ശത്രു രാജ്യത്തിന്റെ തലവനെ അമേരിക്ക വരവേറ്റത് പരവതാനി വിരിച്ച് വമ്പന്‍ സന്നാഹങ്ങളോടെ; പുഞ്ചിരിച്ച് കൈ കൊടുത്ത് ഇരുവരും തുടങ്ങിയപ്പോള്‍ പ്രതീക്ഷ; ഷേയ്ക്ക് ഹാന്‍ഡില്‍ ട്രംപിന്റെ ഈഗോ ഇളകിയെന്ന ശരീര ഭാഷാ വിദഗ്ദര്‍; ചുണ്ടിലെ ഭാഷ പറയുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ആഗ്രഹം തന്നെ

Update: 2025-08-16 01:13 GMT

അലാസ്‌ക: അലാസ്‌കയില്‍ നടന്ന ചരിത്രപരമായ ഡൊണാള്‍ഡ് ട്രംപ്-വ്‌ലാഡിമിര്‍ പുടിന്‍ ഉച്ചകോടി ഫലം കാണാതെ അവസാനിക്കുമ്പോഴും മുമ്പിലുള്ളത് പ്രതീക്ഷ മാത്രം. 'കരാറുണ്ടാകുന്നത് വരെ കരാറില്ല' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരു നേതാക്കളും തമ്മില്‍ ഒരു നിര്‍ണ്ണായക വിഷയത്തില്‍ ധാരണയിലെത്താനായില്ലെങ്കിലും, ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായതായി ട്രംപ് അറിയിച്ചു. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം, നിരവധി കാര്യങ്ങളില്‍ തങ്ങള്‍ യോജിച്ചതായി ട്രംപ് വ്യക്തമാക്കി. എന്നാല്‍, 'ഏറ്റവും പ്രധാനപ്പെട്ട' ഒരു വിഷയത്തില്‍ ധാരണയിലെത്തിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു. 'അവിടെയെത്തിയില്ല, പക്ഷേ അവിടെയെത്താന്‍ ഞങ്ങള്‍ക്ക് നല്ല സാധ്യതയുണ്ട്,' ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു നിര്‍ണ്ണായക കരാറില്‍ എത്താന്‍ സാധിക്കാതെ പോയെങ്കിലും, ഇരു നേതാക്കളും തമ്മില്‍ ചില കാര്യങ്ങളില്‍ ധാരണയിലെത്തി എന്ന ട്രംപിന്റെ പ്രസ്താവന, ഉച്ചകോടിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു. എന്നിട്ടും, തീരുമാനം ഉണ്ടാകാതെ പോയത്, പ്രതീക്ഷിച്ച വലിയ മുന്നേറ്റം നടന്നില്ല എന്നതിന്റെ സൂചനയായും വിലയിരുത്തുന്നു.

അമേരിക്കയും റഷ്യയും ശത്രു പക്ഷത്താണ്. എന്നിട്ടും ശത്രു രാജ്യത്തിന്റെ തലവനെ അമേരിക്ക വരവേറ്റത് പരവതാനി വിരിച്ച് വമ്പന്‍ സന്നാഹങ്ങളോടെയാണ്. പുഞ്ചിരിച്ച് കൈകൊടുത്ത് ഇരുവരും തുടങ്ങിയപ്പോള്‍ പ്രതീക്ഷയായിരുന്നു ലോകത്തിന്. ഷേയ്ക്ക് ഹാന്‍ഡില്‍ ട്രംപിന്റെ ഈഗോ ഇളകിയെന്ന ശരീര ഭാഷാ വിദഗ്ദര്‍ പറയുന്നു. ഇതിനൊപ്പം രണ്ടു പേരുടേയും ചുണ്ടിലെ ഭാഷ പറയുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ആഗ്രഹമാണെന്നും വിലയിരുത്തല്‍ ഉണ്ട്. സംയുക്ത വാര്‍ത്താ സമ്മേളനവും ശുഭസൂചനയാണ്. യുക്രൈന്‍ വിഷയത്തില്‍ അന്തിമ തീരുമാനം അവര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും, തന്റെ ഭരണകൂടം ചിന്തിക്കുന്ന കാര്യങ്ങളോട് യുക്രൈന്‍ യോജിക്കണമെന്നും ട്രംപ് പറഞ്ഞു.

ചര്‍ച്ചയുടെ പുരോഗതി അറിയിക്കാന്‍ ട്രംപ് വോളോഡിമിര്‍ സെലെന്‍സ്‌കിയെയും നാറ്റോ, യൂറോപ്യന്‍ സഖ്യകക്ഷികളെയും വിളിച്ചു. പുടിന് നന്ദി പറഞ്ഞ്, 'ഉടന്‍ വീണ്ടും സംസാരിക്കാം, ഒരുപക്ഷേ ഉടന്‍ വീണ്ടും കാണാം. വളരെ നന്ദി വ്‌ലാഡിമിര്‍' എന്ന് ട്രംപ് പറയുമ്പോള്‍, പുടിന്‍ ഇംഗ്ലീഷില്‍, 'അടുത്ത തവണ മോസ്‌കോയിലാണോ?' എന്ന് ചോദിച്ച് ട്രംപിനെ അമ്പരപ്പിച്ചു. ഇത് കേട്ട് ഞെട്ടിയ ട്രംപ്, 'ഓ, അതൊരു രസകരമായ ചോദ്യമാണ്... ഇതിന് കുറച്ച് വിമര്‍ശനം കിട്ടിയേക്കാം, പക്ഷേ നടക്കാന്‍ സാധ്യതയുണ്ട്. വളരെ നന്ദി. എല്ലാവര്‍ക്കും നന്ദി.' എന്ന് പ്രതികരിച്ചു. വെടിനിര്‍ത്തലിനെക്കുറിച്ച് ട്രംപോ പുടിനോ പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചില്ല. ലോക മാധ്യമങ്ങള്‍ നിറഞ്ഞ ഹാളിലായിരുന്നിട്ടും, ചോദ്യങ്ങളൊന്നും സ്വീകരിക്കാതെ ഇരുവരും പരസ്പരം കൈ കൊടുക്കുകയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ശേഷം പുറത്തേക്ക് നടക്കുകയും ചെയ്തു.

2018ന് ശേഷം ആദ്യമായി മുഖാമുഖം കണ്ട ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി പ്രമുഖ ബോഡി ലാംഗ്വേജ് വിദഗ്ധ ജൂഡി ജെയിംസ്. രംഗത്തു വന്നു. കൂടിക്കാഴ്ചയില്‍, ട്രംപ് പുടിന് 'അള്‍ട്ടിമേറ്റ് ഈഗോ-സ്‌ട്രോക്ക്' നല്‍കിയെന്നും ഒരു 'സെലിബ്രിറ്റി അതിഥിയെ' എന്നപോലെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും ജെയിംസ് വിലയിരുത്തി. തുടക്കത്തില്‍ പുടിനെ ഒരു 'ചാറ്റ് ഷോ ഹോസ്റ്റ്' അതിഥിയെപ്പോലെ സ്വീകരിച്ച ട്രംപ്, അദ്ദേഹത്തെ പരസ്യമായി പ്രശംസിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. ഇതില്‍ പുടിന്‍ അതീവ സന്തുഷ്ടനാണെന്നും സന്തോഷത്താല്‍ ആയിരുന്നു എന്നും ജെയിംസ് നിരീക്ഷിച്ചു. യു.എസ്. മണ്ണിലേക്ക് പുടിനെ ക്ഷണിച്ചതും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയതും ട്രംപ് പുടിന് ഒരു 'വിജയം' സമ്മാനിച്ചെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ക്കിടയില്‍ ഉയര്‍ത്തുന്നുണ്ട്. ഈ ഉന്നതതല ചര്‍ച്ചകളുടെ തുടക്കം ആശാവഹമായ സൂചനയല്ല നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2015 സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് പുടിന്‍ ഇതിന് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചത്. അന്ന് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി മുറിയിലേക്ക് മാറിയപ്പോള്‍ ട്രംപിന്റെ ഭാവം പെട്ടെന്ന് മാറിയെന്ന് ജൂഡി ജെയിംസ് നിരീക്ഷിക്കുന്നു. അമിതമായ സൗഹൃദ ഭാവം വെടിഞ്ഞ്, 'ഹെവിവെയ്റ്റ്', 'പവര്‍ പോസ്' സ്വീകരിച്ച ട്രംപ് ഗൗരവമേറിയ ഭാവത്തില്‍കാണപ്പെട്ടു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഈ കൂടിക്കാഴ്ചയെ സമീപിച്ചത്. ആദ്യഘട്ടത്തിലെ അമിതമായ ആതിഥ്യമര്യാദയ്ക്കും സൗഹൃദ പ്രകടനങ്ങള്‍ക്കും ശേഷം ട്രംപിന്റെ സമീപനത്തില്‍ വന്ന ഈ മാറ്റം ശ്രദ്ധേയമാണ്.

