ആക്രമിക്കുന്ന വേളയില്‍ അള്ളാഹു അക്ബര്‍ എന്ന് അലറി വിളിച്ച ക്രിമിനല്‍; ജെറുസലേമിന് പത്തു കിലോ മീറ്റര്‍ അകലെ കുത്തേറ്റത് രണ്ടു പേര്‍ക്ക്; അക്രമി അഭയാര്‍ത്ഥിയെന്നും റിപ്പോര്‍ട്ട്; ഇസ്രയേലിലെ ആ കത്തി കുത്ത് ഭീകരാക്രമണമോ?
ജെറുസലേം: ഇസ്രായേലിലെ ഒരു ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റത് ഭീകരാക്രമണമോ?. അക്രമി ഫലസ്തീന്‍കാരനാണ് എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമി ഹോട്ടലിലെ ജീവനക്കാരനാണ്. ഡൈനിംഗ് റൂമില്‍ വെച്ചാണ് ഇയാള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ആക്രമിച്ചത്.
ആക്രമിക്കുന്ന വേളയില്‍ ഇയാള്‍ അള്ളാഹു അക്ബര്‍ എന്ന് അലറി വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 60 ഉം 25 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയാണ് കുത്തേറ്റ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇരുവരുടെയും ശരീരത്തില്‍ കുത്തേറ്റതായും മുതിര്‍ന്ന വ്യക്തിയുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അക്രമിയെ അറസ്റ്റ് ചെയ്തതായി ഇസ്രായേലി പോലീസും സ്ഥിരീകരിച്ചു.
ജറുസലേമില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഇസ്രായേലി കിബ്ബറ്റ്‌സായ ത്സുബയിലെ ഒരു ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. കുത്തേറ്റ സമയത്ത് ഹോട്ടലില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്ന ഡ്യൂട്ടിയില്‍ ഇല്ലായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെ ആദ്യം കീഴടക്കിയത് എന്നും പോലീസ് വ്യക്തമാക്കി. പോലീസ് എത്തുന്നതുവരെ ഹോട്ടലിലെ മറ്റുള്ള അതിഥികള്‍ അക്രമിയെ തടയാന്‍ ഉണ്ടായിരുന്നു. ഷുവാഫത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന 42 വയസ്സുള്ള ഒരാളാണ് അക്രമി എന്നാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം. നേരത്തേ കല്ലെറിഞ്ഞ കുറ്റത്തിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകാനായി കരാര്‍ ഏറ്റെടുത്ത വ്യക്തിയാണ് അക്രമി. ഹോട്ടലില്‍ ഉണ്ടായിരുന്ന ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് അവിടെ അസാധാരണമായി എന്തോ സംഭവിക്കുന്നതായും മനസിലായി എന്നും ആളുകളോട് ശാന്തരായിരിക്കാനും ഓടരുതെന്നും താന്‍ നിര്‍ദ്ദേശിച്ചു എന്നാണ്. തന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരിച്ചറിയല്‍ രേഖകളുമായിട്ടാണ് ജനക്കൂട്ടത്തെ സമീപിച്ചതെന്നും ഇയാള്‍ അറിയിച്ചു.
ഭീകരനെ വെടിവെയ്ക്കുന്നതിന് പകരം ശാരീരിക ബലപ്രയോഗം മാത്രം ഉപയോഗിച്ചാണ് പോലീസ് ഉദ്യോഗസ്ഥന്‍ കീഴടക്കിയത്. അവിടെ ഉണ്ടായിരുന്നവരുടെ സഹായത്തോടെ ഭീകരനെ നിലത്ത് കെട്ടി കൈവിലങ്ങിടാനും കഴിഞ്ഞു. കുത്തേറ്റ ഒരാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുമ്പോഴാണ് മറ്റൊരാള്‍ക്കും കുത്തേറ്റതായി മനസിലായത്. ഷുവാഫത്ത് അഭയാര്‍ത്ഥി ക്യാമ്പും കിഴക്കന്‍ ജറുസലേമിലാണ്. 1967 മുതല്‍ ഇവിടം ഇസ്രായേല്‍ കൈവശപ്പെടുത്തിയിരുന്നു.
ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള രണ്ട് ഫലസ്തീനികള്‍ ജറുസലേമില്‍ ആറ് പേരെ വെടിവച്ച് കൊന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുത്തേറ്റത്. ഗാസ നിയന്ത്രിക്കുന്ന തീവ്രവാദ സംഘടനയായ ഹമാസ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.