'ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും' എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരും
വാഷിങ്ടന്‍: അമേരിക്കയുടെ ലക്ഷ്യം ഇന്ത്യ തന്നെ. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ ട്രോളുന്നത് ഇന്ത്യയെ കൂടിയാണ്. ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നല്‍കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനം ഇന്ത്യയ്‌ക്കെതിരെയുള്ള പ്രതികാരമായി വിലയിരുത്തുന്നുണ്ട്. ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളിയാക്കല്‍ എന്നാണ് വിലയിരുത്തല്‍. അമേരിക്കാ-ഇന്ത്യാ സൗഹൃദം തകരുന്നതിന്റെ തുടക്കമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ''പാക്കിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.'' ട്രംപ് കുറിച്ചു.
യുഎസിനെ അങ്ങേയറ്റം സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ഇതേ പോസ്റ്റില്‍ ട്രംപ് പറയുന്നുണ്ട്. താരിഫ് കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ യുഎസിന് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വന്‍തോതില്‍ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇന്ത്യയുമായി ട്രംപിന് ഇത്തരത്തില്‍ കരാറൊന്നും ഒപ്പിടാന്‍ കഴിയുന്നില്ല. 2022ല്‍ യുക്രെയ്‌നുമേല്‍ റഷ്യ യുദ്ധം ആരംഭിക്കുകയും യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തശേഷമായിരുന്നു ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിത്തുടങ്ങിയത്. അതിനുമുമ്പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു.
കഴിഞ്ഞവര്‍ഷം ഇത് 40 ശതമാനമായി കൂടുകയും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്രോതസ്സായി റഷ്യ മാറുകയും ചെയ്തു. കഴിഞ്ഞമാസം (ജൂണ്‍) പ്രതിദിനം 2.08 മില്യന്‍ ബാരല്‍ വീതം റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയരമാണിത്. വിപണിവിലയേക്കാള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ട് നല്‍കിയാണ് റഷ്യ ഇന്ത്യന്‍ വിപണി പിടിച്ചെടുത്തത്. ഇതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇന്ത്യ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഇന്ത്യയുമായി യുഎസിനുള്ളത് വന്‍ വ്യാപാരക്കമ്മിയാണെന്നും വ്യക്തമാക്കിയാണ് കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് നേരത്തെ ഇന്ത്യയെ 'നികുതി രാജാവ്' എന്നും വിളിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കുമേല്‍ യുഎസിന്റെ കനത്ത ആഘാതം. യുഎസില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഓഗസ്റ്റ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിനു പിന്നിലെ പ്രധാന കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. 'ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും' എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ട്രംപ് പറയുന്നു. ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി വളരെ താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.