കെയറര്‍ വിസ നിരോധിച്ചാല്‍ നഴ്സിംഗ് ഹോമുകള്‍ പൂട്ടും... വൃദ്ധ ജനത പെരുവഴിയില്‍ ആവും; പാതിയോളം വിദേശ നഴ്സുമാര്‍ യുകെ വിടാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആര്‍സിഎന്‍: പുതിയ കുടിയേറ്റ നിയമം വഴി ബ്രിട്ടന്‍ പണി ചോദിച്ചു വാങ്ങിയേക്കും

Update: 2025-05-16 03:49 GMT

ലണ്ടന്‍: പുതിയ കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ ബ്രിട്ടന്‍ പണി ചോദിച്ചു വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമ മാറ്റങ്ങള്‍ ഉണ്ടാകുന്ന അനിശ്ചിതത്വം മൂലം വിദേശ നഴ്സുമാര്‍ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് അവസരം തേടി പോയേക്കുമെന്നാണ് ആര്‍സിഎന്‍ പഠന റിപ്പോര്‍ട്ട്. കെയറര്‍ വിസ നിരോധനത്തെ തുടര്‍ന്ന് നഴ്സിംഗ് ഹോമുകള്‍ പൂട്ടി വൃദ്ധ ജനങ്ങള്‍ തെരുവിലാകുമെന്നു ആശങ്ക പുറത്ത് വന്നതിനു പിന്നാലെയാണ് ആര്‍സിഎന്നിന്റെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്.

അതിനിടയില്‍, വിദേശ കെയറര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കാനുള്ള നീക്കം സൊഷ്യല്‍ കെയര്‍ മേഖലയെ തകര്‍ക്കുമെന്ന് കെയര്‍ ഹോം മാനേജരായ മെഗ് ജോണ്‍സ് പറയുന്നു. രോഗികളായ 58 അന്തേവാസികളെ പരിപാലിക്കുന്ന കേംബ്രിഡ്ജ്ഷയര്‍, വിസ്‌ബെക്കിലെ റോസ് ലോഡ്ജ് കെയര്‍ ഹോം മാനേജരാണ് മെഗ് ജോണ്‍സ്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി വിദേശത്തു നിന്നും കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് വരുന്ന നാല് വര്‍ഷക്കാലം കൊണ്ട് കാര്യമായി കുറയ്ക്കുമെന്ന് കഴിഞ്ഞതിങ്കളാഴ്ചയായിരുന്നു സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്.

ഇത് സംഭവിച്ചാല്‍, വിദേശ കെയറര്‍മാരെ കൂടുതലായി ആശ്രയിക്കുന്ന കെയര്‍ഹോമുകള്‍ പൂട്ടേണ്ട അവസ്ഥ വരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. തന്റെ കെയര്‍ഹോമിലെ ജീവനക്കാരില്‍ 25 ശതമാനത്തോളം വിദേശ തൊഴിലാളികളാണെന്ന് പറഞ്ഞ മെഗ് ജോണ്‍സ് പക്ഷെ മറ്റ് പല കെയര്‍ ഹോമുകളിലും വിദേശ തൊഴിലാളികളുടെ അനുപാതം ഇതിലും കൂടുതലാണെന്നും പറയുന്നു. ക്ലേശമേറിയ ജോലി ആയതിനാലും, ദൈര്‍ഘ്യമേറിയ തൊഴില്‍ സമയമുള്ളതിനാലും, പലപ്പോഴും വാരാന്ത്യങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുമെന്നതിനാലും ബ്രിട്ടീഷുകാര്‍ക്ക് ഈ തൊഴിലിനോട് വലിയ ആഭിമുഖ്യമില്ലെന്നത് വാസ്തവമാണെന്നും അവര്‍ അറയുന്നു.

അതിനിടയിലാണ്, വിദേശ നഴ്സുമാര്‍ ബ്രിട്ടന്‍ വിട്ട് മറ്റു രാജ്യങ്ങളില്‍ കുടിയേറാന്‍ ശ്രമിക്കുകയാണെന്ന ആര്‍ സി എന്‍ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. കുറഞ്ഞ വേതനവും, തൊഴിലിടത്തെ ഉയര്‍ന്ന സമ്മര്‍ദ്ദവും മൂലം നാടുവിടാന്‍ ഒരുങ്ങുന്ന നഴ്സുമാര്‍ക്ക്, അത് എത്രയും പെട്ടെന്ന് ആക്കാന്‍ മാത്രമെ സ്റ്റാര്‍മറുടെ നടപടി സഹായിച്ചിട്ടുള്ളു എന്ന് ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്സുമാരുടെ ജീവിതം കൂടുതല്‍ ക്ലേശകരമാക്കുന്നതാണ് ലേബര്‍ സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയം എന്നും അവര്‍ ആരോപിച്ചു.

റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത വിദേശ നഴ്സുമാരില്‍ 42 ശതമാനം പേര്‍ പറഞ്ഞത് അവര്‍ ബ്രിട്ടന്‍ വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നാണ്.അതില്‍ 70 ശതമാനം പേര്‍ കാരണമായി പറഞ്ഞത് വേതനത്തെയാണെങ്കിലും 40 ശതമാനം പേര്‍ പറഞ്ഞത് സര്‍ക്കാരിന്റെ കുടിയേറ്റ നയവും തങ്ങള്‍ക്ക് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ്.

ഇത്തരത്തില്‍ ബ്രിട്ടന്‍ വിട്ട് പോകാന്‍ ആലോചിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ നാടുവിടുന്നത് പക്ഷെ എന്‍ എച്ച് എസ്സിന് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അത്ര ചെറുതായിരിക്കില്ല. സര്‍ക്കാരിന്റെ നയം ബ്രിട്ടീഷ് ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്തെ പ്രമുഖരും മുന്നറിയിപ്പ് നല്‍കുന്നു

Similar News