ചൈനയുടെ ലക്ഷ്യം ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കുക; ഇതിന് 'ചെക്ക്' പറഞ്ഞ് ഇന്ത്യയുടെ റോഡ് നിര്‍മ്മാണം; ഇനി ഡോക്‌ലാം പ്രവിശ്യയിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ പണി; ഭൂട്ടാനും ആശ്വാസം; ചുംബിയിലെ ഓപ്പറേഷന്‍ വിജയം!
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് തുടര്‍ച്ചയായി അതിര്‍ത്തി പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിനിടെ മറ്റൊരു സര്‍ജിക്കല്‍ സട്രൈക്ക്! ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്‌ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ നിര്‍മിച്ച റോഡ് കണ്ട് ഞെട്ടുകയാണ് ചൈന.
ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്ത് ടൗണ്‍ഷിപ് നിര്‍മാണം നടത്തിയിരുന്നു ചൈന. വടക്കുകിഴക്കന്‍ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നുകയറുന്നതിന്റെ വിവരങ്ങള്‍ സാറ്റൈലറ്റ് ചിത്രത്തിലാണ് കഴിഞ്ഞ വര്‍ഷം തെളിഞ്ഞത്. ഭൂട്ടാനുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കിടയിലാണ് ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2020 മുതല്‍ ഇവിടെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. അത് പിന്നീട് ദ്രുത ഗതിയിലാക്കി. ഭൂട്ടാന്‍ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന പര്‍വതപ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റമുണ്ടെന്നാണ് സൂചന. എന്നിട്ടും ഇതു തടയാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. എട്ടു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള രാജ്യമായ ഭൂട്ടാന്, ലോകത്തിലെ വന്‍ശക്തികളിലൊന്നായ ചൈനയുടെ അനധികൃത കടന്നുകയറ്റം തടയുന്നതിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂട്ടാനെ സൈനികമായി സഹായിക്കുന്ന റോഡ് ഇന്ത്യ പൂര്‍ത്തിയാക്കുന്നത്. ഇതോടെ ഡോക്‌ലാം പ്രവിശ്യയിലേക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും. ഇതിന്റെ ഭാഗമായി ഭൂട്ടാനില്‍ നിര്‍മിച്ച റോഡിലൂടെ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതും സൈനിക നീക്കവും എളുപ്പത്തില്‍ സാധ്യമാകും.
ഡോക്‌ലാമില്‍ നിന്ന് ഏകദേശം 21 കിലോമീറ്റര്‍ അകലെയുള്ള ഭൂട്ടാനിലെ ഹാ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഏകദേശം 254 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഭൂട്ടാന്‍ പ്രധാനമന്ത്രി തോബ്ഗേ ഷെറിങ് വെള്ളിയാഴ്ച റോഡ് ഉദ്ഘാടനം ചെയ്തു. ഭൂട്ടാനിലെ തദ്ദേശീയരെ സഹായിക്കുന്നതിനും ആവശ്യമെങ്കില്‍ സുരക്ഷാസേനയുടെ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ഈ റോഡ് സഹായിക്കും. ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ്‌വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ചുംബി താഴ്‌വരയില്‍ ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭൂട്ടാന്‍ സൈന്യത്തെ വേഗത്തില്‍ ചുംബി താഴ്‌വരയ്ക്ക് സമീപമുള്ള അതിര്‍ത്തിയിലെത്തിക്കാന്‍ ഈ റോഡ് സഹായിക്കും.
ഭൂട്ടാന്റെ ചില ഭാഗങ്ങളില്‍ ചൈനയുടെ അധിനിവേശം ഇന്ത്യയുടെ സുരക്ഷയ്ക്കും വെല്ലുവിളിയാണ്. ഭൂട്ടാന്റെ പ്രദേശമായി രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രദേശത്ത് അവര്‍ നിര്‍മിച്ച റോഡ് നീട്ടുന്നതില്‍ നിന്നു ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞിരുന്നു. 2017ല്‍ സിക്കിമിനോട് ചേര്‍ന്നുള്ള ഡോക്ലാം പീഠഭൂമിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയിരുന്നു. അതിനുശേഷം, ചൈനീസ് തൊഴിലാളികള്‍ ഭൂട്ടാന്‍ പ്രദേശത്തിനോട് കിഴക്കും ഡോക്ലാമിനോട് ചേര്‍ന്നും കിടക്കുന്ന അമു ചു നദീതടത്തില്‍ മൂന്നു ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുരി ഇടനാഴിക്ക് ഭീഷണിയാകുന്ന തരത്തില്‍ തങ്ങളുടെ സാന്നിധ്യം തെക്കോട്ട് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഭൂട്ടാനില്‍ ചൈനയുടെ അധിനിവേശം എന്നാണ് ഇന്ത്യ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയെ വെല്ലുവിളിച്ച് ഭൂട്ടാനിലെ ഇന്ത്യയുടെ റോഡ് നിര്‍മ്മാണം.
ചൈനയില്‍ നിന്ന് തുടര്‍ച്ചയായി അതിര്‍ത്തി പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭൂട്ടാന്‍. 2017-ല്‍ ഡോക്ലാമില്‍ ജംഫരി റിഡ്ജിനോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. ഓപ്പറേഷന്‍ ജൂനിപര്‍ നീക്കത്തിലൂടെ ഇന്ത്യ ഈ നിര്‍മാണം തടഞ്ഞിരുന്നു. ഇന്ത്യന്‍ സൈന്യം ഡോക്‌ലാമിലേക്ക് പ്രവേശിച്ച് ചൈനീസ് സൈനികരെ തടയുകയായിരുന്നു. 72 ദിവസത്തോളം നീണ്ട സംഘര്‍ഷ സാഹചര്യത്തിനൊടുവിലാണ് മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയത്. ഇതോടെ ചൈന ഡോക്‌ലാമില്‍ അടിസ്ഥാന സൗകര്യങ്ങളും ഹെലിപാഡുകളും നിര്‍മിക്കുകയും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഭൂട്ടാന്റെ സമീപപ്രദേശമായ ഡോക്‌ലാം സിക്കിം, ഭൂട്ടാന്‍, ടിബറ്റ് എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഏറെ തന്ത്രപ്രധാനമാണ് ഈ പ്രദേശം.
ഡോക്ലായില്‍ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യ നേരിട്ടത് 2017 ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് 28 വരെ നീണ്ട 'ഓപ്പറേഷന്‍ ജുനിപര്‍' എന്ന നടപടിയിലൂടെയാണ്. റോഡ് നിര്‍മിക്കാനായി ബുള്‍ഡോസര്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ എത്തിച്ചാണ് അന്നു ചൈന കടന്നുകയറിയത്. ദോക്ലാ കടന്ന് ജംഫേരി മുനമ്പിലെത്തിയാല്‍, ബംഗാളിലെ സിലിഗുരി വരെ നിരീക്ഷിക്കാനും ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കാനുമാവും. ഇതു കൊണ്ടാണ് ഈ മേഖലയില്‍ ഇന്ത്യ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നത്.