അമേരിക്കയും പാക്കിസ്ഥാനും അടുക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഭായി..ഭായിയാകും! പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; ചൈനയുമായുള്ള നല്ല ബന്ധം അനിവാര്യതയെന്ന് പ്രധാനമന്ത്രി മോദി; ചൈനയിലെ കൂടിക്കാഴ്ച നിര്‍ണ്ണായകം; ലക്ഷ്യം അയല്‍പക്കവുമായുള്ള ബന്ധത്തില്‍ സ്ഥിരമായ മുന്നേറ്റം

Update: 2025-08-19 16:07 GMT

ന്യൂഡല്‍ഹി: ഇനി ലക്ഷ്യം പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍ക്കാരുമായി നല്ല ബന്ധം. പാക്കിസ്ഥാനും അമേരിക്കയും കൈ കോര്‍ക്കുമ്പോള്‍ മറു തന്ത്രവുമായി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നരേന്ദ്ര മോദിയെ കണ്ട് ഷി ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറി. അതിര്‍ത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനില്‍ താനും ഷി ജിന്‍പിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാര്‍ഹമാണെന്നും മോദി പറഞ്ഞു. ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ സാധ്യതയാണ് തെളിയുന്നത്.

''കഴിഞ്ഞ വര്‍ഷം കസാനില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം, പരസ്പരം താല്‍പര്യങ്ങളെയും സംവേദനക്ഷമതയെയും ബഹുമാനിച്ചുകൊണ്ട് ഇന്ത്യ-ചൈന ബന്ധം സ്ഥിരമായ പുരോഗതി കൈവരിച്ചു. ഞങ്ങളുടെ അടുത്ത കൂടിക്കാഴ്ചയ്ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിരതയുള്ളതും പ്രവചനാതീതവും ക്രിയാത്മകവുമായ ബന്ധം പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവന നല്‍കും'' മോദി എക്‌സില്‍ കുറിച്ചു. നേരത്തെ ഇന്ത്യ ചൈന അതിര്‍ത്തി ശാന്തമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള എസ്ആര്‍ ടോക്‌സ് എന്ന ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ ഒന്നിനുമായി ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ 'സ്ഥിരമായ മുന്നേറ്റം' പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും. അതിര്‍ത്തിയിലെ തര്‍ക്കങ്ങളും നയതന്ത്ര പ്രശ്‌നങ്ങളും നിലനില്‍ക്കെ ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കാനാണ് ഇരു രാജ്യങ്ങളുടേയും ശ്രമം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം 'സ്ഥിരമായ മുന്നേറ്റം' കൈവരിച്ചതായി പ്രധാനമന്ത്രി മോദി എക്‌സിലെ തന്റെ പോസ്റ്റില്‍ കുറിച്ചത് നിര്‍ണ്ണായകമാണ്. പരസ്പര താല്‍പ്പര്യങ്ങളെയും സംവേദനക്ഷമതയെയും ബഹുമാനിച്ചുകൊണ്ടുള്ള സമീപനമാണ് ഈ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിരവും ക്രിയാത്മകവും പ്രവചനാതീതവുമായ ബന്ധം പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സമൃദ്ധിക്കും വലിയ സംഭാവന നല്‍കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. വരാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ഷി ജിന്‍പിങ്ങുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഉറ്റുനോക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിനില്‍ നടക്കുന്ന ഉച്ചകോടിയിലേക്കുള്ള ക്ഷണം വാങ് യി പ്രധാനമന്ത്രി മോദിക്ക് കൈമാറി. ഈ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുകയും ചെയ്തു. കൂടാതെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ചര്‍ച്ചയേയും ചൈനീസ് വിദേശ കാര്യമന്ത്രി പ്രതീക്ഷയോടെയാണ് കാണുന്നത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിര്‍ത്തി പ്രശ്‌നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ ഒരു പരിഹാരം കണ്ടെത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രധാനമന്ത്രി മോദിയുടെ ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയാണെന്ന് വാങ് യിയും അഭിപ്രായപ്പെട്ടു.

ചരിത്രപരമായി അതിര്‍ത്തി തര്‍ക്കങ്ങളാല്‍ കലുഷിതമായ ഇന്ത്യ-ചൈന ബന്ധത്തില്‍ ഈ നയതന്ത്ര മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. ഉച്ചകോടിയില്‍ മോദിയും ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായക വഴിത്തിരിവാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

Tags:    

Similar News