ട്രംപിന്റെ 'നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ 'കാരണങ്ങള്‍' ഉണ്ടാകാമെന്ന് തരൂര്‍; സ്വദേശി ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയെ വിരട്ടാന്‍ മോദി; വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമ്പോഴും കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും; ഇന്ത്യാ-യുഎസ് ബന്ധം സുദൃഢമാകുമോ?
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'നിര്‍ജീവമായ സമ്പദ്വ്യവസ്ഥ' എന്ന പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഹുല്‍ ഗാന്ധി അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതില്‍ അദ്ദേഹത്തിന്റേതായ 'കാരണങ്ങള്‍' ഉണ്ടാകാമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 'നിര്‍ജീവമാണ്' എന്ന ട്രംപിന്റെ പ്രസ്താവനയോട് രാഹുല്‍ ഗാന്ധി യോജിക്കുകയും, യുഎസ് പ്രസിഡന്റ് ഒരു വസ്തുത പ്രസ്താവിച്ചതില്‍ തനിക്ക് 'സന്തോഷമുണ്ട്' എന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം.
അതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ദ്ധന സൃഷ്ടിച്ച ആഗോള പ്രതിസന്ധിക്കിടെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നു. ഇന്ത്യയ്ക്കും രാജ്യതാത്പര്യമാണ് മുഖ്യമെന്ന് വ്യക്തമാക്കിയ മോദി, സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. സ്വന്തം മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ്, ഇന്ത്യയുടേത് 'നിര്‍ജീവ സമ്പദ്വ്യവസ്ഥ'യാണെന്ന ട്രംപിന്റെ വിവാദ പ്രസ്താവനയോട് മോദി പ്രതികരിച്ചത്. ആഗോള അസ്ഥിരതയുടെ അന്തരീക്ഷമാണെന്നും, എല്ലാ രാജ്യങ്ങളും സ്വന്തം താത്പര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തി ശക്തിയാകാനുള്ള പാതയിലാണ്. അതിനാല്‍ നമ്മള്‍ ജാഗ്രതയോടെ നീങ്ങണം. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യം പരമപ്രധാനമാണ്. ഈ യാത്രയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്രിവച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വദേശി ഉത്പന്നങ്ങളുടെ വിപ്ലവത്തിനായി ഒന്നിച്ചുനീങ്ങണം. സ്വന്തം ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണ്. അവയ്ക്ക് ശക്തമായ അടിത്തറയൊരുക്കണമെന്നും മോദി പറഞ്ഞു. ഇതിനിടെയിലും രാഹുലിന്റെ പ്രസ്താവന വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇതിനെയാണ് തരൂര്‍ പരോക്ഷമായി തള്ളി പറയുന്നത്. അതിനിടെയിലും അമേരിക്കയുമായി ഇന്ത്യ ചര്‍ച്ച തുടരും. അമേരിക്കയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതിക്കും ഇന്ത്യ ശ്രമിക്കും. അമേരിക്കയെ മന്ത്രിമാര്‍ ആരും പ്രത്യക്ഷത്തില്‍ വിമര്‍ശിക്കുകയുമില്ല. കര്‍ഷക താല്‍പ്പര്യം സംരക്ഷിച്ച് അമേരിക്കയുമായി കരാറിനാണ് ഇന്ത്യയുടെ ശ്രമം.
