യെമനില്‍ നിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി ഹൂത്തികള്‍; മധ്യ ഇസ്രയേലിലും ജറുസലേമിലും അപായ സൈറണുകള്‍; പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം
യെമനില്‍ നിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി ഹൂത്തികള്‍
ടെല്‍ അവീവ്: ഇസ്രയേലിലേക്ക് വീണ്ടും മിസൈലാക്രമണം നടത്തി ഹൂത്തികള്‍. യെമനില്‍ നിന്നാണ് അവര്‍ മിസൈലാക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. ആക്രമണത്തിന്റെ സൂചനയുടെ അടിസ്ഥാനത്തില്‍ മധ്യ ഇസ്രയേലിലും ജറുസലേമിലും അപായ സൈറണുകള്‍ മുഴങ്ങി. സംഭവത്തിന് തൊട്ടു പിന്നാലെ തങ്ങളുടെ പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി.
സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ നാശനഷ്ടങ്ങള്‍ സംഭവിച്ചതായിട്ടോ റിപ്പോര്‍ട്ടില്ല. ഞായറാഴ്ച ചെങ്കടലില്‍ വാണിജ്യ കപ്പല്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷമാണ് ആദ്യമായി ഇത്തരത്തില്‍ ഒരാക്രമണം നടത്തുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഹൂത്തികള്‍ എറ്റേണിറ്റി സി എന്ന കപ്പല്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
കപ്പല്‍ പൂര്‍ണ്ണമായും മുങ്ങുകയും ചെയ്തു. എറ്റേണിറ്റി -സി എലാത്ത് തുറമുഖത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഹൂത്തികള്‍ വെളിപ്പെടുത്തിയത്. നേരത്തേ ഹൂത്തികള്‍ ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയിരുന്നു. തങ്ങളുടെ
വിലക്ക് ലംഘിച്ച സാഹചര്യത്തിലാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് ഭീകരര്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി മാസങ്ങള്‍ക്ക് ശേഷമാണ് ഹൂത്തികള്‍ ഒരു ചരക്ക് കപ്പലിന് നേര്‍ക്ക് ആക്രമണം നടത്തുന്നത്. പിന്നീട്ഹൂത്തികള്‍ മാജിക്ക് സീസ് എന്ന കപ്പലും ആക്രമിച്ചിരുന്നു.
തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് അവര്‍ കപ്പലിനെ ആക്രമിച്ചത്. ഗ്രീക്ക് പതാകയുള്ള കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ജീവനക്കാരെല്ലാം സുരക്ഷിതരായിരുന്നു. പിന്നീട് അവരെ കരയിലേക്ക് കൊണ്ടുപോയി. ചെങ്കടലിലെ ഹൂത്തികളുടെ പ്രവര്‍ത്തനം മാസങ്ങളായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇറാനുമായുള്ള ഇസ്രായേലിന്റെ യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ പുനരാരംഭിക്കുകയായിരുന്നു.
തിങ്കളാഴ്ച ഇസ്രയേല്‍ സൈന്യം യെമനിലെ മൂന്ന് തുറമുഖങ്ങളും ഒരു ഇലക്ട്രിക്കല്‍ സ്റ്റേഷനും 2023 ല്‍ ഹൂത്തികള്‍ പിടിച്ചെടുത്ത കപ്പലായ ഗാലക്സി ലീഡര്‍ എന്നിവയുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍് ആക്രമണം നടത്തിയിരുന്നു. ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആകമിച്ചതിന് പിന്നാലെയാണ് ഹൂത്തികള്‍ ചെങ്കടല്‍ വഴി കടന്ന് പോകുന്ന കപ്പലുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് അവര്‍ ഈ നടപടി ആരംഭിച്ചത്.