കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ പാതിയോളം കുറവ് വര്‍ക്ക് പെര്‍മിറ്റ്; വര്‍ക്ക്-സ്റ്റുഡന്റ്- ഡിപന്‍ഡാന്റ് വിസകള്‍ ആകെ അനുവദിച്ചത് പത്തു ലക്ഷത്തില്‍ താഴെ: നഴ്സുമാരുടെയും കെയറര്‍മാരുടെയും വിസ കുറഞ്ഞു: യുകെയിലെ വിസ കണക്കുകള്‍ ഇങ്ങനെ
ലണ്ടന്‍: വിദേശ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വിസ നല്‍കുന്നത് കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതോടൊപ്പം, ഫാമിലി വിസ നല്‍കുന്നതും, മറ്റ് മാനുഷിക പരിഗണനകള്‍ വെച്ച് വിസ നല്‍കുന്നതും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ എല്ലാം കൂടി 2025 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 8,34,977 വിസകളാണ് നല്‍കിയിട്ടുള്ളത്. ഇത് തൊട്ടു മുന്‍പത്തെ ഒരു വര്‍ഷക്കാലയളവിനേക്കാള്‍ 32 ശതമാനം കുറവാണ് എന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് തൊട്ട് മുന്‍പുള്ള 12 മാസക്കാലയളവില്‍ നല്‍കിയത് 1,23 മില്യന്‍ വിസകളായിരുന്നു.
ഇക്കാലയളവില്‍ നല്‍കിയ വര്‍ക്ക് വിസകളുടെ എണ്ണം ഏകദേശം പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ വര്‍ക്ക് വിസകളുടെ എണ്ണം 5,45,855 എന്നതില്‍ നിന്നും 48 ശതമാനം കുറഞ്ഞ് 2,86,071 ആയി.അതേസമയം സ്റ്റുഡന്റ് വിസയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് 18 ശതമാനത്തിന്റെ കുറവാണ്. സ്റ്റുഡന്റ് വിസകളുടെ എണ്ണം 5,30,312 ല്‍ നിന്നും 4,35,891 ആയി കുറഞ്ഞപ്പോള്‍ ഫാമിലി വിസകളുടെ എണ്ണം 83,912 ല്‍ നിന്നും 15 ശതമാനം കുറഞ്ഞ് 70,961 ആയി. റീസെറ്റില്‍മെന്റ് വിഭാഗത്തിലും നല്‍കിയ വിസകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
യുക്രെയിന്‍ സെറ്റില്‍മെന്റ് വിഭാഗത്തില്‍ വിസകളുടെ എണ്ണം 48 ശതമാനം കുറഞ്ഞ് 14,216 ആയപ്പോള്‍, ഹോങ്കോംഗില്‍ നിന്നുള്ള ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് സ്റ്റാറ്റസുള്ളവര്‍ക്ക് നല്‍കുന്ന വിസകളുടെ എണ്ണം 47 ശതമാനം കുറഞ്ഞ് 11,804 ആയി. ഇ യു സെറ്റിലെമെന്റിനു കീഴില്‍ നല്‍കുന്ന വിസകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 34 ശതമാനത്തിന്റെ കുറവാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഇവയ്ക്ക് പുറമെ ആശ്രിതര്‍ക്കായി 3,640 വിസകളും, മറ്റ് സെറ്റില്‍മെന്റുകള്‍ക്ക് കീഴെ 3,037 വിസകളും നല്‍കിയിട്ടുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍, 2021 ശേഷം ഏതൊരു 12 മാസക്കാലയളവിലും നല്‍കുന്ന ഏറ്റവും കുറവ് എണ്ണം വിസകളാണ് 2025 ജൂണിലവസാനിച്ച 12 മാസക്കാലയളവില്‍ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ആദ്യം കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളാണ് ഈ കുറവിന് പ്രധാനമായും കാരണമായത്. ഈ പുതിയ നിയമങ്ങള്‍ വഴി വലിയൊരു വിഭാഗം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാന്‍ കഴിയാതെയായി. അതോടൊപ്പം വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ കുടുംബത്തെ കൂടെക്കൊണ്ടുവരുന്നതും വിലക്കിയിരുന്നു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്ന ഫാമിലി വിസകളുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. 2024 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ ഇത്തരത്തിലുള്ള 2,67,348 വിസകള്‍ നല്‍കിയപ്പോള്‍, ഈ വര്‍ഷം ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ അത് 61,901 ആയി കുറഞ്ഞു. അതായത്, 77 ശതമാനത്തിന്റെ കുറവാണ് ഇതില്‍ ഉണ്ടായത്.
അതേസമയം, സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരുടെ ആശ്രിതര്‍ക്കുള്ള വിസയുടെ എണ്ണത്തിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്, 81 ശതമാനം. മുന്‍ വര്‍ഷം ഈ വിഭാഗത്തില്‍ 94,204 വിസകള്‍ നല്‍കിയപ്പോള്‍, 2025 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ നല്‍കിയത് 17,804 വിസകള്‍ മാത്രമായിരുന്നു. വരും മാസങ്ങളിലും ഈ ഇടിവ് തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതേസമയം, വിദേശ നഴ്സുമാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തിലും 80 ശതമാനത്തിന്റെ ഇടിവുണ്ടായതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ അവസാനിക്കുന്ന 12 മാസക്കാലയളവില്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആശ്രിതര്‍ക്കും നല്‍കുന്ന വിസയുടെ എണ്ണത്തില്‍ 77 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം കെയറിംഗ് പേഴ്സണല്‍ സര്‍വീസ് ജോലിക്കുള്ള വിസയുടെ കാര്യത്തില്‍ 88 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച്, നിലവില്‍ യു കെയിലുള്ള വിദേശ കെയര്‍വര്‍ക്കര്‍മാര്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്. വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നതിനു മുന്‍പായി, തദ്ദേശീയമായി റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ തൊഴിലുടമ ഹാജരാക്കേണ്ടതുണ്ട്.
അതേപോലെ, വിദേശത്തു നിന്നും സ്‌കില്‍ഡ് വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ മിനിമം ശമ്പള പരിധി ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ 23,200 പൗണ്ട് എന്നതില്‍ നിന്നും 25,000 പൗണ്ട് (അല്ലെങ്കില്‍ മണിക്കൂറില്‍ 12.82 പൗണ്ട്) ആക്കി വര്‍ദ്ധിപ്പിച്ചിരുന്നു. അതുപോലെ യു കെയില്‍ സ്ഥിരതാമസമാക്കാനുള്ള റൈറ്റ് ടു ലിവ് ലഭിക്കുന്നതിനുള്ള ചട്ടങ്ങളും കൂടുതല്‍ കര്‍ക്കശമാക്കിയിരുന്നു. ഇതെല്ലാമാണ് യു കെയിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയാന്‍ ഇടയാക്കിയത്. അതേസമയം, അനധികൃതമായി യു കെയില്‍ എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കാര്യമായി നിയന്ത്രിക്കാന്‍ ഇനിയും സര്‍ക്കാരിനായിട്ടില്ല എന്നതും ഒരു വസ്തുതയാണ്.