ഗസ്സയില്‍ സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന് ഹമാസ് പറയുമ്പോള്‍ അത് അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലവിലെ നിലപാട്; അമേരിക്കയിലെ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇനി നിര്‍ണ്ണായകം; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസ്; സ്ഥിര പരിഹാരം ഉണ്ടാകുമോ? പശ്ചിമേഷ്യയില്‍ ഇനി ചര്‍ച്ചകള്‍
ജറുസലേം: ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് അനുകൂല നിലപാടുമായി ഹമാസ്. വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണെന്ന് മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമ്പൂര്‍ണ്ണവെടിനിര്‍ത്തലിലേക്ക് നയിക്കണമെന്ന ആവശ്യം ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഹമാസിന്റെ നിര്‍ദേശം ഇസ്രായേല്‍ ചര്‍ച്ച ചെയ്തതിന് ശേഷം മറുപടി അറിയിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷവും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. അകാരണമായി ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് അറിയിച്ചത്. സ്ഥിരമായ വെടിനിര്‍ത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഹമാസിന്റെ സഖ്യ കക്ഷിയായ ഇസ്‌ലാമിക് ജിഹാദും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തുമെന്നും ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട് ചര്‍ച്ചയ്ക്ക് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ ട്രംപുമായി ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിന്റെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.
ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്ന ആക്രമണങ്ങളില്‍ ആറു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീനികള്‍ കൂട്ടമായി കഴിയുന്ന ടെന്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.
നേരത്തെ 12 ദിവസം നീണ്ട ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ വിജയിച്ചതിനു പിറകെ ഗസ്സയിലും സമാധാനശ്രമങ്ങള്‍ക്ക് യു.എസ് രംഗത്തെത്തിയിരുന്നു. ഒരാഴ്ചക്കകം ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വാഷിങ്ടണിലേക്ക് പറക്കുന്നുണ്ട്.
ഗസ്സയില്‍ സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന് ഹമാസ് പറയുമ്പോള്‍ അത് അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലവിലെ നിലപാട്. യു.എസില്‍ ട്രംപ്- നെതന്യാഹു ചര്‍ച്ചകള്‍ക്കുശേഷം തിങ്കളാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ് വിട്ടയക്കുമെന്നും പകരം നിരവധി തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നുമാണ് കരാര്‍ വ്യവസ്ഥകളില്‍ പ്രധാനം.
ഘട്ടംഘട്ടമായി ഇസ്രായേല്‍ സേന ഗസ്സയില്‍നിന്ന് പിന്മാറ്റം ആരംഭിക്കുമെന്നും സൂചനയുണ്ട്. പൂര്‍ണ യുദ്ധവിരാമ ചര്‍ച്ചകള്‍ അനുബന്ധമായി നടക്കും. 2023ലെ ആക്രമണത്തില്‍ 251 പേരെ ഹമാസ് ബന്ദിയാക്കിയതില്‍ 50 ഓളം പേര്‍ ഇപ്പോഴും ഹമാസ് നിയന്ത്രണത്തിലുണ്ടെന്നാണ് സൂചന. ഇവരില്‍ പകുതി പേര്‍ ജീവനോടെയുമുണ്ട്. ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തിവിടുന്നതിലെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന ഹമാസ് ആവശ്യവും പരിഗണനയിലുണ്ട്.