രാജ്യം വിട്ടതിന് ശേഷം യുകെയിലെ ആസ്തികള്‍ വിറ്റ് യുകെ മൂലധന നേട്ട നികുതി ഒഴിവാക്കി ലാഭമുണ്ടാക്കും; ഇനി അത് നടക്കില്ല; യുകെയിലെ സ്വത്തുക്കള്‍ വിറ്റ് നാട്ടിലേക്കോ മറ്റൊരു രാജ്യത്തേക്കോ മാറുന്നവര്‍ക്ക് 20 ശതമാനം അധിക നികുതി ചുമത്തും; ബ്രിട്ടണില്‍ നികുതി ചര്‍ച്ച സജീവം
ലണ്ടന്‍: ബ്രിട്ടനിലെ നികുതിഭാരം ഏറിയതോടെ സമ്പന്നര്‍ പലരും രാജ്യം വിടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അങ്ങനെ പോകുന്നവരുടെ ബിസിനസ്സ് ആസ്തികള്‍ക്ക് മേല്‍ 20 ശതമാനം നികുതി ചുമത്താന്‍ ചാന്‍സലര്‍ ആലോചിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
സെറ്റ്‌ലിംഗ് അപ് ചാര്‍ജ്ജ് ചുമത്താനുള്ള ധനകാര്യ വകുപ്പിന്റെ ആശയം നടപ്പിലാക്കിയാല്‍ ബ്രിട്ടന്‍ മറ്റ് ജി 7 രാജ്യങ്ങളില്‍ പലതിനോടും സമാനരീതിയില്‍ ആകും. മാത്രമല്ല, ഇത് പൊതുഖജനാവിലേക്ക് 2 ബില്യന്‍ പൗണ്ട് സമാഹരിക്കുമെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പദ്ധതി അനൂസരിച്ച്, രാജ്യം വിട്ടുപോവുകയാണെങ്കില്‍, ഈ ആസ്തികള്‍ക്ക് മേല്‍ 20 ശതമാനം നികുതി ചുമത്തും. ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ ഇരിക്കുന്ന നിരവധി നികുതി മാതൃകകളില്‍ ഒന്നാണ് സെറ്റ്‌ലിംഗ് അപ് ചാര്‍ജ്ജ് എന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ബ്രിട്ടണ്‍ സര്‍ക്കാര്‍ വൃത്തങ്ങളറിയിച്ചു.
ഇപ്പോള്‍ അത്തരത്തിലുള്ള ഒരു നികുതി കൊണ്ടുവന്നില്ലെങ്കില്‍ കൂടി സമീപ ഭാവിയില്‍ അതുണ്ടാകും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. മിക്ക ജി7 രാജ്യങ്ങളിലെയും സമാനമായ നയങ്ങള്‍ക്ക് അനുസൃതമായി യുകെയെ കൊണ്ടുവരുന്നതിനുള്ള ഒരു നീക്കമാണിത്. യുകെ ട്രഷറി ഈ നികുതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍, 6,000 പൗണ്ടിന് മുകളിലുള്ള യുകെയിലെ വസ്തുവകകള്‍ വില്‍ക്കുമ്പോള്‍ പ്രവാസികള്‍ക്ക് 20% മൂലധന നേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കില്ല. എന്നാല്‍, പല കമ്പനികളുടെയും ഓഹരികള്‍ പോലുള്ള മറ്റ് ചില ആസ്തികള്‍ വില്‍ക്കുമ്പോള്‍ ഈ നികുതി ബാധകമല്ല. പുതിയ നിര്‍ദ്ദേശമനുസരിച്ച്, രാജ്യം വിട്ടുപോകുമ്പോള്‍ ഈ ആസ്തികളുടെ മൊത്തം മൂല്യത്തിന്മേല്‍ 20% നികുതി ചുമത്തും.
സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ട്രഷറി പരിശോധിക്കുന്ന നിരവധി നികുതി ഓപ്ഷനുകളില്‍ ഒന്നാണിത്. അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു. കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് മാറാന്‍ തീരുമാനിക്കുന്നവര്‍ക്ക് യുകെയില്‍ ശേഷിക്കുന്ന ഓഹരികള്‍ പോലുള്ള ആസ്തികളില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങള്‍ക്ക് നികുതി നല്‍കേണ്ടിവരും എന്ന ചര്‍ച്ചയാണ് ഇതിലൂടെ ഉയരുന്നത്.
നിലവില്‍, ദുബായ് പോലുള്ള സ്ഥലങ്ങളിലേക്ക് താമസം മാറിയാല്‍, രാജ്യം വിട്ടതിന് ശേഷം യുകെയിലെ ആസ്തികള്‍ വില്‍ക്കുകയും യുകെ മൂലധന നേട്ട നികുതി ഒഴിവാക്കുകയും ചെയ്യാം. പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഉടന്‍ നടപ്പിലാക്കിയില്ലെങ്കില്‍ മൂലധന ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആളുകള്‍ അത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യം വിടാന്‍ ശ്രമിക്കുമെന്നും വിലയിരുത്തലുണ്ട്. ആസ്തികള്‍ ഉടന്‍ വില്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വര്‍ഷങ്ങളോളം നികുതി അടയ്ക്കുന്നത് വൈകിക്കാനും കഴിയും.
യുകെയില്‍ നിന്ന് വിദേശത്തേക്ക് താമസം മാറുന്ന സമ്പന്നരില്‍ നിന്ന് കൂടുതല്‍ നികുതി വരുമാനം നേടുന്നതിനും അന്താരാഷ്ട്ര നികുതി നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ് ബ്രിട്ടണിലും നടക്കുന്നത്.
