30എംകെഐ, തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് അടക്കം ആധുനിക യുദ്ധവിമാനങ്ങളുടെ നിരതന്നെ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. എണ്ണത്തില്‍ കുറവെങ്കിലും പാകിസ്ഥാന്റെ വ്യോമസേന JF-17 തണ്ടര്‍, F-16 പോലുള്ള ആധുനിക വിമാനങ്ങള്‍ മുന്‍നിരയില്‍ വിന്യസിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ പെന്‍സി, സ്‌കാന്‍ഡു, സ്വാത് എന്നീ വിവമാനത്താവളങ്ങള്‍ യുദ്ധ സജ്ജമാക്കിയ പാക് വ്യോമസേന. F-16, J-10, JF-17 യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

ഒരുകാലത്ത് പാക്കിസ്ഥാന് ആയുധങ്ങളും പണവും നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ വാളെടുത്തവന്‍ വാളാല്‍ എന്ന രീതിയില്‍ ഭീകരവാദം ബുമറാങ്ങായതോടെ അമേരിക്ക ആ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. മാത്രമല്ല, ശീതയുദ്ധകാലത്ത് ഇന്ത്യ സോവിയറ്റ് പക്ഷത്തോടായിരുന്നു കൂടുതല്‍ അടുത്തുനിന്നത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെ, ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ഇന്ന് അമേരിക്കക്ക് സംശയമൊന്നുമില്ല. നരേന്ദ്രമോദിയും, ട്രംമ്പുമൊക്കെ വ്യക്തിപരമായിപ്പോലും നല്ല സൗഹൃദത്തിലാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം അമേരിക്ക പാക്കിസ്ഥാനെ സഹായിക്കില്ല എന്ന് ഉറപ്പാണ്.

സൗദി അറേബ്യ, യുഎഇ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായത്തിന്റെ പാതയിലാണിപ്പോള്‍. കഴിഞ്ഞ കുറേക്കാലമായി സൗദിയും, യുഎഇയുമായി ഭാരതത്തിന് മികച്ച ബന്ധമാണ്. മാത്രമല്ല കോടിക്കണക്കിന് രൂപയുടെ വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ സൗദിയും യുഎഇയുമൊക്കെ സന്ദര്‍ശിച്ചപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സുല്‍ത്താനുമായി വളരെ നല്ല ബന്ധമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ളത്. ഇറാനും സൗദിയും, കശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാക്കിസ്ഥാനെ സഹായിക്കുന്ന സൗദി അറേബ്യ പക്ഷേ, യുദ്ധ വേളയില്‍ സൈനിക സഹായം നല്‍കുന്നില്ല. ആഗോള തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്ന് കരുതുന്ന ഖത്തറുമായിപ്പോലും ഇന്ത്യ നല്ല ബന്ധത്തിലാണ്.

ഷിയാ രാഷ്ട്രമായ ഇറാനും, സുന്നി രാഷ്ട്രമായ പാക്കിസ്ഥാനും തമ്മില്‍ നേരത്തെ പ്രശ്‌നമുണ്ട്. അടുത്തിടെയും ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള പാക്കിസ്ഥന്റെ അനിയന്ത്രിത ഇടപെടല്‍ ആയിരുന്നു തര്‍ക്കത്തിന് കാരണം.അതുകൊണ്ടുതന്നെ കാശീമീര്‍ പ്രശ്‌നത്തില്‍ ഇറാന്റെ സഹായം, പാക്കിസ്ഥാനും കിട്ടില്ലെന്ന് ഉറപ്പാണ്. ഇറാനുമായി ഇന്ത്യയുടെ ബന്ധം മോശമായിട്ടില്ല. ഇപ്പോഴും വാതക പൈപ്പ്‌ലൈന്‍ ചര്‍ച്ചയും, എണ്ണ വാങ്ങലുമായി ആ ബന്ധം ഊഷ്മളമാണ്. അഫ്ഗാനുമായും കടുത്ത പ്രശ്‌നത്തിലാണ് പാക്കിസ്ഥാന്‍. ഇപ്പോള്‍ 30 ലക്ഷത്തോളം വരുന്ന അഫ്ഗാനികളെ, പാക്കിസ്ഥാന്‍ തങ്ങളുടെ രാജ്യത്തുനിന്ന് നാടുകടത്തിക്കൊണ്ടിരിക്കയാണ്. ബലൂച് തീവ്രവാദികളെ പിന്തുണക്കുന്ന പലരും അഫ്ഗാനില്‍ ഒളിത്താവളം അടിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടേ രണ്ട് രാജ്യങ്ങളെ പാക്കിസ്ഥാനെ സഹായിക്കുന്നുള്ളു. ചൈനയും, തുര്‍ക്കിയും എന്നായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തുര്‍ക്കി നിഷേധവുമായി എത്തുന്നത്. അപ്പോഴും തുര്‍ക്കിയുടെ സഹായം പാക്കിസ്ഥാന്‍ പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

Tags:    

Similar News