അമേരിക്കയുമായുളള വ്യാപാര സംഘര്‍ഷത്തില്‍ കടുംപിടുത്തം ഉപേക്ഷിക്കാന്‍ കാനഡ; യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ പ്രതികാര തീരുവകളില്‍ പലതും പിന്‍വലിച്ചു; അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് മാര്‍ക്ക് കാര്‍ണി
ഓട്ടവ: അമേരിക്കയുമായുളള വ്യാപാര സംഘര്‍ഷങ്ങളില്‍ അയവ് വരുത്തുന്നതിന്റെ സൂചനയായി കാനഡ യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന പ്രതികാര തീരുവകളില്‍ പലതും പിന്‍വലിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുനഃക്രമീകരിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്. കൂടാതെ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ തീരുവ നല്‍കുന്നതിനും ഇത് കാരണമാകും. തടി, കടല്‍ വിഭവങ്ങള്‍ മുതല്‍ മദ്യം, ഓട്ടോ പാര്‍ട്സ് വരെയുള്ള എല്ലാത്തിന്റെയും വില നിയന്ത്രിക്കാന്‍ ഇത് സഹായകമാകും. അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം, ഈ നീക്കം കനേഡിയന്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന ബിസിനസുകാര്‍, ഭവനനിര്‍മ്മാണക്കാര്‍ മുതല്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക്് വരെ ആശ്വാസകരമായി മാറും.
ട്രംപ് ഭരണകൂടം സ്റ്റീലിനും അലുമിനിയത്തിനും തീരുവ ഏര്‍പ്പെടുത്തിയത് ഈ മേഖലകല്‍ വന്‍ തോതില്‍ അനിശ്ചിതത്വത്തിന് കാരണമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ നീക്കം ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്. കാനഡ ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് മുന്നില്‍ മുട്ട് വളച്ചു എന്ന ആരോപണം ഒരു വശത്ത് നിന്ന് ഉയരുന്നുണ്ടെങ്കിലും രണ്ട് രാജ്യങ്ങള്‍ക്കും ആത്യന്തികമായി ഇത് ഗുണം ചെയ്യും.
ഈ മാസം ആദ്യം ഇരു രാജ്യങ്ങളും ഒരു വ്യാപാര കരാറിലെത്താന്‍ സ്വയം നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിന് ശേഷമാണ് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആദ്യമായി ഫോണില്‍ സംസാരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അമേരിക്ക സ്റ്റീലിനും അലുമിനിയത്തിനും തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, കാനഡ വിവിധ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പ്രതികാര താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.
തീരുവ പിന്‍വലിച്ചത് അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് മാര്‍ക്ക് കാര്‍ണി അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്- മെക്സിക്കോ-കാനഡ വ്യാപാര കരാറിന് കീഴില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ ഇളവുകളുമായി പൊരുത്തപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അമേരിക്കയുടെ തീരുവകള്‍ക്ക് മറുപടിയായി മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് പ്രതികാര താരിഫുകള്‍ ആദ്യം ഏര്‍പ്പെടുത്തിയത്. കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനത്തിലധികവും യുഎസിലേക്കാണ് പോകുന്നത്, മെക്സിക്കോയുടെ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ്.