നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ച ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിനോട് സഹകരിക്കുന്നവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തി ട്രംപ്; ക്രിസ്ത്യന്‍ വിരുദ്ധ അന്താരാഷ്ട്ര കോടതിയെ അമേരിക്ക തള്ളിയത് ഇസ്രായേലിന് ആശ്വാസമായി; അമല്‍ ക്ലൂണി അടക്കമുള്ളവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല
ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് സഹകരിക്കുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്ത്യന്‍ വിരുദ്ധ അന്താരാഷ്ട്ര കോടതിയെ അമേരിക്ക തള്ളിയത് ഇസ്രയേലിന് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ്. ഇതോടെ പല പ്രമുഖര്‍ക്കും ഇനി അമേരിക്കയിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ തീരുമാനം കാരണം വെട്ടിലായവരില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അമല്‍ക്ലൂണിയും ഉള്‍പ്പെടുന്നു.
പ്രമുഖ ഹോളിലുഡ് താരമായ ജോര്‍ജ്ജ് ക്ലൂണിയുടെ ഭാര്യയാണ് അമല്‍ ക്ലൂണി. നിലവില്‍ യു.കെയിലും ഇറ്റലിയിലും ഉള്ള വീടുകളില്‍ മാറിമാറി താമസിക്കുകയാണ് ഈ ദമ്പതികള്‍. പുതിയ തീരുമാനത്തോടെ അമല്‍ ക്ലൂണിക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ കഴിയുകയില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകയായ അമല്‍ക്ലൂണി ബഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള കേസില്‍ നെതന്യാഹുവിന് എതിരെ നിയമോപദേശം നല്‍കിയിരുന്നു. ജോര്‍ജ്ജ് ക്ലൂണിക്കും ഭാര്യക്കും അമേരിക്കയിലും ധാരാളം സ്വത്തുക്കള്‍ സ്വന്തമായിട്ടുണ്ട്. ഇപ്പോള്‍ വളരെയേറെ ജനപ്രീതി നേടിയ ഒരു ഷോയില്‍ ജോര്‍ജ്ജ് ക്ലൂണി പ്രധാന വേഷം കൈകാര്യം ചെയ്യുകയാണ്. ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതത്തെ ചെറുക്കുന്നതിനും നെതന്യാഹുവിനെതിരായ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ കുറ്റങ്ങളെ അപലപിക്കുന്നതിനുമായിട്ടാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ ട്രംപ് ഇത്തരത്തില്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹമാസിന്റെ മൂന്ന് നേതാക്കള്‍ക്ക് എതിരെയും കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എങ്കിലും അവരെല്ലാം തന്നെ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ സാമ്പത്തിക ഉപരോധങ്ങളും യാത്രാ നിയന്ത്രണങ്ങളും ട്രംപിന്റെ നടപടിയില്‍ ഉള്‍പ്പെടുന്നു. നെതന്യാഹുവിന് എതിരെ വാറണ്ട് പുറപ്പെടുവിക്കാനുള്ള തീരുമാനത്തില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഇക്കാര്യത്തില്‍ അമേരിക്കയുടെ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ യുദ്ധക്കുറ്റക്കേസില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഇവര്‍ നല്‍കിയ നിയമോപദേശത്തിന്റെ പേരിലാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോടതിയിലെ ഉദ്യോഗസ്ഥനായ കരീംഖാനേയും കുടുംബത്തേയും കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അമേരിക്കയില്‍ നിന്ന് വിലക്കുകയും അവരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്കെതിരെ ഇനിയും നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ബൈഡനെ വീണ്ടും പ്രസിഡന്റാക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ ജോര്‍ജ്ജ് ക്ലൂണിയും ട്രംപുമായി വാക്പോര് നടന്നിരുന്നു. ലബനനിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ മകളായ അമല്‍ ക്ലൂണി പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു.