ഇസ് അല്‍ ദിന്‍ അല്‍ ഹദ്ദാദ് ഇനി ഹമാസിനെ നയിക്കും; അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്; യാഹ്യാ സിന്‍വിറിന്റെ ഔദ്യോഗിക പിന്‍ഗാമിയ്ക്ക് ഇനി എന്തു സംഭവിക്കും; പഴയ ഇസ്രയേല്‍ നീക്കങ്ങള്‍ ചര്‍ച്ചകളിലേക്ക്?
ഗസ്സ: ഹമാസ് തീവ്രവാദ സംഘടനക്ക് പുതിയ മേധാവി. ഇസ് അല്‍ ദിന്‍ അല്‍ ഹദ്ദാദ് ആണ് പുതിയ തലവന്‍. ഗാസയില്‍ വെടിനിര്‍ത്തലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഹമാസിന് പുതിയ തലവന്‍ എത്തുന്നത്. ഹമാസ് മേധാവിയായിരുന്ന യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഔദ്യോഗികമായി പിന്‍ഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല.
എന്നാല്‍ യാഹ്യാസിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വര്‍ അനൗദ്യോഗിക മേധാവിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇയാളെയും ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു. തുടര്‍ന്നാണ് ഇസ് അല്‍ ദിന്‍ അല്‍ ഹദ്ദാദ് ചുമതലയേറ്റെന്ന് പശ്ചിമേഷ്യയിലെ ഇന്റലിജന്‍സ് വിഭാഗവും ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ഹദ്ദാദാണ് ഹമാസിന്റെ പുതിയ മേധാവിയെന്ന് വ്യാഴാഴ്ച ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനാണ് ഈ അന്‍പതുകാരന്‍ എന്നാണ് പറയപ്പെടുന്നത്.
ജന്മനാടായ ഗാസ നഗരത്തിലാണ്് ഹദ്ദാദ് കഴിയുന്നത്. ഹമാസിനെ ഇല്ലായ്മ ചെയ്യാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നയാളാണ് ഹദ്ദാദ്. ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മാന്യമായ ഒരു കരാര്‍ മുന്നോട്ടുവെയ്ക്കുക, അല്ലെങ്കില്‍ ഒരു വിമോചനയുദ്ധമോ രക്തസാക്ഷിത്വയുദ്ധമോ ആയി മേഖലയിലെ സംഘര്‍ഷം മാറുമെന്ന് ഹദ്ദാദ് നേരത്തേ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേല്‍ സൈന്യത്തെ പ്രദേശത്തുനിന്ന് പിന്‍വലിക്കുകയും ചെയ്യാതെ ബന്ദികളെ വിട്ടുനല്‍കില്ലെന്ന ശക്തമായ നിലപാടിലാണ് ഇയാള്‍.
ഒക്ടോബര്‍ ഏഴ് ആക്രമണത്തിനുശേഷം അല്‍ ജസീറയ്ക്ക് അഭിമുഖം നല്‍കിയ ഒരേയൊരു ഉന്നത ഹമാസ് കമാന്‍ഡറും ഹദ്ദാദായിരുന്നു. ഹമാസിന്റെ പ്രധാന നേതാക്കളായിരുന്ന ഇസ്മയില്‍ ഹനിയയേയും യാഹ്യാ സിന്‍വറിനയും എല്ലാം ഇസ്രയേല്‍ സൈന്യം വധിച്ചതോടെ ഭീകരപ്രസ്ഥാനത്തിലെ നേതൃനിരയില്‍ കരുത്തന്‍മാര്‍ പൂര്‍ണമായും ഇല്ലാതായ അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഹദ്ദാദിനെ പോലെ കടുംപിടുത്തക്കാരനായ ഒരു നേതാവിനെ മുന്‍നിര്‍ത്തി കൊണ്ട് എങ്ങനെ ഹമാസിന് മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇസ്മയില്‍ ഹനിയയെ പോലം പ്രമുഖനായ ഒരു നേതാവിനെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സൈനിക ഗസ്റ്റ്ഹൗസിനുള്ളില്‍ വെച്ച് വധിക്കാന്‍ കഴിഞ്ഞത് ഇസ്രയേലിന് വലിയ നേട്ടമായി മാറിയിരുന്നു. ഗാസയില്‍ വളരെക്കാലം ഭൂഗര്‍ഭ അറകളില്‍ ഒളിവില്‍ കഴിഞ്ഞ യാഹ്യാ സിന്‍വറിനേയും ഇസ്രയേലിന് വധിക്കാന്‍ കഴിഞ്ഞതോടെ ഹമാസ് അണികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.