എല്ലാം ഇതോടെ കഴിഞ്ഞെന്ന് കരുതണ്ട; ഇനി അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മിസ്റ്റർ പ്രസിഡന്റ്; ലോകത്തിന് തന്നെ കൗണ്ട് ഡൗൺ ചൊല്ലി മറ്റൊരു മുന്നറിയിപ്പും കൂടി; തങ്ങളുടെ മനസ്സിൽ ഉള്ളത് വെനസ്വേല മാത്രമല്ലെന്ന് ട്രംപ്; എന്ത് സംഭവിക്കുമെന്ന നെഞ്ചിടിപ്പിൽ രാജ്യങ്ങൾ

Update: 2026-01-06 01:10 GMT

വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ, കൊളംബിയ, ക്യൂബ, മെക്സിക്കോ, ഇറാൻ, ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ആധിപത്യം ഉറപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ട്രംപിന്റെ ഈ നീക്കം.

അമേരിക്കയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങൾ വിജയകരമായി മുന്നോട്ട് പോകണമെന്നും അവിടത്തെ എണ്ണ വിഭവങ്ങൾ സ്വതന്ത്രമായി ലഭ്യമാകണമെന്നും മഡുറോയുടെ തടങ്കലിന് പിന്നാലെ ട്രംപ് പ്രതികരിച്ചിരുന്നു. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. ട്രംപിന്റെ മുന്നറിയിപ്പ് നേരിട്ട രാജ്യങ്ങൾ താഴെ പറയുന്നവയാണ്..

ഗ്രീൻലാൻഡ്: അമേരിക്കയുടെ രാജ്യസുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. തന്ത്രപ്രധാനമായ ഈ പ്രദേശത്ത് റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ആശങ്കാജനകമാണെന്നും ഡെൻമാർക്കിന് ഇത് തടയാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ക്യൂബ: വെനസ്വേലയുടെ സഖ്യകക്ഷിയായ ക്യൂബയിൽ സൈനിക ഇടപെടൽ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ക്യൂബ സ്വയം തകരുമെന്നും അവിടത്തെ ഭരണകൂടം ഒരു വലിയ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യൂബയുമായി ബന്ധപ്പെട്ട ഭാവി നടപടികളെക്കുറിച്ച് അന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

ഇറാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാൽ അമേരിക്ക അവരെ രക്ഷിക്കാൻ എത്തുമെന്നും സൈന്യം സജ്ജമാണെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ആണവ, മിസൈൽ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അവ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊളംബിയ: അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നത് കൊളംബിയയിലെ ലഹരിമരുന്ന് ലാബുകളിൽ നിന്നാണെന്നായിരുന്നു ട്രംപിന്റെ നിരീക്ഷണം. വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു.

മെക്സിക്കോ: മയക്കുമരുന്ന് കടത്ത് തടയുന്നതിൽ മെക്സിക്കോയ്ക്ക് വീഴ്ച പറ്റിയെന്ന് അമേരിക്ക ആരോപിച്ചു. ഇതിൽ നടപടിയെടുത്തില്ലെങ്കിൽ അമേരിക്ക നേരിട്ട് ഇടപെടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി.

അതേസമയം, ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പൊക്കിയതിന് പിന്നില്‍ വമ്പന്‍ ചതിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയില്‍ കടന്നുകയറി മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം റാഞ്ചിക്കൊണ്ടുപോയിട്ടും വെനസ്വേലന്‍ സൈന്യം നോക്കുകുത്തിയായി നിന്നത് വന്‍ ദുരൂഹതകള്‍ക്കാണ് വഴിമാറുന്നത്. ഈ അവിശ്വസനീയമായ കീഴടങ്ങലിന് പിന്നില്‍ മഡുറോയുടെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായ ഡെല്‍സി റോഡ്രിഗസ് ആണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

താഴ്ന്നുപറന്ന യുഎസ് ഹെലികോപ്റ്ററുകളെ വെറും തോക്കുകള്‍ ഉപയോഗിച്ച് പോലും പ്രതിരോധിക്കാമായിരുന്നിട്ടും വെനസ്വേലന്‍ സൈന്യം ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ല. ഈ 'നിശബ്ദത' വെറുതെയല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ട്രംപ് ഭരണകൂടവുമായി ഡെല്‍സി റോഡ്രിഗസും സഹോദരനും ചേര്‍ന്ന് നടത്തിയ രഹസ്യ ധാരണയുടെ ഫലമായാണ് മഡുറോയെ അമേരിക്കയ്ക്ക് 'വിട്ടുനല്‍കിയത്'. അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍, മഡുറോയെ പടിയിറക്കി പകരം ഭരണം ഏറ്റെടുക്കാനുള്ള നീക്കമാണ് ഡെല്‍സി നടത്തിയതെന്നാണ് വിവരം.

ഒന്നുകില്‍ അധികാരം വിട്ട് വെനസ്വേലയില്‍ തന്നെ തുടരാം, അല്ലെങ്കില്‍ ഖത്തറിലേക്കോ തുര്‍ക്കിയിലേക്കോ നാടുവിടാംഈ രണ്ട് വാഗ്ദാനങ്ങള്‍ അമേരിക്ക മഡുറോയ്ക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ മഡുറോ ഇതിന് വഴങ്ങുന്നതിന് മുന്‍പേ സ്വന്തം സൈന്യത്തെ കൂട്ടുപിടിച്ച് ഡെല്‍സിയും സംഘവും അമേരിക്കയുമായി കരാറിലെത്തി. ഇതിന് പകരമായി ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുകയും ചെയ്തു.

മഡുറോ പിടിയിലായതിന് തൊട്ടുപിന്നാലെ തന്നെ ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റത് സംശയങ്ങളെ ബലപ്പെടുത്തുന്നു. മിയാമി ഹെറാള്‍ഡ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന ഗൂഢാലോചനയുടെ ക്ലൈമാക്‌സ് മാത്രമായിരുന്നു മഡുറോയുടെ ഈ അറസ്റ്റ്. സ്വന്തം വിശ്വസ്തര്‍ തന്നെ ശത്രുപക്ഷവുമായി ചേര്‍ന്ന് കൊടുത്ത പണിയാണ് മഡുറോയുടെ പതനത്തിന് കാരണമെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News