നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സെലന്‍സ്‌കിയോട് മോസ്‌കോയില്‍ എത്താന്‍ ആവശ്യപ്പെട്ട് പുട്ടിന്‍; സാധ്യമല്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രെയിന്‍ പ്രസിഡന്റ്; മോസ്‌കോ കൂടിക്കാഴ്ച നല്ല ആശയമല്ലെന്ന് യൂറോപ്യന്‍ നേതാക്കളും; ജനീവയില്‍ വേദി ഒരുക്കാമെന്ന് മാക്രോണ്‍; രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് തടയാന്‍ പുടിന് പ്രത്യേക സംരക്ഷണ വാഗ്ദാനം; പുട്ടിന്‍ ഒപ്പിടുമോ എന്ന് സന്ദേഹം തീരാതെ യുഎസ് പ്രസിഡന്റ്

നേരിട്ടുള്ള ചര്‍ച്ചക്ക് സെലന്‍സ്‌കിയോട് മോസ്‌കോയില്‍ എത്താന്‍ ആവശ്യപ്പെട്ട് പുട്ടിന്‍

Update: 2025-08-19 15:58 GMT

മോസ്‌കോ: റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് വ്‌ളാദിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇതുനിര്‍ദ്ദേശിച്ചത്. എന്നാല്‍, യുക്രെയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി ഇത് തള്ളിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്ന പുടിന്റെ നിര്‍ദ്ദേശം നല്ല ആശയമല്ലെന്ന് യൂറോപ്യന്‍ നേതാക്കളും ട്രംപിനെ ധരിപ്പിച്ചു.

ഉഭയകക്ഷി സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അല്‍പം അയവ് കാണിക്കണമെന്നാണ് സെലന്‍സ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടത്്. റഷ്യയുടെയും, യുക്രെയിന്റെയും നേതാക്കള്‍ ഉറപ്പായും തമ്മില്‍ ചര്‍ച്ചയ്ക്കായി കാണുമെന്നും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. ആദ്യം പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും അതിനു ശേഷം ട്രംപ് കൂടി ഉള്‍പ്പെട്ട ത്രികക്ഷി ചര്‍ച്ചയുമാണ് യുഎസ് പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇരുനേതാക്കളും തമ്മില്‍ ജനീവയില്‍ വച്ച് കണ്ടുമുട്ടാമെന്ന നിര്‍ദ്ദേശം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ടുവച്ചു. രാജ്യാന്തര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനീവയിലെത്തിയാല്‍ പുടിന്‍ കുടുങ്ങും. എന്നാല്‍, ക്രിമിനല്‍ നടപടികള്‍ തടഞ്ഞ് പുടിന് ഒഴിവു നല്‍കാനും ആതിഥേയത്വം വഹിക്കാനും സ്വിസ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.

ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞ 5 കാര്യങ്ങള്‍

അമേരിക്കന്‍ സേന യുക്രെയിന്‍ മണ്ണില്‍ ഉണ്ടാവില്ല.

യുക്രെയിന്‍ നാറ്റോയുടെ ഭാഗമാകില്ലെങ്കിലും ഇനിയൊരു റഷ്യന്‍ അധിനിവേശം യൂറോപ്യന്‍ സേന തടയും.

പുടിന് യുദ്ധത്തിന്റെ ക്ഷീണമുണ്ടെങ്കിലും യുക്രെയിന്‍ സമാധാന കരാറില്‍ ഒപ്പിടാതിരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു

സമാധാന പ്രക്രിയയില്‍ പുടിന്‍ സഹകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. അതേസമയം, സെലന്‍സ്‌കിയും അല്‍പ്പം അയവുകാട്ടണം.

ലോക നേതാക്കളുമായി ഭൂമി കൈമാറ്റം ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തിന് യുക്രെയിന് വളരെയധികം ഭൂമി തിരിച്ചുകിട്ടാന്‍ പോവുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു.

മൂന്നുവര്‍ഷത്തിന് ശേഷം ആദ്യത്തെ കൂടിക്കാഴ്ച

അതേസമയം, സെലന്‍സ്‌കിയുമായി പുടിന്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥിരീകരിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനിടെ ഇരുവരും നേരിട്ട് കൂടിക്കാഴ്ചക്ക് തയ്യാറായത് സുപ്രധാനമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

'തീര്‍ച്ചയായും സെലന്‍സ്‌കിയെ കാണുമെന്നാണ് പുടിന്‍ പറയുന്നത്. ഇതൊരു വലിയ കാര്യമാണ്,' റൂബിയോ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം അവര്‍ സുഹൃത്തുക്കളായി മടങ്ങിവരും എന്നോ, അല്ലെങ്കില്‍ ഒരു സമാധാന കരാര്‍ ഉണ്ടാക്കും എന്നോ തനിക്ക് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് വഴിതുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍, ഭാവിയില്‍ പുടിന്‍-ട്രംപ്-സെലന്‍സ്‌കി എന്നിവര്‍ തമ്മിലുള്ള ഒരു കൂടിക്കാഴ്ച നടക്കുമെന്നും, അതില്‍ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ സാധ്യതയുണ്ടെന്നും റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ ലക്ഷ്യത്തിലെത്താന്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും, അങ്ങനെയൊരു സാഹചര്യത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നത് ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, റഷ്യ-യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ചിരിക്കുന്ന സമീപനം വളരെ ആഴത്തിലുള്ളതാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണത്തെ കൂടിക്കാഴ്ചകള്‍, യുദ്ധത്തിന്റെ ഗതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

Tags:    

Similar News