വര്‍ക്ക് പെര്‍മിറ്റിലോ സ്റ്റുഡന്റ് വിസയിലോ യുകെയില്‍ താമസിക്കുന്നവര്‍ ഇനി കൂടുതല്‍ ജാഗ്രത കാണിക്കുക; റിഫോം യുകെ പേടിയില്‍ കുടിയേറ്റ നിയമം പരിഷ്‌കരിക്കുമ്പോള്‍ കുറ്റക്കാരനെന്ന് തെളിയും വരെ കാത്തിരിക്കില്ല: നിസ്സാര കുറ്റങ്ങള്‍ക്കും നാട് കടത്തല്‍

Update: 2025-05-11 01:26 GMT

ലണ്ടന്‍: ബ്രിട്ടനില്‍ റിഫോം യു കെ പാര്‍ട്ടിയുടെ തേരോട്ടം തടയുവാന്‍ അവരേക്കാള്‍ കൂടുതല്‍ തീവ്രമായ കുടിയേറ്റ വിരുദ്ധതയിലേക്ക് കടന്നിരിക്കുകയാണ് ലേബര്‍ സര്‍ക്കാര്‍. ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന നിയമമനുസരിച്ച്, കുടിയേറ്റക്കാര്‍ എന്ത് കുറ്റം ചെയ്താലും ഉടനടി അവരെ നാടുകടത്താന്‍ കഴിയും. നിലവിലെ നിയമമനുസരിച്ച് വിദേശികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അക്കാര്യം ഹോം ഓഫീസിനെ അറിയിക്കും. ചുരുങ്ങിയത് ഒരുവര്‍ഷം തടവെങ്കിലും ലഭിച്ചവരെ മാത്രമെ നാടുകടത്തുന്ന കാര്യം ആലോചിക്കുകയുള്ളു.

എന്നാല്‍, നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണി നേരിടാനായി കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. ഇപ്പോള്‍, ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ രൂപപ്പെടുത്തുന്ന പുതിയ നിയമം അനുസരിച്ച് വിദേശ കുറ്റവാളികളെ നാടുകടത്തുന്നതിന് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ അധികാരം ലഭിക്കും. കുടിയേറ്റക്കാര്‍ക്ക്, മോഷണം, കത്തിക്കുത്ത്, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടാതിരിക്കാന്‍ സഹായിക്കുന്ന, നിയമത്തിലെ ചില പഴുതുകള്‍ അടയ്ക്കുക എന്നതാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ പ്രസിദ്ധീകരിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട ധവള പത്രത്തില്‍ ഇക്കാര്യവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ റിഫോം യു കെ അപ്രതീക്ഷിതമായ കുതിച്ചു ചാട്ടം നടത്തിയതിനെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കുടിയേറ്റ നയത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്നലെ പുറത്തു വിട്ട ഒരു അഭിപ്രായ സര്‍വ്വേ ഫലത്തില്‍, കുടിയേറ്റത്തെ തീവ്രതയോടെ എതിര്‍ക്കുന്ന റിഫോം യു കെ പാര്‍ട്ടി ലേബര്‍ പാര്‍ട്ടിയേക്കാള്‍ പത്ത് പോയിന്റുകള്‍ക്ക് മുന്നിലാണ്.

പൊതുജനങ്ങളുടെ അതൃപ്തി മനസ്സിലാക്കി കുടിയെറ്റം നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരണം എന്ന അഭിപ്രായം ആദ്യം ഉയര്‍ത്തിയത് യുവറ്റ് കൂപ്പര്‍ തന്നെയായിരുന്നു. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയം നേരിട്ടതിന് പ്രധാന കാരണം ഈ നയമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള ഈ നിര്‍ദ്ദേശത്തെ റിഫോം യു കെ സ്ഥാപക നേതാവ് നെയ്ജല്‍ ഫരാജ് പുച്ഛിച്ചു തള്ളി.

വിവിധ സര്‍ക്കാരുകളില്‍ നിന്നും ഇത്തരം വാഗ്ദാനങ്ങള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുണ്ടെന്നും, അവ ഒന്നും തന്നെ ഫലത്തില്‍ കണ്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

യുകെ, കുടിയേറ്റം

Similar News