ഹ്യൂണ്ടായി പ്ലാന്റിലേക്കുള്ള വഴികളെല്ലാം അടച്ച് കനത്ത സുരക്ഷാ സന്നാഹം തീര്‍ത്തു; 500 സുരക്ഷ ഉദ്യോഗസ്ഥരാണ് ഇരച്ചെത്തി; രക്ഷപ്പെടാന്‍ ചിലര്‍ മാലിന്യ കുളത്തിലേക്ക് എടുത്ത് ചാടി; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വേട്ട; കൊറിയക്കാര്‍ നാട്ടിലേക്ക്; ട്രംപ് രണ്ടും കല്‍പ്പിച്ച്

Update: 2025-09-08 04:23 GMT

ന്യുയോര്‍ക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഹ്യൂണ്ടായിയുടെ വാഹന നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് 475 പേരെ പിടികൂടിയ സംഭവത്തില്‍ ഇടപെട്ട് ദക്ഷിണ കൊറിയ. ഇവരെ നാട്ടിലെത്തിക്കാനാണ് ശ്രമം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോതില്‍ നടത്തിയ റെയ്ഡുകളില്‍ ഒന്നാണ് ഇത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോര്‍ജിയയിലെ ഹ്യുണ്ടായ് പ്ലാന്റില്‍ അധികൃതര്‍ റെയ്ഡിനായി എത്തിയത്.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള കമ്പനികളായ ഹ്യുണ്ടായിയും എല്‍ജി എനര്‍ജി സൊല്യൂഷനും സംയുക്തമായി നടത്തുന്ന ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഹ്യുണ്ടായ് മെറ്റാപ്ലാന്റിലാണ് റെയ്ഡ് നടന്നത്. തെക്കുകിഴക്കന്‍ ജോര്‍ജിയയിലെ ഒരു ഗ്രാമ പ്രദേശത്താണ് ഈ പ്ലാന്റ് ഉള്ളത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കൊറിയന്‍ പൗരന്മാരാണ്. ഇവിടെ ഇത്തരത്തില്‍ നിരവധി പേര്‍ ജോലി ചെയ്യുന്നു എന്ന വിവരം അധികൃതര്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. നിരവധി മാസങ്ങളായി ആസൂത്രണം ചെയ്ത നീക്കത്തിനൊടുവിലായിരുന്നു റെയ്ഡ് നടന്നത്.

പ്ലാന്റിലേക്കുള്ള വഴികളെല്ലാം അടച്ച് കനത്ത സുരക്ഷാ സന്നാഹം തീര്‍ത്തതിന് ശേഷമായിരുന്നു റെയ്ഡ്. 500 സുരക്ഷ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. റെയ്ഡ് വാര്‍ത്ത പരന്നതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടായി. ചിലര്‍ പ്ലാന്റിനുള്ളിലെ മാലിന്യ കുളത്തിലേക്ക് എടുത്ത് ചാടുകയും മറ്റുചിലര്‍ എയര്‍ ഡക്റ്റുകളില്‍ ഒളിച്ചതായും യുഎസ് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ ഭിത്തികളോട് ചേര്‍ത്ത് നിരനിരയായി നിര്‍ത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.

യുഎസില്‍ നിയമപരമായ തങ്ങുന്നവരെ പോകാന്‍ അനുവദിക്കുകയും ബാക്കിയുള്ളവരെ കസ്റ്റഡിയിലെടുത്ത് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികളെല്ലാം ആഴ്ചകളോളം രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച്, സൂക്ഷ്മമായി ഏകോപിപ്പിച്ച ഒരു അന്വേഷണത്തിന്റെ ഫലമായിരുന്നു റെയ്ഡ്. നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ നടക്കുന്ന ഏറ്റവും വലിയ കുടിയേറ്റ വേട്ടയാണിത്. പിടിയിലായ തൊഴിലാളികളെ ദക്ഷിണ കൊറിയയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയാണ് തടവിലാക്കപ്പെട്ട തൊഴിലാളികളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടക്കി കൊണ്ടുവരാന്‍ തീരുമാനിച്ചത്.

നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം അയക്കുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിനുളള നടപടി ക്രമങ്ങള്‍ക്കായി കൊറിയയിലെ വിദേശകാര്യമന്ത്രി അമേരിക്കയിലേക്ക് പോയി. അമേരിക്കയില്‍ നിക്ഷേപം നടത്തുന്ന എല്ലാ വിദേശ കമ്പനികളോടും അമേരിക്കയുടെ കുടിയേറ്റ നിയമങ്ങളെ മാനിക്കണം എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത 475 പേരില്‍ 300 പേരാണ് കൊറിയക്കാരായി ഉള്ളത്. 23 പേര്‍ മെക്സിക്കോക്കാരാണ്.

Tags:    

Similar News