അമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി

ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി

Update: 2025-10-31 09:04 GMT

ദോഹ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേലി സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയ ഹമാസ് നടപടി അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. ഹമാസിനെ പിന്തുണച്ചു കൊണ്ടിരുന്ന ഖത്തറും അവരെ കൈവിടുന്ന അവസ്ഥയിലെത്തി. ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ ടുത്ത അതൃപ്തി രേഖപ്പെടുത്തി ഖത്തര്‍ രംഗത്തുവന്നതോടെ ആഗോള പിന്തുണ ഹമാസിന് നഷ്ടമാകുന്നു എന്ന് വ്യക്തമായി.

യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ ഹമാസ് ലംഘിച്ചുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ത്താനി പറഞ്ഞു. ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ കൂടി പ്രേരണയിലാണ് ഇരുരാജ്യങ്ങളും സമാധാന കരാരില്‍ ഒപ്പുവെച്ചിരുന്നത്. 'നടന്നത് ലംഘനമാണ്. തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേല്‍ പ്രതികരിക്കുമെന്ന് മധ്യസ്ഥര്‍ പ്രതീക്ഷിച്ചിരുന്നു. ഇസ്രയേല്‍ സൈനികര്‍ക്കെതിരായ ആക്രമണം അടിസ്ഥാനപരമായി പലസ്തീന്‍ പക്ഷത്തുനിന്നുള്ള ലംഘനമാണ്. ആക്രമണം നടത്തിയ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ആശയവിനിമയമില്ലെന്ന് ഹമാസ് പ്രസ്താവനയിറക്കിയിട്ടുണ്ട്. അത് ശരിയാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല.' അദ്ദേഹം പറഞ്ഞു.

ആര് എന്ത് ചെയ്തു എന്നത് ഞങ്ങള്‍ക്ക് പ്രശ്നമല്ല; ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം കരാര്‍ തകരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ഗാസയെ നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കേണ്ട ഘട്ടത്തിലേക്ക് എത്താന്‍ ഹമാസിനെയും എല്ലാ പലസ്തീന്‍ വിഭാഗങ്ങളെയും മധ്യസ്ഥര്‍ പ്രേരിപ്പിക്കുകയാണെന്ന് അല്‍ താനി പറഞ്ഞു. 'നിരായുധീകരണത്തിലൂടെയും പ്രവര്‍ത്തനരഹിതമാക്കലിലൂടെയും കടന്നുപോകുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയായിരിക്കും, പക്ഷേ ഇത് കരാറിന്റെ ഭാഗമാണ്.' ട്രംപിന്റെ പദ്ധതിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റഫയിലെ ജെനിന പരിസരത്ത് ഒരു സംഘം ഹമാസ് സൈനികര്‍ ഇസ്രയേലി സൈനികര്‍ക്കുനേരെ വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ പലവട്ടം ഗാസയില്‍ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 104 പേര്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനുശേഷമാണ് വെടിനിര്‍ത്തല്‍ പാലിക്കുന്നത് പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചത്.

അതേസമയം അന്താരാഷ്ട്ര സമൂഹത്തിന് ഹമാസിനെ തകര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനായി ഇസ്രായേല്‍ ഇറങ്ങുമെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നേരത്തെ മന്നറിയിപ്പു നല്‍കുന്നു. ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സ സൈന്യമുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് ഗസ്സയില്‍ ഇനിയും ഒരുപാട് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് കേഡറ്റ്‌സിന്റെ ബിരുദദാന ചടങ്ങിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.എന്ത് സംഭവിച്ചാലും ഹമാസ് നിരായുധീകരിക്കുകയും ഗസ്സ സൈന്യമുക്തമാവുകയും ചെയ്യുകയും ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.

അതേസമയം, 24 മണിക്കൂറിനിടെ 100ലേറെ പേരെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ഹമാസ് കൈമാറി. റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിനും തുടര്‍ന്ന് ബന്ധുക്കള്‍ക്കും കൈമാറും.

ജീവനോടെയുള്ള ബന്ദികളെ ഒന്നാം ദിവസം തന്നെ ഹമാസ് കൈമാറിയിരുന്നു. അവശേഷിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഈജിപ്തും റെഡ്‌ക്രോസ് അന്താരാഷ്ട്ര സംഘവും ഹമാസിനൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. മൊത്തം 28 മൃതദേഹങ്ങളുള്ളതില്‍ 13 എണ്ണം കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ചവക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

ആദ്യമായാണ് വിദേശ സംഘങ്ങളെ ഇസ്രായേല്‍ ഗസ്സയില്‍ അനുവദിക്കുന്നത്. ഈജിപ്തില്‍നിന്നെത്തിച്ച മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് പലയിടത്തും തിരച്ചില്‍. ഗസ്സയുടെ 84 ശതമാനം പ്രദേശവും സമ്പൂര്‍ണമായി ഇസ്രായേല്‍ ബോംബിട്ടും നേരിട്ടുള്ള ആക്രമണത്തിലും നാമാവശേഷമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായതാണ് വെല്ലുവിളിയാകുന്നതെന്നാണ് ഹമാസ് വിശദീകരണം.

Tags:    

Similar News