ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക്; ട്രംപിന്റെ പഴയ വിശ്വസ്തന്‍ 'സിസ്റ്റം' മാറ്റാനുള്ള പോരാട്ടത്തില്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ലാ മുതലാളി; മസ്‌കിന്റേത് 'അമേരിക്ക പാര്‍ട്ടി'
വാഷിങ്ടണ്‍: പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ലാ ഗ്രൂപ്പ് ഉടമയായ ഇലോണ്‍ മസ്‌ക്. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തിരികെ നല്‍കുന്നതിനായി 'അമേരിക്ക പാര്‍ട്ടി' രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആശയ ഭിന്നതയാണ് പുതിയ പാര്‍ട്ടിക്ക് പിന്നില്‍. ട്രംപിനെ വീണ്ടും പ്രസിഡന്റാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് മസ്‌ക് ആയിരുന്നു. വിജയത്തിന് ശേഷം ട്രംപുമായി മസ്‌ക് അകന്നു. കുടിയേറ്റ നയത്തില്‍ അടക്കമുള്ള വിയോജിപ്പായിരുന്നു ഇതിന് കാരണം. പല വിധ ഏറ്റുമുട്ടലും ഇവര്‍ക്കിടയിലുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി.
അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സര്‍വേ മസ്‌ക് കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പുതിയൊരു രാഷ്ട്രീയ ബദല്‍ 2-1 എന്ന അനുപാതത്തില്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറിപ്പില്‍ വ്യക്തമാക്കി. ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക് വിമര്‍ശിച്ചു.
അതേസമയം, സ്വന്തംപാര്‍ട്ടി രൂപവത്കരിക്കുകയും ആ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്താലും മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റാകാന്‍ കഴിയില്ല. അമേരിക്കയില്‍ ജനിച്ചവര്‍ക്ക് മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ. ജന്മംകൊണ്ടുള്ള അമേരിക്കന്‍ പൗരത്വം മസ്‌കിന് ഇല്ലാത്തതാണ് പ്രതിസന്ധി.പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌ക് യുഎസ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബില്‍ സെനറ്റില്‍ പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പകരമായി താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു. ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാര്‍ട്ടി രൂപീകരിക്കാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം.
മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്. നിങ്ങള്‍ക്ക് പുതിയ ഒരു പാര്‍ട്ടി വേണമെന്നാണ് ആവശ്യമെന്ന് വ്യക്തമായെന്നും അത് സംഭവിച്ചിരിക്കുന്നുവെന്നും മസ്‌ക് കുറിച്ചു. വൈറ്റ് ഹൗസിന്റെ വമ്പിച്ച നികുതി, കുടിയേറ്റ അജണ്ടയെക്കുറിച്ചുള്ള വോട്ടെടുപ്പ് വൈസ് പ്രസിഡന്റ് ജെ.ജി. വാന്‍സിന്റെ കാസ്റ്റിങ് വോട്ടിലാണ് പാസായത്. സാമൂഹികക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയും ദേശീയ കടത്തില്‍ 3 ട്രില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ജനപ്രീതിയില്ലാത്ത ഈ പാക്കേജിനെ പിന്തുണയ്ക്കുന്ന നിയമനിര്‍മ്മാതാക്കളെ പുറത്താക്കുമെന്ന് മസ്‌ക് പല ഘട്ടങ്ങളിലും പറഞ്ഞിരുന്നു.
'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസാക്കുക വഴി തന്റെ കാലഹരണപ്പെടുന്ന ആദ്യ ടേം നികുതി ഇളവുകള്‍ 4.5 ട്രില്യന്‍ ഡോളറായി ഉയര്‍ത്താനും സൈനിക ചെലവ് വര്‍ധിപ്പിക്കാനും, കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കുമുള്ള തന്റെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നു. എന്നാല്‍, 2026-ലെ ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ക്കായി കാത്തിരിക്കുന്ന സെനറ്റര്‍മാര്‍ ഈ ബില്ലിനെക്കുറിച്ച് ആശങ്കയിലായിരുന്നു. ദശലക്ഷക്കണക്കിന് ദരിദ്രരായ അമേരിക്കക്കാരുടെ സബ്‌സിഡിയുള്ള ആരോഗ്യ സംരക്ഷണത്തില്‍ ഏകദേശം 1 ട്രില്യന്‍ ഡോളര്‍ നഷ്ടപ്പെടുത്തുകയും ഒരു ദശാബ്ദത്തിനിടെ രാജ്യത്തിന്റെ ബജറ്റ് കമ്മിയിലേക്ക് വായ്പാ പരിധി ഉയര്‍ത്തി 3.3 ട്രില്യനിലധികം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതാണ് ഈ ബില്‍.