ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; 'ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ്' തുടരുന്നു

Update: 2026-01-06 00:46 GMT

ന്യൂയോര്‍ക്ക്്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സാഹസികമായ സൈനിക നീക്കത്തിലൂടെ പിടികൂടി അമേരിക്കയിലെത്തിച്ചു കോടതി നടപടികള്‍ തുടങ്ങി. ലഹരിക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും തിങ്കളാഴ്ച മന്‍ഹാറ്റനിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ച മഡുറോ, താന്‍ നിരപരാധിയാണെന്നും തന്റെ രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റാണെന്നും കോടതിയില്‍ പ്രഖ്യാപിച്ചു.

'ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ്' ജനുവരി മൂന്നിന് പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കസില്‍ നടത്തിയ അതീവ രഹസ്യമായ മിന്നലാക്രമണത്തിലൂടെയാണ് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് മഡുറോയെ പിടികൂടിയത്. കാരക്കസിലെ സൈനികത്താവളത്തിലെ അതീവ സുരക്ഷയുള്ള വസതിയില്‍ നിന്നാണ് ഡെല്‍റ്റ ഫോഴ്‌സ് കമാന്‍ഡോകള്‍ അദ്ദേഹത്തെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തത്. വിമാനവാഹിനി കപ്പലിലും പിന്നീട് ഗ്വാണ്ടനാമോയിലെ നാവിക താവളത്തിലും എത്തിച്ച ശേഷം സൈനിക വിമാനത്തിലാണ് ഇവരെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവന്നത്.

കോടതിയില്‍ അസാന്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ മഡുറോയ്ക്കായി ഹാജരായത് പ്രശസ്ത അഭിഭാഷകന്‍ ബാരി പൊള്ളാക്കാണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ജയില്‍ മോചിതനാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അഭിഭാഷകനാണ് ഇദ്ദേഹം. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്നും അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ മഡുറോയെ വെനസ്വേലയുടെ ഔദ്യോഗിക പ്രസിഡന്റായി അമേരിക്ക അംഗീകരിക്കുന്നില്ല എന്നതിനാല്‍ ഈ വാദം കോടതി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണമേറ്റെടുത്ത് അമേരിക്ക വെനസ്വേലയില്‍ പുതിയ ഭരണകൂടം നിലവില്‍ വരുന്നത് വരെ രാജ്യം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ എണ്ണ വ്യാപാരം ഇനി അമേരിക്കന്‍ കമ്പനികള്‍ വഴി പുനരുദ്ധരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മഡുറോയെ തട്ടിക്കൊണ്ടുപോയത് എണ്ണ സമ്പത്ത് കൈക്കലാക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശ്രമമാണെന്ന് വെനസ്വേലയുടെ ഇടക്കാല ഭരണകൂടം ആരോപിച്ചു.

ന്യൂയോര്‍ക്കിലെ കോടതി പരിസരത്ത് മഡുറോയെ അനുകൂലിച്ചും പ്രതികൂലിച്ചും വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ലഹരി ഭീകരവാദം, കൊക്കെയ്ന്‍ കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് ആജീവനാന്ത തടവ് വരെ ലഭിച്ചേക്കാം.

Tags:    

Similar News