ട്രംപും പുടിനും പരസ്പരം 'സഹായിക്കാം' എന്ന് വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. ആറു വര്‍ഷത്തിനിടെ ആദ്യമായി നേരില്‍ കണ്ടുമുട്ടിയ ഇരുനേതാക്കളുടെയും വിമാനത്താവളത്തിലെ രഹസ്യസംഭാഷണങ്ങളാണ് ചുണ്ടുവായിച്ചയാള്‍ പുറത്തുവിട്ടത്. ലോകം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷത്തില്‍, അലാസ്‌കയിലെ എല്‍മന്‍ഡോര്‍ഫ് എയര്‍ഫോഴ്‌സ് ബേസിന്റെ റണ്‍വേയില്‍ വെച്ചായിരുന്നു ഈ നിര്‍ണായക ചര്‍ച്ച. അക്ഷമയോടെ കാത്തുനിന്ന ട്രംപ്, പുടിന്‍ വിമാനത്തില്‍ നിന്നിറങ്ങിയപ്പോള്‍ ആദ്യം പറഞ്ഞത് 'ഒടുവില്‍' എന്നായിരുന്നു. ഇരുവരും കൈകൊടുത്ത നിമിഷം ട്രംപ് പുടിനോട് പറഞ്ഞു: 'നിങ്ങള്‍ എത്തി, കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം, അഭിനന്ദനങ്ങള്‍'. ഇതിന് മറുപടിയായി, 'നന്ദി, ഞാന്‍ നിങ്ങളെ സഹായിക്കാന്‍ ഇവിടെയുണ്ട്' എന്ന് പുടിന്‍ പറഞ്ഞപ്പോള്‍ 'ഞാനും നിങ്ങളെ സഹായിക്കാം' എന്ന് ട്രംപ് മറുപടി നല്‍കി. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി പുടിന്‍ തുടര്‍ന്നു: 'ആവശ്യപ്പെട്ടാല്‍ ഞാന്‍ ഇത് അവസാനിപ്പിക്കും. അവര്‍ ചോദിച്ചാല്‍ മാത്രം മതി'. ഇതിന് 'അങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന് ട്രംപ് മറുപടി നല്‍കി.-ചുണ്ടുകള്‍ വായിക്കുന്ന വിദഗ്ധന്റെ വിലയിരുത്തലാണ് ഇത്.

തുടര്‍ന്ന് ഇരുവരും വാഹനത്തിലേക്ക് നീങ്ങവേ ട്രംപ് പറഞ്ഞു: 'വേഗം വാഹനത്തിലേക്ക് കയറാം. നമ്മുക്ക് മുന്നോട്ട് പോകണം, ഇരുവര്‍ക്കും ശ്രദ്ധ നല്‍കണം. ഇത് ഗൗരവമുള്ളതാണെന്ന് എനിക്കറിയാം, ഇത് ഒരുപാട് കാലമായിട്ടുള്ളതാണ്. എന്തൊരു യാത്രയാണിത്'. സംഭാഷണത്തിനിടെ 'ഒരു സ്‌കൂപ്പ് വേണോ' എന്ന് ട്രംപ് പുടിനോട് ചോദിച്ചു. 'സ്‌കൂപ്പ് തരൂ' എന്ന് പുടിന്‍ ആവശ്യപ്പെട്ടപ്പോള്‍, 'ഇതൊരു കാര്‍ഗോ ഫ്യുവല്‍ ആണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിന്റെ കൃത്യമായ അര്‍ത്ഥം ഇതുവരെ വ്യക്തമല്ല. യുക്രെയ്ന്‍ യുദ്ധം പോലെ ദീര്‍ഘകാലമായി തുടരുന്നതും സങ്കീര്‍ണ്ണവുമായ ഒരു പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ഈ 'രഹസ്യവാഗ്ദാനങ്ങള്‍' എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം എന്നാണ് വിലയിരുത്തല്‍.

Tags:    

Similar News