ഇന്ത്യയ്ക്ക് ട്രംപ് താരിഫ് ഷോക്ക് നല്‍കിയതിന് പിന്നില്‍ പകപോക്കല്‍; ഇരട്ട തീരുവ ചുമത്തി ഇരുട്ടടി അടിച്ചത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയാത്ത നീരസം മൂലം; സമാധാന നൊബേലിനായി കൊതിക്കുന്ന യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഇന്ത്യയുടെ സമീപനം; റഷ്യന്‍ എണ്ണയല്ല കാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടും പീറ്റര്‍ നവാരോയുടെ പ്രസ്താവനയും

ഇന്ത്യയ്ക്ക് ട്രംപ് താരിഫ് ഷോക്ക് നല്‍കിയതിന് പിന്നില്‍ പകപോക്കല്‍;

Update: 2025-08-29 16:56 GMT

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായിട്ടും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ കാരണമെന്ത്? ഇരുട്ടടി പോലെ ഇരട്ട തീരുവ( 50%) ചുമത്താന്‍ കാരണം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്നും യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ആരോപിച്ചാണ്. എന്നാല്‍, കാരണം ഇതൊന്നുമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ടും, ഡൊണാള്‍ഡ് ട്രംപിന്റെ സഹായിയും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ പീറ്റര്‍ നവാരോയുടെ പ്രസ്താവനയുമാണ് കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്.

ജെഫറീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്..

ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ടത്തീരുവ ചുമത്താന്‍ തീരുമാനിച്ചത് വ്യക്തിപരമായ നീരസം മൂലമാണെന്ന് രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസ്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതല്ല ഇതിന് കാരണമെന്ന് ജെഫറീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപിന് അവസരം ലഭിക്കാതെ പോയതാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചതെന്നും, എന്നാല്‍ ഇന്ത്യയുടെ നിലപാട് കാരണം അതിന് സാധിക്കാതെ പോയെന്നും ജെഫറീസ് പറയുന്നു. പാക്കിസ്ഥാനുമായുള്ള വിഷയങ്ങളില്‍ ഒരു മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ ഒരിക്കലും അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ ട്രംപിനുണ്ടായ വ്യക്തിപരമായ അതൃപ്തിയാണ് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ടത്തീരുവ ഏര്‍പ്പെടുത്താന്‍ കാരണം.

ഈ നടപടിയിലൂടെ ട്രംപ് തന്റെ നീരസം തീര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രംപിന്റെ ഈ നീക്കം വ്യാപാര രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

നവാരോ പറഞ്ഞത്

ട്രംപിന്റെ ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ ചുമത്തുന്ന ഉയര്‍ന്ന താരിഫുകള്‍ വ്യാപാര, ഊര്‍ജ്ജ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ പകപോക്കലാണെന്ന് വിരല്‍ചൂണ്ടുന്നതാണ്, ട്രംപിന്റെ സഹായിയും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ പീറ്റര്‍ നവാരോയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് നവാരോ നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക വേരുകളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദീര്‍ഘകാല പ്രശ്‌നപരിഹാരത്തില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിച്ചില്ലെന്ന ട്രംപിന്റെ വ്യക്തിപരമായ അതൃപ്തിയാണ് താരിഫുകള്‍ക്ക് പിന്നിലെ പ്രധാന കാരണമെന്ന ജെഫറീസ് നിരീക്ഷണം തന്നെയാണ് നവാരോയും ആവര്‍ത്തിക്കുന്നത്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നടന്ന നാല് ദിവസത്തെ യുദ്ധത്തിന് ശേഷം വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നൊബേല്‍ സമാധാന സമ്മാനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍, ഇന്ത്യ ട്രംപിന്റെ വാദങ്ങളെ ഖണ്ഡിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

'ഇന്ത്യ ഏകാധിപത്യ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്,' എന്ന് നവാരോ ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, യുക്രെയ്ന്‍-റഷ്യന്‍ യുദ്ധത്തെ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചിരുന്നു.


റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയാല്‍ യുഎസ് ഏര്‍പ്പെടുത്തിയ താരിഫില്‍ ഇളവു നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുകയാണെന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നത് മോസ്‌കോയുടെ സൈനിക ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണം മുഴുവന്‍ റഷ്യ യുദ്ധത്തിനാവശ്യമായ യന്ത്രങ്ങളും മറ്റും വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News