ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാസികളേക്കാള്‍ മോശപ്പെട്ടവര്‍! പക്ഷേ അവരുമായി പോലും ചേര്‍ന്ന് ട്രംപ് പ്രവര്‍ത്തിച്ചേക്കുമോ? ചൈനയുമായുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കും; അവരുമായി സൗഹൃദത്തില്‍ തുടരാന്‍ ശ്രമിക്കും; അമേരിക്കന്‍ പ്രസിഡന്റായി മൂന്നാം ടേം ലക്ഷ്യം? ട്രംപ് ഏതു മാര്‍ഗ്ഗവും തേടുമെന്ന് വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍: മൂന്നാം തവണയും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധ്യതയുണ്ടെന്ന സൂചനയുമായി മുന്‍ ഉപദേഷ്ടാവ് എത്തുമ്പോള്‍ ചര്‍ച്ചകള്‍ പുതി തലത്തില്‍. ഇതിന് വേണ്ടി ട്രംപ് ശക്തമായ നീക്കങ്ങള്‍ നടത്തുമെന്നും മുന്‍ ഉപദേഷ്ടാവായ സ്റ്റീവ് ബാനോന്‍ ചൂണ്ടിക്കാട്ടി. മൂന്നാം വട്ടം പ്രസിഡന്റാകാന്‍ ട്രംപ് തന്ത്രങ്ങള്‍ ഒരുക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബാനോന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്.
ഇതിന് വേണ്ടി ട്രംപ് ചൈനയുമായുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കുമെന്നും അവരുമായി സൗഹൃദത്തില്‍ തുടരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് മൂന്നാം തവണയും മല്‍സരിക്കാന്‍ വഴി കണ്ടെത്തുമെന്നും വിജയിക്കുക തന്നെ ചെയ്യുമെന്നും സ്റ്റീവ് ബാനോന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് രണ്്ട തവണ മാത്രമേ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിരവധി തന്ത്രങ്ങളിലൂടെ ഇതിനെ മറികടക്കാന്‍ ട്രംപ് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ആദ്യ തവണ പ്രസിഡന്റ് ആയിരുന്നതിന് ശേഷം ഒരിടവേളക്ക് ശേഷമാണ് വീണ്ടും പ്രസിഡന്റായത് എന്ന ന്യായവാദം ചൂണ്ടിക്കാട്ടാനും ട്രംപും അനുയായികളും ശ്രമിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം താന്‍ തമാശയായിട്ടല്ല കണക്കാക്കുന്നതെന്ന് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ വഴി ട്രംപ് 2028 എന്നെഴുതിയ തൊപ്പികള്‍ ഇപ്പോള്‍ വ്യാപകമായി വിപണിയില്‍ ഇറക്കിയതും ഇക്കാര്യം ലക്ഷ്യമിട്ടാണെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ ട്രംപ് വിജയിക്കുക തന്നെ ചെയ്യുമെന്നാണ് സ്റ്റീവ് ബാനോന്‍ തറപ്പിച്ച് പറയുന്നത്.
2029 ജനുവരി 20-ന് ഉച്ചകഴിഞ്ഞ് അദ്ദേഹം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവയ്ക്കാന്‍ വൈറ്റ് ഹൗസില്‍ ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോട് പറയുകയാണെന്നും ബാനോന്‍ അഭിമുഖത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ പ്രധാന പങ്ക വഹിച്ച വ്യക്തിയാണ് ബാനോന്‍. 2021 ജനുവരിയില്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ സമന്‍സ് ലംഘിച്ചതിന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം നാല് മാസം ജയിലില്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ബാനണ്‍സ് വാര്‍ റൂം എന്ന പേരില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ദിവസേനയുള്ള തത്സമയ പോഡ്കാസ്റ്റ് ഉണ്ട്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചത് ശരിയായ വഴിയിലൂടെ അല്ല എന്നാണ് ബാനോന്‍ ആരോപിക്കുന്നത്. അതേസ സമയം ട്രംപിന്റെ ഇപ്പോഴത്തെ സഹായിയായ ഇലോണ്‍ മസ്‌ക്കിനെ അദ്ദേഹം തള്ളിപ്പറയുകയാണ്. മസ്‌ക്കിനെ ടെക്നോ ഫ്യൂഡലിസ്റ്റ് എന്ന് വിളിച്ച് ബാനോന്‍ ആക്ഷേപിക്കുകയും ചെയ്തു. ട്രംപ് വിജയിച്ചത് കൊണ്ട് മാത്രമാണ് മസ്‌ക്കിനെ പോലെയുള്ളവര്‍ കൂടെ നില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാസികളേക്കാള്‍ മോശപ്പെട്ടവര്‍ ആണെന്നും ബാനോന്‍ ആരോപിച്ചു. എന്നാല്‍ ട്രംപ് ചൈനയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറാകുക ഇല്ലെന്നാണ് അദ്ദേഹം കണക്കു കൂട്ടുന്നത്.