ഇംഗ്ലീഷ് അറിയില്ല.. യുകെയിലെ വാര്‍ത്തകളും അറിയില്ല.. ആകെ ആശങ്ക ഇന്ത്യ-പാക് സംഘര്‍ഷത്തെ കുറിച്ച്; ബ്രിട്ടനെ അറിയാതെ യുകെയില്‍ ജീവിക്കുന്നവരുടെ എണ്ണം പെരുകുന്നു; ആധുനിക മുസ്ലിം ഭൂരിപക്ഷ ബ്രിട്ടീഷ് പ്രദേശങ്ങളുടെ കഥകളുമായി മാധ്യമങ്ങള്‍
ലണ്ടന്‍: കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞ കാരണങ്ങളില്‍ ഒന്ന് ബ്രിട്ടന്‍ അപരിചിതരുടെ ഒരു ദ്വീപായി മാറുന്നു എന്നാണ്. ബ്രിട്ടീഷ് സംസ്‌കാരവും പൈതൃകവും, എന്തിനധികം, ഭാഷപോലും അറിയാത്തവര്‍ പലയിടങ്ങളിലും ഭൂരിപക്ഷമായി മാറുമ്പോള്‍ ആ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് മെയില്‍ ഓണ്‍ലൈനിലും വന്നിരിക്കുന്നത്. ലങ്കാഷയര്‍, നെല്‍സണിലെ സാഹചര്യം വിവരിച്ചുകൊണ്ടാണ്, അപരിചിതരുടെ ദ്വീപായി മാറുന്ന ബ്രിട്ടന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം വിവരിക്കുന്നത്.
ലീഡ്ശ്- ലിവര്‍പൂള്‍ കനാലിനോട് ചേര്‍ന്ന് കിടക്കുന്നതിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വ്യാവസായിക വിപ്ലവകാലത്ത് വളര്‍ന്ന് വന്ന ഒരു പട്ടണമാണ് നെല്‍സണ്‍, പരുത്തിനൂല്‍ വ്യവസായത്തിനും ബേക്കറി പലഹാര നിര്‍മ്മാണത്തിനും ഒരു കാലത്ത് പേരുകേട്ട ഇടമായിരുന്നു ഇത്. എന്നാല്‍, ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു കാര്യത്തിനാണ് അറിയപ്പെടുന്നത്. നെല്‍സണ്‍ ഉള്‍പ്പെടുന്ന പെന്‍ഡില്‍ ബറോ കൗണ്‍സിലാണ്‍ ഇന്ന് യു കെയില്‍ ഇംഗ്ലീഷ് മര്യാദക്ക് സംസാരിക്കാനറിയാത്ത, അല്ലെങ്കില്‍ തീരെ സംസാരിക്കാന്‍ അറിയാത്ത ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന ലോക്കല്‍ കൗണ്‍സില്‍ ഏരിയ.
എല്ലാ പ്രായക്കാരെയും പരിഗണിക്കുമ്പോള്‍ ഇവിടെയുള്ളവരില്‍ 10.5 ശതമാനം പേര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചില ലണ്ടന്‍ ബറോകളും ഇതിനടുത്ത് എത്തിയിട്ടുണ്ട്. ന്യൂഹാമില്‍ 9.4 ശതമാനം ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരുള്ളപ്പോള്‍, ബ്രെന്റില്‍ 8.5 ശതമാനം പേര്‍ക്കും, ഹാരിംഗേയില്‍ 8.2 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല. പ്രധാന ഭാഷ ഇംഗ്ലീഷ് അല്ലാത്തവരുടെ എണ്ണത്തിലും പെന്‍ഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആ വിഭാഗത്തില്‍ പെടുന്നവരില്‍ 38 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് നേരാംവണ്ണം സംസാരിക്കാന്‍ അറിയില്ല. അവരില്‍ ഭൂരിഭാഗവും താമസിക്കുന്നത് നെല്‍സണിലാണു താനും.
പട്ടണ ഹൃദയത്തിലെ, ചില വാര്‍ഡുകളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ വംശജരാണ്. ഇവരില്‍ പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല എന്നതാണ് വാസ്തവം. ഈ പ്രതിസന്ധി മറികടക്കുവാനാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍, ഇപ്പോള്‍ ഏത് ഇമിഗ്രേഷന്‍ റൂട്ടിലൂടെയും യു കെയില്‍ എത്തുവാന്‍ അറിഞ്ഞിരിക്കേണ്ട ഇംഗ്ലീഷ് ഭാഷയുടെ നിലവാരം ഉയര്‍ത്തിയത്. ബ്രിട്ടന്‍ പൂര്‍ണ്ണമായും അപരിചിതരുടെ ഒരു ദ്വീപായി മാറാതിരിക്കാനുള്ള ഒരു മുന്‍ കരുതല്‍ എന്ന് പറയാം.
1950 കളിലും 60 കളിലും ഉണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുവാന്‍ മില്‍ ഉടമകളായിരുന്നു അന്ന് പാകിസ്ഥാനില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്നത്. ഇതാണ് ഇവിടത്തെ ജനസംഖ്യാ ഘടന മാറ്റി മറിച്ചത്. 2011 ലെ സെന്‍സസ് പ്രകാരം 57.8 ശതമ്‌നാനം വെള്ളക്കാരുള്ള ഈ പട്ടണത്തില്‍ 40.4 ശതമാനത്തോളം ഏഷ്യന്‍ വംശജരാണ്. അവരില്‍ ഭൂരിഭാഗവും പാക് വംശജരും. എന്നാല്‍, ഒരു പതിറ്റാണ്ടിനിപ്പുറം 2021 ല്‍ നടന്ന സെന്‍സസ് പ്രകാരം ഏഷ്യാക്കാരുടെ എണ്ണം 51.6 ആയി ഉയര്‍ന്നു. വെള്ളക്കാര്‍ ഇവിടെ 43 ശതമാനമായി ചുരുങ്ങുകയും ചെയ്തു.
ഇവിടെയുണ്ടായിരുന്ന വെള്ളക്കാരില്‍ പലരും മറ്റു പലയിടങ്ങളിലേക്ക് മാറിപ്പോവുകയാണ് ഉണ്ടായത്.കൂടുതല്‍ പേരും പെന്‍ഡില്‍ താഴ്വാരത്തിന്റെ മുകളിലേക്കുള്ള മാഴ്സ്‌ഡെനിലേക്കാണ് പോയത്. ഇതോടെ പട്ടണ ഹൃദയത്തിലൂടെ കടന്നു പോകുന്ന പ്രധാന പാതകളുടെ ഇരുവശത്തുമായി ജനങ്ങള്‍ വംശീയാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്ന അവസ്ഥ വന്നു. ഇന്ന് നെല്‍സണ്‍ പട്ടണത്തിലൂടെ ഒരു കാല്‍ നടയാത്ര ചെയ്താല്‍ അധികമായി കേള്‍ക്കുന്ന ഭാഷകള്‍ പഞ്ചാബിയും ഉറുദുവുമാണ്. റെസ്റ്റോറന്റുകളില്‍ കൂടുതലായി ലഭിക്കുക പാക് പരമ്പരാഗത ഭക്ഷണങ്ങളായിരിക്കും. ഒരു കാലത്ത് ജീവന്‍ തുടിച്ചു നിന്നിരുന്ന വ്യവസായിക നഗരമായിരുന്ന നെല്‍സന്റെ വര്‍ത്തമാനകാല അവസ്ഥ ഇതാണ്.