ഇതിനിടെയാണ് രാഹുലിന്റെ പ്രസ്താവനയെ കുറിച്ചുള്ള തരൂരിന്റെ വിശദീകരണവും എത്തുന്നത്. 'എന്റെ പാര്‍ട്ടി നേതാവ് പറഞ്ഞതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറയാന്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തമെന്ന നിലയില്‍ യുഎസുമായുള്ള നമ്മുടെ ബന്ധം പ്രധാനമാണെന്നതാണ് എന്റെ ആശങ്ക. ഏകദേശം 90 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉത്പന്നങ്ങള്‍ നാം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അത് നഷ്ടപ്പെടുത്താനോ കാര്യമായി കുറയ്ക്കാനോ കഴിയുന്ന ഒരവസ്ഥയിലാകുന്നത് നമുക്ക് ഗുണകരമല്ല- തരൂര്‍ പറഞ്ഞു 'ഇന്ത്യയ്ക്ക് വേണ്ടി മികച്ച കരാര്‍ നേടിയെടുക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് കരുത്തുണ്ടാകട്ടെ എന്ന് നമ്മള്‍ ആശംസിക്കണം. നമ്മുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി മറ്റ് പ്രദേശങ്ങളുമായും നമ്മള്‍ സംസാരിക്കണം. അതിലൂടെ യുഎസില്‍ നമുക്ക് സംഭവിച്ചേക്കാവുന്ന നഷ്ടം ഒരു പരിധി വരെ നികത്താന്‍ സാധിക്കും. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നമ്മള്‍ പിന്തുണയ്ക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ ലോകം മുഴുവന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 'നിര്‍ജീവമാണെന്ന്' അറിയാമെന്ന് ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ച് രാഹുല്‍ പറഞ്ഞിരുന്നു. ബുധനാഴ്ച, ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അധിക 'പിഴ' ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ മറ്റൊരു പ്രസ്താവനയും നടത്തിയിരുന്നു. എന്നാല്‍ റഷ്യയില്‍നിന്ന എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ പ്രതികരിക്കുകയും ചെയ്തു.
അമേരിക്കന്‍ ഭീക്ഷണി - ഇന്ത്യക്ക് വേറെ വഴികളുണ്ട്: ഡോ. ശശി തരൂര്‍ ഈ വിഷയത്തെ കാണുന്നത് ഇങ്ങനെ
വ്യാപാര ബന്ധങ്ങള്‍ രൂപപ്പെടേണ്ടത് സൗഹൃദം കൊണ്ടാവണം, ഭീഷണി കൊണ്ടാവരുത് എന്ന് ഡോ. ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിലെ സെക്ഷന്‍ 545 എന്ന നിയമപ്രകാരം, ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് 100 ശതമാനം പിഴക്കരം ഏര്‍പ്പെടുത്തുമെന്ന ആശങ്ക ഉയരുന്നുണ്ട്. രാജ്യത്ത് ഉരുത്തിരിയുന്ന ആശങ്കകള്‍ക്ക് ഡോ. തരൂര്‍ ശക്തമായ പ്രതികരണം നല്‍കിയിരിക്കുകയാണ്. അമേരിക്കയുടെ ഈ നിലപാട് കടുത്ത സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണെന്നു തന്നെ കരുതുന്നു, എന്നാല്‍ അതിനെതിരെ ഇന്ത്യ ജാഗ്രത പാലിച്ച് എന്തു നടപടികള്‍ കൈക്കൊള്ളാനും തയ്യാറായിരിക്കണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വ്യാപാര രംഗത്തെ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ അമേരിക്കയ്ക്കു മുന്നില്‍ അടിയറ വയ്ക്കാന്‍ കഴിയുകയില്ല. നമ്മുടെ ജനതയുടെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ വഴിതിരിച്ച് വിടാന്‍ മറ്റുള്ളവര്‍ ശ്രമിക്കരുത്, എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഈ വിധത്തിലുള്ള കര്‍ശന നടപടികള്‍ നടപ്പാക്കുകയാണെങ്കില്‍, അതിന്റെ ദോഷഫലങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്ക് അനുഭവപ്പെടാം. