കട്ടക്ക് ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഋഷി സുനക്; പക്ഷം പിടിക്കാതെ ജാഗ്രതയോടെ കീര്‍ സ്റ്റര്‍മാര്‍; ഇന്ത്യക്കാരും പാക്കിസ്ഥാനികളും ചേരി തിരിഞ്ഞ് തെരുവിലേക്ക്: ക്രമസമാധാന പ്രശ്‌നമാകാതിരിക്കാന്‍ ജാഗ്രതയോടെ പോലീസ്; യുകെയില്‍ സംഭവിക്കുന്നത്
ലണ്ടന്‍: പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണം തികച്ചും നീതീകരിക്കാവുന്ന ഒന്നാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രസ്താവിച്ചു. അതേസമയം രണ്ട് ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായേക്കുമൊ എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ ആക്രമണം ഒരു യുദ്ധമായിട്ടാണ് പാകിസ്ഥാന്‍ പരിഗണിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണവും ആരംഭിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ നടപടിയെ ന്യായീകരിച്ചപ്പോള്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ കുറേക്കൂടി കരുതലോടെയായിരുന്നു ഈ വിഷയത്തില്‍ പ്രതികരിച്ചത്. എവിടെയാണെങ്കിലും സംഘര്‍ഷം ഉരുണ്ടുകൂടുന്നത് ആശങ്കാജനകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, മറ്റൊരു രാജ്യത്തിന്റെ പ്രദേശത്തു നിന്നും ഉണ്ടാകുന്ന തീവ്രവാദിയാക്രമണങ്ങളെ സ്വീകരിക്കേണ്ട കാര്യം ഒരു രാജ്യത്തിനുമില്ല എന്നായിരുന്നു ഋഷി സുനക് എക്സില്‍ കുറിച്ചത്. ഇത്യയുടെ നടപടി നീതികരിക്കത്തക്കതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘര്‍ഷം ലഘൂകരിക്കുക, ചര്‍ച്ചകള്‍ വഴി പ്രശ്നങ്ങല്‍ പരിഹരിക്കുക എന്നതാണ് ബ്രിട്ടന്റെ നയം എന്നായിരുന്നു പ്രദാനമന്ത്രി പ്രതികരിച്ചത്. ബ്രിട്ടനിലുള്ള പലര്‍ക്കും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്‍ മേഖലയില്‍ ആക്രമിച്ചിട്ടില്ലെന്നാണ് ഇന്ത്യ തറപ്പിച്ച് പറയുന്നത്. തീവ്രവാദി ക്യാമ്പുകളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
ബ്രിട്ടനും ആശങ്കയില്‍
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ രൂക്ഷമാകുന്ന സംഘര്‍ഷം ബ്രിട്ടീഷ് തെരുവുകളും യുദ്ധക്കളമാകുന്നതിന് സാഹചര്യം ഒരുക്കിയേക്കും എന്ന ആശങ്ക ഉയരുന്നു. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം ബ്രിട്ടനിലെ ക്രമസമാധാനം തകര്‍ത്തേക്കുമെന്ന ആശങ്ക നിലനില്‍ക്കെ ഹിന്ദു മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ ശാന്തത പാലിക്കാന്‍ തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിര്‍മ്മിംഗ്ഹാമില്‍ നിന്നുള്ള സ്വതന്ത്ര എം പിയും പാകിസ്ഥാനി - കാശ്മീരി വംശജനുമായ അയുബ് ഖാന്‍ പറയുന്നത് ഈ സംഘര്‍ഷം ബ്രിട്ടനിലെ സമാധാനത്തെയും ബാധിച്ചേക്കും എന്നാണ്.
2022 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്ന് ലെസ്റ്ററിലും സ്മെത്വിക്കിലും ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. അന്ന് തെരുവില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്കൊക്കെ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പഴിചാരുകയായിരുന്നു. അസ്വാരസ്യമുളവാക്കുന്ന രീതിയിലുള്ള ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.