മുസ്ലിം രാജ്യങ്ങളുടെ നായകനാകാനുള്ള ഓട്ടോമന്‍ സാമ്രാജ്യ പാരമ്പര്യം അവകാശപ്പെടുന്ന തുര്‍ക്കിയ്ക്ക് കഴിയില്ല; ബോംബിംഗില്‍ തകര്‍ന്ന ഇറാന് പ്രോക്‌സികളെ വളര്‍ത്താന്‍ ഇനി സിറിയിന്‍ മണ്ണുമില്ല; മുസ്ലിം ലോക നേതൃത്വത്തിന് വേണ്ടിയുള്ള ത്രികോണപ്പോരില്‍ സൗദി കുതിക്കും; ഡമാസ്‌കസിന്റെ ഹൃദയത്തില്‍ ട്രംപ് ടവര്‍! സിറിയയെ വളര്‍ത്താന്‍ യുഎസ് എത്തുമ്പോള്‍

Update: 2025-07-01 01:49 GMT

വാഷിങ്ടണ്‍: മുസ്ലിം ലോകത്തിന്റെ നേതൃത്വത്തിന് വേണ്ടിയുള്ള ത്രികോണപ്പോരാട്ടത്തില്‍ സൗദി അറേബ്യ ഇനി കൂടുതല്‍ കരുത്തര്‍. ഇറാനും തുര്‍ക്കിക്കും മേല്‍ സൗദി എത്തും. അമേരിക്കയുടെ ഇറാനെതിരായ ആക്രമണങ്ങള്‍ തന്ത്രപ്രധാനമായിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ ചേര്‍ത്ത് നിര്‍ത്തുന്നത്. സൗദിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ നീക്കം. അതുകൊണ്ട് തന്നെ സൗദിയുടെ പക്ഷത്തിന് ഇനി കൂടുതല്‍ കരുത്ത് കൂടും. ഇന്ത്യയ്ക്കും ഏറെ ആശ്വാസമാകും ഈ മാറ്റം.

സിറിയയുടെ ഉപരോധം നീക്കുന്നതു സംബന്ധിച്ച് തുര്‍ക്കിയും സൗദിയുമായി ട്രംപ് സംസാരിച്ചിരുന്നു. സൗദി സന്ദര്‍ശനത്തിനിടെ തന്നെ സിറിയയെ അമേരിക്ക ചേര്‍ത്ത് നിര്‍ത്തുമെന്ന സന്ദേശം പുറത്തെത്തിയിരുന്നു. അന്ന് അമേരിക്കയുമായി 142 ബില്യന്‍ ഡോളറിന്റെ ആയുധം വാങ്ങാനും 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താനുമുള്ള കരാറുകള്‍ ഒപ്പുവെച്ച ശേഷമാണ് സിറിയയുടെ ഉപരോധം നീക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കയ്‌ക്കെതിരെ ഇറാന്‍ നയിക്കുന്ന പ്രതിരോധ അച്ചുതണ്ടിലെ പ്രധാനികളില്‍ ഒരാളായിരുന്ന സിറിയയെ അമേരിക്ക- ഗള്‍ഫ് സഖ്യത്തിന്റെയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയുടെയും ഭാഗമാക്കുകയാണ് ട്രംപ്.

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും നാശം വിതയ്ക്കുന്ന രാജ്യം ഇറാന്‍ എന്ന് തുറന്ന പറഞ്ഞ ട്രംപ് സിറിയയിലും ലെബനനിലും യമനിലും മറ്റു രാജ്യങ്ങളിലും ഉള്ള സംഘര്‍ഷങ്ങളില്‍ ഇറാന്റെ പങ്ക് നേരത്തെ തന്നെ ചൂണ്ടിക്കാട്ടി. ഇറാനുമായുള്ള ആണവ നിയന്ത്രണത്തിനുള്ള 2015-ലെ സംയുക്ത സമഗ്ര കര്‍മ്മപദ്ധതിയില്‍ നിന്നും ട്രംപ് 2018-ല്‍ പിന്മാറിയിരുന്നു. കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ പഴയ കരാര്‍ കൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമം. പക്ഷേ, ഇറാന്‍ വഴങ്ങിയില്ല. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ വരെ ആക്രമിക്കുന്ന തരത്തിലെ ഇടപെടല്‍. അതിന് ശേഷം യുദ്ധം ട്രംപ് തന്നെ നിര്‍ത്തി. പിന്നാലെ സിറിയയെ അമേരിക്കയുടെ വഴിയില്‍ കൊണ്ടു വരുന്നു. ഇതിനൊപ്പം തുര്‍ക്കിയ്ക്കും ഏറെ വെല്ലുവിളിയാണ്.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യമുള്ള തങ്ങള്‍ക്കാണ് മുസ്ലിം രാജ്യങ്ങളെ നയിക്കാന്‍ അവകാശമെന്ന വാദം തുര്‍ക്കി ഉയര്‍ത്തിയിരുന്നു. ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള അതിര്‍ത്തി തര്‍ക്കമോ ശത്രുതയോ ഒന്നുമില്ലെങ്കിലും പരസ്യമായ ഇന്ത്യാവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. സിറിയെുടെ ഉപരോധം നീക്കാനുള്ള യു.എസ് തീരുമാനം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ വന്‍വിജയമാണ്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി അവര്‍ മാറും.

ഇറാനില്‍ നിന്നും സിറിയ ഇതോടെ അകലും. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയും, പ്രത്യേകിച്ച് ഊര്‍ജ്ജ അടിസ്ഥാന സൗകര്യഘടന മേഖലകളില്‍. സിറിയയ്ക്ക് മേല്‍ ഇറാനുള്ള സ്വാധീനം ഇനി കുറയും. സിറിയ വഴിയായിരുന്നു ഹിസ്ബുള്ളയ്ക്കും മറ്റ് ഇറാനിയന്‍ പ്രോക്‌സികള്‍ക്കും ആയുധങ്ങളും പണവും ഇറാന്‍ ഒഴുകിക്കൊണ്ടിരുന്നത്. ആ വഴി അടഞ്ഞു. ദശകങ്ങളായി ഇറാന് പിന്നില്‍ഉറച്ചു നിന്ന അസദ് അട്ടിമറിക്കപ്പെട്ട ശേഷം സിറിയയില്‍ അധികാരത്തില്‍ വന്ന അല്‍ ഷാര സര്‍ക്കാര്‍ ഇറാനില്‍ നിന്നും അകലം പാലിക്കുകയാണ്.

മധ്യപൂര്‍വേഷ്യയിലെ ഇറാന്റെയും റഷ്യയുടെയും സ്വാധീനത്തെ ചെറുക്കാന്‍ അമേരിക്ക നടത്തുന്ന നിര്‍ണ്ണായക നീക്കമാണ്. ജുലാനി എന്ന അഹമ്മദ് ഹുസൈന്‍ അല്‍ ഷരാ സിറിയയില്‍ അധികാരം പിടിച്ച ശേഷം രാജ്യത്തിന് സ്ഥിരത കൊണ്ടുവരാനുള്ള പ്രായോഗികമതിയായ നേതാവായി തന്നെ സ്വയം അവതരിപ്പിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന് പാശ്ചാത്യ ലോകത്തിന്റെ പിന്തുണയുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ട്രംപ് ഉപരോധം പിന്‍വലിച്ചതോടെ അത് കൂടുതല്‍ ചര്‍ച്ചയാകും. അമേരിക്കയുമായുള്ള ബന്ധം പഴയ പടിയാക്കാന്‍ ഷാര നിരവധി ഓഫറുകളാണ് ട്രംപിനു മുന്നില്‍ വച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ഡമാസ്‌കസിന്റെ ഹൃദയത്തില്‍ ട്രംപ് ടവര്‍, ഗോലാന്‍ കുന്നില്‍ സൈന്യവിമുക്ത മേഖല, സിറിയന്‍ എണ്ണ ഖനനം ചെയ്യാന്‍ അനുമതി, ഇസ്രയേലിന് നയതന്ത്രപരമായ അംഗീകാരം, രാജ്യ പുനര്‍നിര്‍മാണത്തിനുള്ള കരാറുകള്‍ എന്നിവ അതിലുണ്ടെന്നാണ് സൂചന.

സിറിയയുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യമാണ് ഇറാന്‍. അയല്‍രാജ്യമായ ഇറാഖിലെ ഷിയാ മിലിഷ്യകള്‍ വഴിക്കും ലെബനോന്‍ വഴിക്കുമാണ് അവര്‍ സിറിയയില്‍ ഇടപെട്ടിരുന്നത്. ലെബനോനിലെ ഹിസ്ബുള്ള പോരാളികളും സജീവമായി അസദ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. സിറിയയുടെ ആയുധനിര്‍മാണത്തിലൊക്കെ ഇറാന്‍ സഹായമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിറിയയുടെ പുതിയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മേഖലയിലെ അമേരിക്കന്‍-ഗള്‍ഫ് സ്വാധീനത്തെ ചെറുക്കാനും ഇറാന്‍ പലതും ചെയ്തു. സിറിയ- ഇറാഖ് അതിര്‍ത്തിയിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളെയും വളര്‍ത്തി. ഇതിനെല്ലാം കൂടിയുള്ള തിരിച്ചടിയായിരുന്നു ഇറാനിലെ ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണം. അതിന് പിന്നാലെയാണ് സൗദിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് സിറിയയുടെ ഉപരോധം നീക്കുന്നത്. സൗദി അറേബ്യയെ അബ്രഹാം കരാറുകളുടെ ഭാഗമാക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതും ശ്രദ്ധേയമാണ്. ഇനി ഇതും സൗദിയ്ക്ക് അംഗീകരിക്കേണ്ടി വരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ കരാര്‍. യുഎഇയും ഇസ്രയേലുമായുള്ള കരാര്‍ വലിയ വിജയമാണ്. കൂടുതല്‍ രാജ്യങ്ങള്‍ ഈ കരാറിന്റെ ഭാഗമായാല്‍ അത് ഇസ്രയേലിനും ഗുണം ചെയ്യും.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇതിലൊന്നായിരുന്നു സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉള്‍പ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. സിറിയയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കന്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറിയയും രംഗത്തെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിറിയയുടെ പ്രസിഡന്റായി മാറിയ അല്‍-ഷാര നയതന്ത്രപരമായ ഒരു മാറ്റത്തിന്റെ പാതയിലാണ്. നേരത്തെ ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യവുമായി 7 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ കരാറില്‍ സിറിയന്‍ പ്രസിഡന്റ് അല്‍ ഷാറ ഒപ്പുവച്ചിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളുടെ വലിയ ഭാഗങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 5,000 മെഗാവാട്ട് വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയില്‍ അല്‍ ഷാറ ഒപ്പുവെച്ചത്. അറബ്, പാശ്ചാത്യ നേതാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് പുതിയ സിറിയന്‍ നേതൃത്വം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക ഉപരോധം നീക്കുമ്പോള്‍ ഗള്‍ഫ്-അമേരിക്ക-യൂറോപ്പ് രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങളുടെയും നിക്ഷേപങ്ങളുടെയും ഒഴുക്ക് രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്നാണ് സിറിയന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ.

സറിയന്‍ ഭരണാധികാരി അഹമ്മദ് അല്‍ ഷാറയുമായി മേയ് ആദ്യം ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. 25 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടേയും തലവന്‍മാര്‍ തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്കുമുന്‍പ് തന്നെ സിറയയുടെ മേല്‍ യുഎസ്ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കാന്‍ ട്രംപ് നിര്‍ദേശിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനും സിറിയയുടെ മേലുള്ള ഉപരോധങ്ങള്‍ നീക്കിയിരുന്നു. സിറിയയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചാണ് രാഷ്ട്രങ്ങള്‍ നയപരമായ മാറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്.

Tags:    

Similar News