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ നിന്നും 0.5% GDP നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ നമ്മള്‍ ഒരു ആഗോള വിപണി രാജ്യമാണ്, യു.എസ് മാത്രമല്ല പ്രാധാന്യമുള്ള വ്യാപാര പങ്കാളിയെന്ന് തരൂര്‍ വ്യക്തമാക്കി. ''നമ്മള്‍ യൂറോപ്യന്‍ യൂണിയനുമായും യു.കെ-യുമായും കരാറുകള്‍ പൂര്‍ത്തിയാക്കി, ലാറ്റിന്‍ അമേരിക്ക മുതല്‍ ആഫ്രിക്ക വരെ വിപണികള്‍ തേടുന്നുണ്ട്. ഇന്ത്യയുടെ വിപണി വൈവിധ്യമാര്‍ന്നതാണ്. അമേരിക്കയുടെ ഭാഗത്തു നിന്ന് കടുത്തതും ഏകപക്ഷീയവുമായ നടപടികള്‍ ഉണ്ടായാല്‍ നമ്മള്‍ വ്യത്യസ്ത ദിശകളില്‍ മുന്നോട്ട് പോയി മറ്റു വ്യാപാര മേഖലകള്‍ കണ്ടെത്തും'' അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി നികുതി നിരക്ക് നീതികരിക്കാന്‍ കഴിയാത്തതാണ് എന്ന ആക്ഷേപം ഡോ. ശശി തരൂര്‍ തള്ളിക്കളഞ്ഞു. ''അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ശരാശരി 17% നികുതിയാണ് നല്കുന്നത്. അത് ആഗോളതലത്തില്‍ അധികമല്ല. ഉയര്‍ന്ന വിലയും മല്‍സരക്ഷമതയും കുറവായതു കൊണ്ടാണ് പല അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി നേടാന്‍ കഴിയാത്തത്. ഇതിന് കാരണം, വാണിജ്യ യുക്തിയാണ്, ചിന്താ വ്യവഹാരമല്ല, എന്നു അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനില്‍ വമ്പിച്ച എണ്ണ ഖനന സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രചാരങ്ങള്‍ക്കും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ''ഇന്ത്യയുടെ ഭൂഖണ്ഡം മുഴുവന്‍ നാം കുഴിച്ചുനോക്കിയിട്ടുണ്ട്. നമ്മുടെ എണ്ണ ആവശ്യമിന്റെ 86% ഇന്നും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. ഇത്തരം ഉയര്‍ന്ന താരിഫുകള്‍ കൊണ്ട് ആഗോളരാഷ്ട്രീയ അസ്ഥിരത ഉണ്ടാകാന്‍ അനുവദിക്കരുത്,'' തരൂര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള സാമ്പത്തിക രംഗത്ത് വ്യത്യസ്ത വഴികളിലായി ഇന്ത്യ മുന്നേറുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചൈന പോലെയുള്ള കയറ്റുമതി അധിഷ്ഠിത സാമ്പത്തിക ശൈലി ഇന്ത്യക്കില്ലെന്ന് വ്യക്തമാക്കി. ''നമ്മുടെ ശക്തി നമ്മുടെ ആഭ്യന്തര വിപണിയിലാണ്. നമ്മുക്ക് നമ്മുടെ പാത സ്വയം തേടാന്‍ കഴിയും. സ്വയംപര്യാപ്തതയിലൂടെ മുന്നേറിയ ഒരു ജനതയാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യയുടെ നയരൂപകര്‍ത്താക്കള്‍ ധൈര്യത്തോടും വ്യക്തതയോടും കൂടിയിരിക്കാന്‍ തയ്യാറാകണം എന്നും, ഇത്തരം വ്യാപാര അനീതിയുള്ള ഒരു വ്യവസ്ഥ രാജ്യത്തിനു സ്വീകാര്യമല്ല എന്നും, പ്രത്യേക സാഹചര്യത്തില്‍ ''നാം വേറിട്ട വഴികള്‍ തേടുവാന്‍ തയ്യാറായാല്‍ അതൊരു അഹങ്കാരമല്ല; അത് നമ്മുടെ സ്വാഭിമാനമാണ്'' എന്നും അദ്ദേഹം പറഞ്ഞു.
''യു.എസ്-ഇന്ത്യ ബന്ധം നാം എപ്പോഴും സുദൃഢമായിരിക്കണം എന്നാല്‍ ഈ സൗഹൃദത്തിന് നീതിയുടെ വിലക്കൊടുക്കേണ്ടതില്ല. വിശ്വാസം, പരസ്പര ബഹുമാനം എന്നിവയ്ക്കു അടിസ്ഥാനമാക്കിയുള്ള ഒരു പരിഹാരമാണ് നമുക്ക് വേണ്ടത് എന്നും തരൂര്‍ വ്യക്തമാക്കി.