കെയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന് ചൂട് പിടിക്കുന്നു; കവന്‍ട്രി എംപി സാറ സുല്‍ത്താന ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് മുന്‍പ് പുറത്താക്കപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബിനൊപ്പം പുതിയ പാര്‍ട്ടി ഉണ്ടാക്കും; പിന്തുണയുമായി പ്രൊ-ഫലസ്തീന്‍ പ്രസ്ഥാനങ്ങളും
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്ക് പ്രതിസന്ധി തീര്‍ത്ത് വീണ്ടും വിമതശല്യം. കവന്‍ട്രി എം പി സാറ സുല്‍ത്താന പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി ഇന്നലെ രാത്രി പ്രഖ്യാപിച്ചു. മുന്‍ ലേബര്‍ നേതാവ് ജെറെമി കോര്‍ബിനുമായി ചേര്‍ന്ന് പുതിയ ഇടതുപക്ഷ കക്ഷി രൂപീകരിക്കും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. കടുത്ത പാലസ്തീന്‍ അനുകൂലിയായ എം പി, കീര്‍ സ്റ്റാര്‍മറിന്റെ ഒരു കടുത്ത വിമര്‍ശക കൂടിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ജനപ്രതിനിധി സഭയില്‍ ഒരു സ്വതന്ത്രയായിട്ടാണ് തുടരുന്നത്.
എന്നാല്‍, സുല്‍ത്താനയുടെ ഈ നീക്കം ജെറെമി കോര്‍ബിനെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പേര് പരാമര്‍ശിച്ചതില്‍ ആദ്യം കോപവും അസ്വസ്ഥതയും പ്രകടിപ്പിച്ചെങ്കിലും, ഇന്നലെ ഉച്ചയോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നാണ്. സുല്‍ത്താനയുടെ സാന്നിദ്ധ്യം ലേബര്‍ പാര്‍ട്ടിക്ക് ഒരു ബദല്‍ കെട്ടിപ്പടുക്കുന്നതില്‍ സഹായകരമാകും എന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, അവരെ സഹസ്ഥാപകയായോ, സഹനേതാവായോ പരാമര്‍ശിക്കാന്‍ തയ്യാറായില്ല.
പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് എന്ത് പേര് നല്‍കും എന്നതിലും ഇപ്പോള്‍ വ്യക്തതയില്ല. റിയല്‍ ചേഞ്ച്, പീസ് ആന്‍ഡ് ജസ്റ്റിസ് പ്രൊജക്റ്റ് തുടങ്ങിയ പേരുകള്‍ കോര്‍ബിനുമായി അടുത്ത വൃത്തങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടുന്നതിന്റെ ആവശ്യകത കുറച്ചു നാളായി കോര്‍ബിന്‍ ഊന്നിപ്പറയുന്നുണ്ട്. അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വെകളില്‍, അത്തരമൊരു പാര്‍ട്ടി രൂപീകൃതമായാല്‍ ഇടതുപക്ഷ വോട്ടുകളുടെ 10 ശതമാനത്തോളം നേടുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വന്നാല്‍, ലേബര്‍ പാര്‍ട്ടിക്ക് കാര്യമായ പരിക്കുകള്‍ ഏല്‍പ്പിക്കാന്‍ തന്നെ ഇതിനു കഴിയും.
ഒരു ബദല്‍ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കണമെന്ന് വോട്ടര്‍മാര്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് ബുധനാഴ്ച ഒരു അഭിമുഖത്തില്‍ 76 കാരനായ കോര്‍ബിന്‍ പറഞ്ഞത്. പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന സമയത്ത്, പാര്‍ട്ടിക്കുള്ളിലെ യഹൂദവിരുദ്ധത അവഗണിച്ചതിന് സസ്‌പെന്‍ഷനില്‍ ആയതിനെ തുടര്‍ന്ന് 2020 മുതല്‍ കോര്‍ബിന്‍ ഒരു സ്വതന്ത്ര എം പിയായിട്ടായിരുന്നു പാര്‍ലമെന്റില്‍ തുടര്‍ന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലും അദ്ദേഹം തന്റെ സീറ്റ് നിലനിര്‍ത്തി. അന്നു മുതല്‍, ഒരു സംഘം സ്വതന്ത്ര എം പിമാരുടെ ഒരു ഗ്രൂപ്പിലാണ് അദ്ദേഹം ഉള്ളത്. തീവ്ര മുസ്ലീം അനൂകൂല നിലപാടാണ് അവര്‍ക്കുള്ളത്.
എക്സ് പോസ്റ്റിലൂടെയാണ് സാറ സുല്‍ത്താന തന്റെ രാജി വിവരം അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുന്നു എന്ന് പറഞ്ഞ അവര്‍, ഭരണം താറുമാറായിരിക്കുകയാണെന്നും, പ്രതിസന്ധി കൂടുതല്‍ ആഴമുള്ളതാകുകയാണെന്നും ആരോപിച്ചു. ദ്വികക്ഷി ജനാധിപത്യം ഒന്നും നല്‍കുന്നില്ല. പാലിക്കപ്പെടാതെ പോയ കുറേ പാഴ്വാഗ്ദാനങ്ങള്‍ മാത്രമാണ് അതിന്റെ ബാക്കിപത്രം, അവര്‍ പറയുന്നു. യഥാര്‍ത്ഥ മാറ്റം വരികയാണ് എന്നാണ് ഇതിനോട് കോര്‍ബിന്‍ പ്രതികരിച്ചത്. അധികാരത്തിലേറി ഒരു വര്‍ഷമായിട്ടും, ലേബര്‍ പാര്‍ട്ടി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലേക്ക് തെല്ലും നീങ്ങിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.