നികുതി വര്‍ധനയുടെ കാര്യത്തില്‍ തര്‍ക്കം മൂക്കുന്നു; ചാന്‍സര്‍ലര്‍ക്കെതിരെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം; അവസരം മുതലെടുത്ത് ഉപപ്രധാനമന്ത്രി ആഞ്ചേല റെയ്‌നര്‍; ബോറിസിനെ ഋഷി അട്ടിമറിച്ചതുപോലെ നീക്കങ്ങള്‍ ശക്തം; ബ്രിട്ടണില്‍ പ്രധാനമന്ത്രി മാറുമോ?
ലണ്ടന്‍: ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലാപം മുറുകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയായിരുന്നു ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നാര്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സാമ്പത്തിക നയങ്ങളെ അതിനിശിതമായി വിമര്‍ശിച്ചത്. ഏറെ വൈകാതെ തന്നെ ഫ്യുവല്‍ പേയ്‌മെന്റ്‌സ് എടുത്തുകളഞ്ഞ നടപടിയില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ മലക്കം മറഞ്ഞു. അടുത്ത ബജറ്റില്‍ പുതിയ പദ്ധതി വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതല്‍ തന്നെ സ്റ്റാര്‍മര്‍ സര്‍ക്കാരിനെ നയിച്ചിരുന്ന തന്ത്രങ്ങള്‍ എല്ലാം മൂന്ന് തത്ത്വങ്ങളില്‍ അധിഷ്ഠിതമായിട്ടായിരുന്നു. അതില്‍ ആദ്യത്തേത്, 2030 ആകുമ്പോഴേക്കും പൊതു ചെലവുകള്‍ വരുമാനത്തിന് തുല്യമോ അതല്ലെങ്കില്‍ വരുമാനം കൂടുതലോ ആയിരിക്കണം എന്നതായിരുന്നു. എന്നാല്‍, ലേബര്‍ പാര്‍ട്ടിയിലെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്, ഈ നയം തിരുത്തപ്പെടും എന്നാണ്. ആ മാറ്റത്തിന്റെ ആദ്യ സൂചനയാണ് വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ നിഴലിച്ചത് എന്നും അവര്‍ പറയുന്നു.
രണ്ടാമത്തെ തത്ത്വം, ചാന്‍സലറുടെ തന്നെ വാക്കുകളാണ്, ഇനിയും നികുതി വര്‍ദ്ധനവ് ഉണ്ടാകില്ല എന്നത്. എന്നാല്‍, ഇപ്പോള്‍ ഈ നയത്തില്‍ നിന്നും സര്‍ക്കാര്‍ മലക്കം മറിഞ്ഞേക്കുമെന്നാണ് അറിയുന്നത്. വരുന്ന ബജറ്റില്‍ നികുതി വീണ്ടും വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയിലെ പല എം പിമാരും ഇനിയും പൊതു ചെലവ് വെട്ടിക്കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ല., അവര്‍ക്ക് നേതൃത്വം നല്‍കി ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നാര്‍ മുന്നിലുണ്ട്. ഇതോടെ നികുതി വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ചാന്‍സലര്‍ക്ക് മുന്‍പില്‍ ഇല്ലെന്ന് അവര്‍ പറയുന്നു.
കൂടുതല്‍ നികുതി ചുമത്തുകയും, അത് ചെലവഴിച്ച് ജീവിത നിലവാരവും, പൊതു സേവനങ്ങളും മെച്ചപ്പെടുത്താനും കഴിയില്ലെന്ന റീവ്‌സിന്റെ തന്നെ വാക്കുകളാണ് ലേബര്‍ സര്‍ക്കാരിന്റെ നയങ്ങളെ താങ്ങി നിര്‍ത്തുന്ന മൂന്നാമത്തെ തത്ത്വം. എന്നാല്‍, ഇപ്പോള്‍ ഇത് ആവശ്യമായി വന്നിരിക്കുകയാണ്. റേച്ചല്‍ റീവ്‌സ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏതാണ്ട് ഒറ്റപ്പെട്ടിരിക്കുന്നു എന്ന സൂചനയും പുറത്തു വരുന്നുണ്ട്. അതുകൊണ്ടു തന്നെ നയം മാറ്റാനും അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് ഇതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളഞ്ഞേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
അതിനിടയില്‍ പ്രധാാനമന്ത്രിക്കെതിരെ ഉപപ്രധാനമന്ത്രി ഒരു അട്ടിമറി നീക്കത്തിന് ശ്രമിക്കുകയാണെന്ന അടക്കം പറച്ചിലുകളും ഉണ്ട്. സര്‍ക്കാരിനുള്ളില്‍, ഒരു മദ്ധ്യ- ഇടത് ചിന്താസരണി വളര്‍ത്തിയെടുക്കാന്‍ ഒരു സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെയ്നാറിന്റെ അനുയായികള്‍ തങ്ങളെ സമീപിച്ചതായി ചില മുതിര്‍ന്ന ലേബര്‍ നേതാക്കള്‍ പറയുന്നു. റെയ്നാറിന്റെ പുരുഷ സുഹൃത്തും മുന്‍ ലേബര്‍ എം പിയുമായ സാം ടാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പദ്ധതി, റെയ്നറെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തിക്കാനുള്ള നീക്കമായി കരുതപ്പെടുന്നു. എന്നാല്‍, അത്തരം വാര്‍ത്തകളൊക്കെ ഊഹോപോഹങ്ങള്‍ മാത്രമാണെന്നാണ് റെയ്നറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍, തന്റെ ഇടതുപക്ഷ അജണ്ടകള്‍ നടത്തിയെടുക്കാന്‍ റെയ്നര്‍ പ്രധാനമന്ത്രിയുമായും ചാന്‍സലറുമായും ഒരു യുദ്ധം ആരംഭിച്ചതായി ചില സൂചനകളും വരുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ ഒരു മെമോയില്‍, പണം മിച്ചംപിടിക്കുന്നവര്‍ക്കും, ഉയര്‍ന്ന വരുമാനക്കാര്‍ക്കും മേല്‍ കൂടുതല്‍ നികുതി ചുമത്തണമെന്ന് അവര്‍ ചാന്‍സലോറ് ആവശ്യപ്പെടുന്നു. അതുപോലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളെ ചൈല്‍ഡ് ബെനെഫിറ്റ് പദ്ധതിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള നയങ്ങളിലൂടെ റേയ്നറെ നേതൃസ്ഥാനത്ത് എത്തിക്കാനുള്ള നിഴല്‍ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം പറയുന്നു.
ഏതായാലും, സര്‍ക്കാരിന്റെ ക്ഷേമ പരിഷ്‌കാരങ്ങളോട് യോജിപ്പ് ഇല്ലാത്ത ലേബര്‍ പാര്‍ട്ടി എം പിമാര്‍ റെയ്നര്‍ക്ക് പിന്നില്‍ അണി നിരക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏകദേശം 170 ഓളം എം പിമാര്‍, ഈ പരിഷ്‌കാരങ്ങള്‍ പാസ്സാക്കുന്നതിനായി അടുത്ത മാസം ജനപ്രതിനിധി സഭയിലെത്തുമ്പോള്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കും എന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. 174 സീറ്റിന്റെ ഭൂരിപക്ഷം അപ്രസക്തമാകുന്ന ഒരു സാഹചര്യമായിരിക്കും അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാവുക.