ടോറി പാര്‍ട്ടി അന്യം നില്‍ക്കാതിരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍; ഞെട്ടല്‍ മാറാത്ത ലേബറും അഴിച്ചു പണിക്ക്; ട്രംപ് മോഡലില്‍ പണി കിട്ടുമെന്ന് ഭയന്ന് റിഫോം ജയിച്ചിടത്ത് യൂണിയനുകള്‍ രംഗത്ത്: നൈജല്‍ ഫാരേജിനെ പേടിച്ച് സകല പാര്‍ട്ടികളും
തദ്ദേശ തെരഞ്ഞെടുപ്പില്‍ റിഫോം യു കെ പാര്‍ട്ടി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചതോടെ തന്റെ പാര്‍ട്ടി അന്യം നിന്നുപോകാതിരിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക്. നയരൂപീകരണത്തില്‍ വളരെ മന്ദഗതിയിലാണെന്ന ആരോപണം നേരിടുന്ന ബെയ്ഡ്‌നോക്ക് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ കാര്യങ്ങള്‍ ധൃതഗതിയിലാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പാര്‍ട്ടി എം പിമാര്‍ അതുകൊണ്ട് തൃപ്തരല്ല.
യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സില്‍ (ഇ സി എച്ച് ആര്‍) നിന്നും വിട്ടുപോകുമെന്നതടക്കമുള്ള കടുത്ത നടപടികള്‍ പ്രഖ്യാപിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇതുവരെ അത്തരമൊരു പ്രഖ്യാപനം നടത്താന്‍ ബെയ്ഡ്‌നോക്ക് തയ്യാറായിരുന്നില്ല. അതിനു പകരമായി അത് പരിശോധിക്കുന്നതിനായി ഒരു കമ്മീഷന്‍ രൂപീകരിക്കും എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. റിഫോം യു കെയും ലിബറല്‍ ഡെമോക്രാറ്റുകളും ശക്തിപ്രാപിച്ചപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 674 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അന്ത്യം അടുത്തു എന്നായിരുന്നു തന്റെ പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് നെയ്ജല്‍ ഫരാജ് പ്രതികരിച്ചത്. അധികം താമസിയാതെ പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായി റിഫോം യു കെ മാറുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജോനാഥന്‍ ആഷ്വര്‍ത്തും പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് സമ്മതിച്ച ബെയ്‌ഡോനോക്ക് പക്ഷെ പാര്‍ട്ടിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നും പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയിലും നിരാശ
അതേസമയം, ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വലിയ പ്രത്യാശയൊന്നും നല്‍കുന്നില്ല. പ്രധാനമന്ത്രി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ഒരു ജീവന്മരണ സാഹചര്യമാണെന്നാണ് ഒരു പാര്‍ട്ടി എം പി തന്നെ പറഞ്ഞത്. ജനങ്ങള്‍ക്ക് ലേബര്‍ ഭരണം മടുത്തു എന്നും ലിവര്‍പൂള്‍ വാള്‍ട്ടന്‍ എം പിയായ ഡാന്‍ കാര്‍ഡന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന റണ്‍കന്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ റിഫോം യു കെ പാര്‍ട്ടി പിടിച്ചെടുത്തതാണ് പാര്‍ട്ടിയെ ഞെട്ടിച്ചത്.
അതോടൊപ്പം രണ്ട് മേയര്‍ പദവികളും 677 കൗണ്‍സില്‍ സീറ്റുകളും റിഫോം യു കെ നേടുകയുണ്ടായി. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനായില്ലെങ്കില്‍ പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയിലേക്കായിരിക്കും നീങ്ങുക എന്ന് പാര്‍ട്ടി എം പിമാര്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊഴിലാളി വര്‍ഗ്ഗമാണ് പാര്‍ട്ടിയെ കൈവിട്ടതെന്നാണ് മെയില്‍ ഓണ്‍ സണ്‍ഡേയില്‍ എഴുതിയ ലേഖനത്തില്‍ കാര്‍ഡന്‍ അഭിപ്രായപ്പെടുന്നത്.
ട്രംപ് ഇഫക്റ്റ് ഭയന്ന് തൊഴിലാളി യൂണിയനുകളും
കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ റിഫോം യു കെ വന്‍ വിജയം നേടിയതോ്യുടെ കൗണ്‍സിലുകള്‍ പലതും അവരുടെ നിയന്ത്രണത്തിലായിട്ടുണ്ട്. അമേരിക്കയില്‍ ട്രംപ് ഭരണകൂടം നടപ്പിലാക്കിയതു പോലെ, ഭരണ ചെലവ് കുറയ്ക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന നെയ്ജല്‍ ഫരാജിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ യൂണിയനുകളെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്നത്. റിഫോം നിയന്ത്രണത്തിലുള്ള കൗണ്‍സിലുകളിലെ ജീവനക്കാരോട് തയ്യാറായിരിക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈവിധ്യം, കാലാവസ്ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നവരഓട് പകരം തൊഴില്‍ കണ്ടെത്താനാണ് നെയ്ജല്‍ ഫരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡുറാം കൗണ്‍സിലിന്റെ നിയന്ത്രണം റിഫോം യു കെ ഏറ്റെടുത്തതിനു ശേഷമായിരുന്നു ഫരാജ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം 10 ല്‍ അധികം കൗണ്‍സിലുകളുടെ നിയന്ത്രനം റിഫോം യു കെക്ക് ലഭിച്ചിട്ടുണ്ട്.
നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അത് ഉറപ്പാക്കുന്നതിനായി യൂണിയനുകള്‍ ഇവിടെയുണ്ടെന്നുമായിരുന്നു യൂണിസന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മെക്ആനീ പ്രസ്താവിച്ചത്. നിലവില്‍ റിഫോം യു കെ ഭരിക്കുന്ന കൗണ്‍സിലുകളില്‍ ജോലി ചെയ്യുന്നവരും പുതുതായി ചേരുന്നവരും യൂണിയനില്‍ സൈന്‍ അപ് ചെയ്യണമെന്നും അങ്ങനെയായാല്‍ അവര്‍ക്ക് സംരക്ഷണം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്കയില്‍ ട്രംപ് ഭരണകൂടം നടപ്പാക്കുന്നതിനു സമാനമായ് ചെലവു ചുരുക്കല്‍ പദ്ധതികള്‍ എല്ലാ കൗണ്‍സിലുകളിലും നടപ്പിലാക്കണമെന്ന് ഫരാജ് ആവശ്യപ്പെട്ടിരുന്നു.