ട്രംപ് പേടിയില്‍ അമേരിക്കന്‍ പൗരത്വമുള്ള ഇസ്രായേലി പട്ടാളക്കാരനെ വിട്ടുകൊടുക്കാന്‍ സ്വയം തയ്യാറായി ഹമാസ്; നാലു തടവുകാരുടെ മൃതദേഹവും വിട്ടു നല്‍കും; ചര്‍ച്ചകള്‍ മുടങ്ങിയതോടെ മറ്റൊരു വഴിയുമില്ലാതെ വെള്ളം കുടിച്ച് ഹമാസ്; ട്രംപ് സൗദിക്ക് പോകും മുന്‍പ് എടുത്ത് ചാടി ഇറങ്ങിയത് എങ്ങനെങ്കിലും പ്രശ്നം തീര്‍ക്കാന്‍

Update: 2025-05-12 04:09 GMT

ജെറുസലേം: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടവും പ്രസിഡന്റായി വന്നതോടെ ഹമാസ് തീവ്രവാദികള്‍ ഭീതിയിലാണ്. എങ്ങനെയങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പൊരിഞ്ഞ ശ്രമമാണ് അവര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കും അമേരിക്കന്‍ പൗരത്വമുള്ള ഇസ്രയേലി പട്ടാളക്കാരനെ വിട്ടുകൊടുക്കാന്‍ അവര്‍ ഇപ്പോള്‍ സ്വയം തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.

നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാനും അവര്‍ സമ്മതിച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ കൂടി മുടങ്ങിയതോടെ ശരിക്കും വെള്ളം കുടിക്കുകയാണ് ഹമാസ് നേതൃത്വം. ട്രംപ് ചര്‍ച്ചകള്‍ക്കായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് എങ്ങനെയും പ്രശ്നം പരഹിഹരിക്കാനാണ് അവരുടെ നീക്കം. ഇസ്രായേലുമായി വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനായി, ജീവിച്ചിരിക്കുന്ന അവസാനത്തെ അമേരിക്കന്‍ ബന്ദിയെയും മോചിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. ഇസ്രായേലി-അമേരിക്കന്‍ പൗരത്വമുള്ള സൈനികനായ എഡാന്‍ അലക്സാണ്ടറിന്റെ മോചനം ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് സഹായകരമാകും എന്നാണ് ഹമാസ് കരുതുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇയാളെ സൈനിക ക്യാമ്പില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്. സൈനികനെ എന്നാണ് മോചിപ്പിക്കുന്നത് എന്ന കാര്യം ഹമാസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ നാളെ തന്നെ ഇയാളെ മോചിപ്പിക്കും എന്നാണ് ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്. രണ്ട് മാസം മുമ്പ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞത് എഡാന്‍ അലക്സാണ്ടറിന്റെ മോചനത്തിന് മുന്‍ഗണന നല്‍കും എന്നായിരുന്നു. അതേ സമയം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം ഇപ്പോഴും തുടരുകയാണ്. ഹമാസുമായി നടത്തുന്ന ചര്‍ച്ചകളിലെ മധ്യസ്ഥനായ ആദം ബോഹ്ലറും സംഭാഷണങ്ങളില്‍ സൈനികന്റെ മോചനത്തിന്റെ കാര്യം ശക്തമായി തന്നെ ഉന്നയിച്ചിരുന്നു. ഹമാസിന്റെ പ്രഖ്യാപനം മികച്ച ചുവടുവെയ്പാണെന്ന് ബോഹ്ളറും വ്യക്തമാക്കി. ട്രംപ് ഈയാഴ്ച മധ്യപൂര്‍വേഷ്യ സന്ദര്‍ശിക്കുകയാണ്. എന്നാല്‍ അദ്ദേഹം ഇസ്രയേലിലേക്ക് സന്ദര്‍ശനം നടത്തുന്നില്ല.

ഹമാസ് അലക്സാണ്ടറിനെ മോചിപ്പിക്കുന്നത് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിലേക്ക് വഴിതെളിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ ദിവസങ്ങളായി അമേരിക്കന്‍ ഭരണകൂടവുമായി തങ്ങള്‍ നിരന്തരമായി ബന്ധപ്പെട്ട് വരികയാണെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുക, ഗാസയിലെ പലസ്തീന്‍ തടവുകാരെയും ബന്ദികളെയും കൈമാറുക, ഗാസയിലെ അധികാരം സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര സംഘടനയ്ക്ക് കൈമാറുക എന്നിവ ഉള്‍പ്പെടുന്ന ഒരു ദീര്‍ഘകാല വെടിനിര്‍ത്തലിനുള്ള അന്തിമ കരാറിലെത്താന്‍ ഹമാസ് ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് അല്‍-ഹയ്യ പ്രസ്താവനയില്‍ പറഞ്ഞു.

എഡാന്‍ അലക്സാണ്ടര്‍ കരഞ്ഞു കൊണ്ട് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ഈയിടെ ഹമാസ് പുറത്തു വിട്ടിരുന്നു. ഗാസയില്‍ ഉണ്ടായിരുന്ന 59 ബന്ദികളില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചരിപ്പുള്ളത് എന്നാണ് കരുതപ്പെടുന്നത്.

Similar News