24 മണിക്കൂറിനുള്ളില്‍ പോഷകാഹാര കുറവ് കാരണം പത്ത് പേര്‍ മരിച്ചുവെന്ന് യുഎന്‍; ഹമാസിന്റെ കണക്കില്‍ മരണം 111; ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ പട്ടിണിക്കിടുകയാണെന്ന ആരോപണവുമായി സന്നദ്ധ സംഘടനകള്‍
ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ പട്ടിണിക്കിടുകയാണെന്ന ആരോപണവുമായി സന്നദ്ധ സംഘടനകള്‍. ഇവിടെ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാര കുറവ് കാരണം പത്ത് പേര്‍ മരിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്. ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആഴ്ചകളില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 111 ആയി ഉയര്‍ന്നിരുന്നു. ഇതില്‍ 80 കുട്ടികളും ഉള്‍പ്പെടുന്നു. സഹായ കേന്ദ്രങ്ങളിലെ ജനക്കൂട്ടത്തിനിടയിലെ ഭയാനകമായ കാഴ്ചകള്‍ പലപ്പോഴായി പുറത്തു വന്നിരുന്നു. ഭക്ഷണത്തിനായി യാചിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതാണ്.
കൂടാതെ ആശുപത്രികള്‍ക്കുള്ളിലെ ദൃശ്യങ്ങളിലും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളേയും കുട്ടികളേയും കാണാം. ഗാസയിലെ ഏകദേശം ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. സ്ഥിതിഗതികള്‍ വഷളാകുന്നതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തി നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും സംയുക്തമായി തയ്യാറാക്കിയ കത്ത് നല്‍കി. സേവ് ദി ചില്‍ഡ്രന്‍, മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്, കാത്തലിക് ഏജന്‍സി ഫോര്‍ ഓവര്‍സീസ് ഡെവലപ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ഫലസ്തീനികള്‍ പ്രതീക്ഷയുടെയും ഹൃദയവേദനയുടെയും ഒരു ചക്രത്തില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നും സഹായത്തിനും വെടിനിര്‍ത്തലിനും വേണ്ടി അവര്‍ കാത്തിരിക്കുകയാണ് എന്നുമാണ് കത്തില്‍ സംഘടനകള്‍ വ്യക്തമാക്കുന്നത്. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഉപരോധം ഗാസയിലെ സാധാരണക്കാരെ പട്ടിണിയിലാക്കുമ്പോള്‍ അവരെ സഹായിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ഇതേ ദുരിതം അനുഭവിക്കുന്നതായി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇസ്രയേല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. അവശ്യ വസ്തുക്കളുമായി ആയിരത്തോളം ട്രക്കുകള്‍ കാത്തിരിക്കുകയാണെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഹമാസിനെ അനുകൂലിക്കുന്ന സംഘടനകളാണ് എന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പൂര്‍ണ്ണമായ ഉപരോധം നീക്കിയതിനുശേഷം ഏകദേശം അവശ്യ വസ്തുക്കളുമായി 4,500 ട്രക്കുകള്‍ക്ക്് ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതായും അവര്‍ വെളിപ്പെടുത്തി. 700 ഓളം ലോറികള്‍ ഇപ്പോഴും അവശ്യ വസ്തുക്കളുമായി ഐക്യരാഷ്ട്ര സഭാ അധികൃതരെ കാത്തിരിക്കുകയാണെന്നും ഇസ്രയേല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇസ്രയേല്‍ തടസം സൃഷ്ടിക്കുന്നത് കാരണം പ്രതിദിനം 28 ട്രക്കുകള്‍ മാത്രമേ ഗാസയിലേക്ക് പ്രവേശിക്കുന്നുള്ളൂ എന്നാണ് സന്നദ്ധ സംഘടനകള്‍ ആരോപിക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇസ്രയേലുമായി ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഇസ്രായേല്‍ സൈന്യം ഒരു സഹായ കേന്ദ്രത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 79 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ട്രംപ് അതീവ ദുഖിതനാണെന്നാണ് വൈററ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. നാളെ റോമില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. അതേ സമയം ഗാസയില്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നവര്‍ വെടിയേറ്റ് മരിക്കുന്നതില്‍ മാര്‍പ്പാപ്പയും യു.എന്‍ സെക്രട്ടറി ജനറലും ഉള്‍പ്പെടെയുള്ളവര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.