'യുഎസും വെനസ്വേലയും തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങും; വികസനം ലക്ഷ്യമിട്ടുള്ള അജണ്ടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനെ ക്ഷണിക്കുന്നു'; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി അധികാരേേമറ്റതിന് ശേഷം നിലപാട് മയപ്പെടുത്തി ഡെല്‍സി റോഡ്രിഗസ്

'യുഎസും വെനസ്വേലയും തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങും

Update: 2026-01-05 12:41 GMT

കാരക്കാസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കും ഭാര്യയ്ക്കുമെതിരായ യുഎസ് സൈനിക നടപടികളെ തുടര്‍ന്ന് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റു. അധികാരമേറ്റതിന് ശേഷം നയതന്ത്ര വഴിയിലാണ് ഡെല്‍സിയുടെ പ്രതികരണം. രാജ്യം വെല്ലുവിളികളെ പ്രതിരോധിക്കുമെന്ന് ഡെല്‍സി റോഡ്രിഗസും വ്യക്തമാക്കി.

'യുഎസും വെനസ്വേലയും തമ്മില്‍ സന്തുലിതവും പരസ്പരവിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങുന്നതിനാണ് മുന്‍ഗണന നല്‍കുക. കൂട്ടായ വികസനം ലക്ഷ്യമിട്ടുള്ള സഹകരണത്തിനായുള്ള ഒരു അജണ്ടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനെ ക്ഷണിക്കുന്നു,' ഡെല്‍സി റോഡ്രിഗസ് പറഞ്ഞു.

നേരത്തെ ഡെല്‍സി റോഡ്രിഗസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . വെനസ്വേലയുടെ ഭാവി കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ ഡെല്‍സി കനത്ത വില നല്‍കേണ്ടി വരുമെന്നും അത് ചിലപ്പോള്‍ മഡൂറോയ്ക്ക് ലഭിച്ചതിനേക്കാള്‍ വലുതാകാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് മയപ്പെടുത്തുന്ന നിലപാടുമായി ഡെല്‍സി രംഗത്തുവന്നത് .

അതേസമയം, യുഎസ് നടപടി ആഗോള ക്രമത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ലോകം ജാഗ്രത പാലിക്കണമെന്ന് വെനസ്വേലയുടെ പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാഡ്രിനോ ലോപ്പസ് മുന്നറിയിപ്പ് നല്‍കി. 'ഇന്ന് അത് വെനസ്വേലയ്ക്ക് എതിരെ ആയിരുന്നുവെങ്കില്‍ നാളെ അത് ഏതെങ്കിലും സംസ്ഥാനത്തിനോ രാജ്യത്തിനോ എതിരാകാം. വെനസ്വേലയിലെ ജനങ്ങള്‍ സമാധാനം പാലിക്കണം. മറ്റുള്ളവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സൈക്കോളജിക്കല്‍ യുദ്ധം, ഭീഷണികള്‍, ഭയം എന്നീ കെണികളില്‍ വീഴാതിരിക്കാന്‍ വേണ്ടിയാണിണ്. വരും ദിവസങ്ങളില്‍ വെനസ്വേലയിലെ ജനങ്ങള്‍ അവരുടെ സാമ്പത്തിക, തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു,' പാഡ്രിനോ ലോപ്പസ് പറഞ്ഞു.

പ്രസിഡന്റ് മഡൂറോയെയും പ്രഥമ വനിത സിലിയ ഫ്‌ലോറസ് ഡി മഡൂറോയെയും ഉടന്‍ മോചിപ്പിക്കണമെന്നും വെനസ്വേലന്‍ പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. 'വികസനം, സമൃദ്ധി, സ്ഥിരത, ക്രമം എന്നിവയില്‍ ഊന്നിയാണ് വെനസ്വേലയുടെ വിധി മുന്നോട്ടുപോകേണ്ടത്. രാജ്യത്തിന്റെ സൈനികരായ ഞങ്ങള്‍ അത് ഉറപ്പാക്കാന്‍ ഇവിടെ ഉണ്ടാകും. നിങ്ങള്‍ക്ക് കാണാനാകുന്നത് പോലെ, റിപ്പബ്ലിക്കിന്റെ സൈനിക ഉന്നത കമാന്‍ഡ് ഇന്ന് ഐക്യപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ആക്രമണത്തെ നേരിടാന്‍ അവര്‍ ഒരുമിച്ച് നില്‍ക്കും,' വെനസ്വേലയുടെ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതല ഏറ്റെടുത്തത്. പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന് പറയുന്ന ഭരണഘടനയുടെ 233, 234 അനുച്ഛേദങ്ങള്‍പ്രകാരം സുപ്രീംകോടതിയാണ് അവര്‍ക്ക് അധികാരം കൈമാറിയത്. വാഷിങ്ടണുമായി സഹകരിക്കാന്‍ റോഡ്രിഗസ് തയ്യാറായിരിക്കാം എന്നും ട്രംപ് മുമ്പ് സൂചിപ്പിച്ചിരുന്നു.

അഭിമുഖത്തിനിടെ, യുഎസ് ഇടപെടല്‍ നേരിടുന്ന അവസാന രാജ്യം വെനസ്വേല ആയിരിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. 'തീര്‍ച്ചയായും ഗ്രീന്‍ലാന്‍ഡ് ഞങ്ങള്‍ക്ക് ആവശ്യമാണ്. ഡെന്‍മാര്‍ക്കിന്റെ ഭാഗവും നാറ്റോ സഖ്യകക്ഷിയുമായ ഈ ദ്വീപിനെ റഷ്യന്‍, ചൈനീസ് കപ്പലുകള്‍ വളഞ്ഞിരിക്കുന്നു.' എന്നും ട്രംപ് പറഞ്ഞു.

ലിഗ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ഗറില്ലാപോരാളിയുമായ ജോര്‍ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെല്‍സി റോഡ്രിഗസ്. ധനകാര്യം, എണ്ണ എന്നീ വകുപ്പുകളുടെ മന്ത്രികൂടിയായ അവര്‍ 2018-ലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2014-17 കാലത്ത് വിദേശകാര്യമന്ത്രിയായിരുന്നു. മഡുറോ സര്‍ക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി നേരിട്ടിരുന്ന അവരെ മഡുറോയുടെ 'കടുവ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വെനസ്വേലയുടെ എണ്ണവ്യവസായത്തിനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ കൈകാര്യംചെയ്തതിലൂടെയും അവര്‍ ശ്രദ്ധനേടിയിരുന്നു. അമേരിക്കന്‍ അധികൃതര്‍ പറയുന്നതനുസരിച്ച്, നിക്കോളാസ് മഡുറോ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ജയിലില്‍ കഴിയുകയാണ്.

Tags:    

Similar News