അമേരിക്കന്‍ പതാക പാറിച്ച് തുള്ളിച്ചാടി കുട്ടികള്‍; അല്‍- അയാല ഹെയര്‍ ഫ്ളിപ് ഡാന്‍സുമാരയി സുന്ദരികള്‍; സൗദില്‍ നിന്ന് യുഎഇയില്‍ എത്തിയ ട്രംപിന് ഒരു രക്ഷയുമില്ലാത്ത സ്വീകരണം ഒരുക്കി യുഎഇ; ഇറാനെ പാഠം പഠിപ്പിക്കുമെന്നും ഗസ്സ ഏറ്റെടുക്കുമെന്നും അറബ് നാട്ടിലെത്തി പ്രഖ്യാപിച്ച് സ്വീകരണം ഏറ്റുവാങ്ങി അമേരിക്കന്‍ പ്രസിഡന്റ്

Update: 2025-05-16 03:39 GMT

ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി യുഎഇയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചത് രാജകീയ വരവേല്‍പ്പ്. അബുദാബി വിമാനത്താവളത്തില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിച്ചത്. യുഎഇ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തി ട്രംപിന്റെ വിമാനത്തെ വരവേറ്റു. അമേരിക്കന്‍ പതാക വഹിച്ച നിരവധി കുട്ടികള്‍ ട്രംപിനെ വരവേല്‍ക്കാനായി എത്തിയിരുന്നു. അല്‍-അയാല ഹെയര്‍ ഫ്ളിപ്പ് ഡാന്‍സുമായി സുന്ദരികളും അണിനിരന്നു. തനിക്ക് ലഭിച്ച സ്വീകരണം ഏറെ ഇഷ്ടപ്പെട്ടതായി ട്രംപ് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മധ്യപൂര്‍ഷ്യയിലെ രാജ്യങ്ങളുമായി നിരവധി ട്രില്യണ്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതിന് കൂടിയാണ് ട്രംപ് യു.എ.ഇയിലും എത്തിയത്. ചരിത്രപരമായ നിരവധി നിക്ഷേപങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ നേടിയെടുത്തതായി ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്ക ഒരു ചൂടന്‍ രാജ്യമാണെന്നും ട്രംപ് വ്യക്തമാക്കി. അത്താഴവിരുന്നിനായി പോകുന്നതിന് മുമ്പ് യു.എ.ഇ സര്‍ക്കാരിന്റെ വകയായി അദ്ദേഹത്തിന് ഒരു സ്വര്‍ണമാലയും സമ്മാനിച്ചു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ട്രംപിനൊപ്പം അമേരിക്കയിലെ ക്യാബിനറ്റംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ടായിരുന്നു. യു.എ.ഇയുടേത് അതിശയിപ്പിക്കുന്ന സംസ്‌ക്കാരമാണെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍മ്മിത ബുദ്ധി, റിയല്‍ എസ്റ്റേറ്റ് മേഖയിലെ നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.അമേരിക്കയില്‍നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ യുഎഇയിലേക്ക് ഇറക്കുമതിചെയ്യുന്നത് സംബന്ധിച്ചും കരാറുണ്ടാക്കും. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് അബുദാബിയിലെത്തിയത്. രണ്ടുദിവവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി, അമേരിക്കന്‍ പ്രസിഡന്റ് ഇന്ന് തിരിച്ചുപോകും. യു.എ.ഇ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ആണ് ഡൊണാള്‍ഡ് ട്രംപ്. 2008-ല്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ആണ് ഇതിനുമുന്‍പ് രാജ്യം സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്. അതേസമയം യുദ്ധം കാരണം താറുമാറായ ഗാസയെ സ്വതന്ത്രമേഖലയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഖത്തറിലെ ദോഹയില്‍ പ്രമുഖ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച രാജ്യം കൂടിയാണ് ഖത്തര്‍. ഗാസയെ മിഡില്‍ ഈസ്ററിലെ റിവേരയാക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ നേരത്തേ പല അറബ് രാജ്യങ്ങളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവിടെ താമസിക്കുന്ന ഫലസ്തീന്‍ പൗരന്‍മാരെ എവിടെ മാറ്റിപ്പാര്‍പ്പിക്കും എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടിയും നല്‍കിയിരുന്നില്ല. ട്രംപിന്റെ റിവേര എന്ന ആശയത്തെ എതിര്‍ത്തവരില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉള്‍പ്പെടുന്നു. എന്നാല്‍ ഖത്തറില്‍ പ്രസംഗവേളയില്‍ ട്രംപ് പറഞ്ഞത് അമേരിക്കക്ക് ഗാസയെ ലഭിക്കുന്ന കാര്യം ഏറെ സന്തോഷകരമാണെന്നാണ്.

ട്രംപിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് മുമ്പ് ഹമാസ് അവസാനത്തെ ജീവിച്ചിരിക്കുന്ന ഇസ്രായേലി-അമേരിക്കന്‍ ബന്ദിയായ എഡാന്‍ അലക്സാണ്ടറെ വിട്ടയച്ചിരുന്നു. ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് അമേരിക്കയിലേക്ക് ട്രംപ് മടങ്ങുമെന്നാണ് കരുതപ്പെടുന്നത് എങ്കിലും റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അദ്ദേഹം തുര്‍ക്കിയിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇതു വരെ സ്ഥീരീകരിച്ചിട്ടില്ല.

അതേ സമയം ഖത്തറില്‍ നിന്ന് യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് ഇറാനുമായുള്ള ആണവ കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി സൂചിപ്പിച്ചു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചാല്‍ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News