റഷ്യയും യുക്രെയ്‌നും തമ്മില്‍ ഉടന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും; പുട്ടിനുമായി രണ്ട് മണിക്കൂര്‍ ഫോണല്‍ സംസാരിച്ച് ട്രംപ്; യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന ചുവടാണ് ഇനിയുള്ള ചര്‍ച്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ്
വാഷിങ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മില്‍ ഉടന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിനുമായി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന ചുവടാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് വിശദമാക്കി. ഇക്കാര്യത്തില്‍ പുട്ടിനുമായി ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ഫോണ്‍ ചര്‍ച്ചയാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രെയ്നുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കിയതായും ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിന് പുടിന്‍ നന്ദി പറഞ്ഞതായുമായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് നിര്‍ണായകമായ ഒരു നിമിഷമാണെന്നാണ് സെലന്‍സ്‌കി ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ പുടിന്‍ തയ്യാറാണെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ്, ഫിന്‍ലണ്ട് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ചര്‍ച്ചയില്‍ അനുകൂല നിലപാടാണ് റഷ്യക്കുള്ളതെന്ന് വ്യക്തമാക്കിയെങ്കിലും തുടര്‍ ചര്‍ച്ചകളെ കുറിച്ച്് ട്രംപ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയില്ല. അതേ സമയം ട്രംപ് ചൂണ്ടിക്കാട്ടിയത് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ പോലും ചര്‍ച്ചകളില്‍ മധ്യസ്ഥനാകാന്‍ തയ്യാറായ കാര്യമാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേണമെങ്കില്‍ വേദിയാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മില്‍ വലിയ തോതിലുള്ള വ്യാപാര ബന്ധത്തിനുള്ള സാധ്യതകള്‍ കാണുന്നതായും ട്രംപ് വ്യക്തമാക്കി. 2022 ല്‍ യുക്രൈനെ ആക്രമിച്ചതിന് അമേരിക്ക റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യയുടേയും യുക്രൈനിന്റെയും ഉദ്യോഗസ്ഥര്‍ ആദ്യവട്ടം തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഉന്നതതല ചര്‍ച്ചകള്‍ ആരംഭിക്കുക എന്നും ട്രംപ് അറിയിച്ചു. പുട്ടിനുമാിയ നടത്തിയ ചര്‍ച്ച ഊഷ്മളമായിരുന്നു എന്നും വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ റഷ്യയും യുക്രൈനും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
ട്രംപുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു എന്ന് പുട്ടിനും വ്യക്തമാക്കിയ സ്ഥിതിക്ക് എത്രയും വേഗം തന്നെ വെടിനിര്‍ത്തലിന് കളം ഒരുങ്ങും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തേ ഓരോ ആഴ്ചയിലും ഇരു രാജ്യങ്ങളിലും നിന്നുള്ള അയ്യായിരത്തോളം സൈനികര്‍ കൊല്ലപ്പെടുന്ന കാര്യം ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.