'അയാളുടെ കൈയിൽ ചോരയുടെ മണമാണ്; ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാകുന്നു..; പക്ഷെ അവർ ചുവപ്പു പരവതാനി വിരിച്ച് വരവേൽക്കുന്നു; ഇത് ഒട്ടും ശരിയല്ല..!!'; അലാസ്കയിലെ ആ ഊഷ്മള സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് യുക്രൈനിലെ അഭിഭാഷക; പുടിന്റെ യു.എസ് സന്ദർശനം ചർച്ചകൾക്ക് വഴിതെളിയിക്കുമ്പോൾ

Update: 2025-08-17 12:50 GMT

മോസ്കോ: അലാസ്കയിൽ ട്രംപുമായി പുടിൻ നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിയിച്ചിരിക്കുന്നത്. സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാട് റഷ്യ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പുടിൻ സമാധാനപരമായ പരിഹാരം കാണാനുള്ള റഷ്യയുടെ ഉദ്ദേശ്യം ട്രംപിനോട് ആവർത്തിച്ചുവെന്നും ഉദ്യോ​ഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. വളരെക്കാലമായി ഈ തലത്തിൽ ഇത്തരത്തിലുള്ള നേരിട്ടുള്ള ചർച്ചകൾ ഞങ്ങൾ നടത്തിയിട്ടില്ല. റഷ്യയ്ക്ക് ശാന്തമായും വിശദമായും നിലപാട് ആവർത്തിക്കാൻ അവസരം ലഭിച്ചുവെന്നും പുടിൻ ഉദ്യോ​ഗസ്ഥരുമായുള്ള ആശയവിനിമയത്തിനിടെ കൂട്ടിച്ചേർത്തു.

ഇപ്പോഴിതാ, അലാസ്കയിലെ ആ ഊഷ്മള സ്വീകരണത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് യുക്രൈനിലെ ഒരു അഭിഭാഷക. ഇതോടെ പുടിന്റെ യു.എസ് സന്ദർശനം കൂടുതൽ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അലാസ്കയിൽ നടന്ന കൂടിക്കാഴ്ച യാതൊരുവിധ തന്ത്രപരമോ രാഷ്ട്രീയപരമോ ആയ ഉടമ്പടികളില്ലാതെ അവസാനിച്ചെങ്കിലും, പുടിന് ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ ജനതയെ വേദനിപ്പിച്ചു.

പുടിന്റെ വിമാനത്തെ നാല് അമേരിക്കൻ യുദ്ധവിമാനങ്ങൾ അനുഗമിച്ചെത്തിയതും, വിമാനത്താവളത്തിൽ ട്രംപ് പുടിനെ നേരിട്ട് ചെന്ന് സ്വീകരിച്ച് കൈകൊടുത്തതും, ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും ചിരിക്കുന്നതും പോലുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പുടിന് ഇത് ആഗോള നയതന്ത്ര വേദിയിലേക്ക് ഒരു തിരിച്ചുവരവ് കൂടിയായിരുന്നു.

"അന്താരാഷ്ട്ര പരിപാടികളിൽ ഇത്തരം ചുവപ്പു പരവതാനികളും ആചാരപരമായ സ്വീകരണങ്ങളും സാധാരണമാണ്. എന്നാൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണക്കാരനായ ഒരു ആക്രമണകാരിക്ക് ഇത്തരം സ്വീകരണം നൽകുന്നത് ശരിയായില്ല," കിയെവിലെ അഭിഭാഷകയായ മരിയ ഡ്രാക്കോവ പറഞ്ഞു. "ഈ സംഭവം പുടിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയതാണെന്ന് തോന്നുന്നു. യുക്തിസഹമായി ചിന്തിക്കുന്ന ലോകം അദ്ദേഹത്തിന് ഇത്തരം സ്വീകരണം നൽകി യുക്തിരഹിതമായാണ് പെരുമാറുന്നത്," അവർ കൂട്ടിച്ചേർത്തു.

അതേസമയം, 2022 ഫെബ്രുവരിയിൽ യുക്രെയ്നെതിരെ റഷ്യ തുറന്ന യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു അമേരിക്ക-റഷ്യ ഉച്ചകോടി ചേരുന്നത്. ഉച്ചകോടിയുടെ ഭാ​ഗമായി വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മൂന്ന് മണിക്കൂറോളം ആശയവിനിമയം നടത്തി.

ഇതിനിടെ സമാധാന നീക്കങ്ങൾക്ക് അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരിക്കെ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി തിങ്കളാഴ്ച വാഷിംഗ്ടൺ സന്ദർശിക്കും. പുടിൻ-ട്രംപ് കൂട്ടിക്കാഴ്ചയ്ക്ക് പിന്നാലെ നടക്കുന്ന സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ ആകാംക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്.

Tags:    

Similar News