പലസ്തീനിന്റെ രാഷ്ട്രപദവി പ്രഖ്യാപനം നാളെ; കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ അംഗീകരിച്ച് യുകെയും; കെയിര്‍ സ്റ്റാര്‍മറിന്റെ വീഡിയോ പ്രസ്താവന; ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; കുട്ടികളടക്കം 43 പേര്‍ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേല്‍

Update: 2025-09-21 14:42 GMT

ലണ്ടന്‍: പലസ്തീനിന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നതായി നാളെ 10 രാജ്യങ്ങള്‍ പ്രഖ്യാപനം നടത്താനിരിക്കെ യുണൈറ്റഡ് കിംങ്ഡം പലസ്തീന്‍ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി യുണൈറ്റഡ് കിങ്ഡം(യുകെ) പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍. യുഎന്‍ പൊതുസഭ ചേരുന്നതിനു മുന്നോടിയായാണ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി യു കെ ഔദ്യോഗികമായി അറിയിച്ചത്. കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്.

'സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നു - യുണൈറ്റഡ് കിംങ്ഡം പലസ്തീന്‍ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.' - യു.കെ. പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയും പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു. ഇവര്‍ക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീന്‍ ജനതയുടെ തുല്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാര്‍മറുടെ ഓഫീസ് വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാര്‍ഷികസമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടന്‍, ബല്‍ജിയം, കാനഡ, ഓസ്‌ട്രേലിയ എന്നിവ അടക്കം 10 രാജ്യങ്ങള്‍ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബ്രിട്ടന്‍, ബല്‍ജിയം, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, മാള്‍ട്ട, ലക്‌സംബര്‍ഗ് എന്നിവയടക്കം 10 രാജ്യങ്ങളാണ് പലസ്തീനിന്റെ രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ വാര്‍ഷികസമ്മേളനത്തിനു മുന്നോടിയായാണ് പ്രഖ്യാപനം.

അതേ സമയം ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ സൈന്യം തുടരുന്ന രൂക്ഷമായ ആക്രമണങ്ങളില്‍ 43 പേരടക്കം ഗാസയില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 65,208 ആയി ഉയര്‍ന്നു. ഹമാസ് താവളങ്ങളാണു ലക്ഷ്യമെന്നു പറഞ്ഞാണു ഗാസ സിറ്റി വളഞ്ഞുവച്ച് ആക്രമണം. രണ്ടാഴ്ചയ്ക്കിടെ ഗാസ സിറ്റിയിലെ ബഹുനിലകെട്ടിടങ്ങളെല്ലാം ബോംബിട്ടു തകര്‍ത്തു. സൈനികനടപടി എത്രനാള്‍ നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസ സിറ്റിയിലെ ജനസംഖ്യയുടെ പകുതിയോളം, നാലര ലക്ഷം പേര്‍, ഇതിനകം പലായനം ചെയ്തുകഴിഞ്ഞു.

ഗാസയിലെ കുട്ടികള്‍ക്കുള്ള ഭക്ഷണവുമായെത്തിയ യുനിസെഫിന്റെ 4 ട്രക്കുകള്‍ തോക്കുധാരികള്‍ കൊള്ളയടിച്ചതായി അധികൃതര്‍ അറിയിച്ചു. അതിനിടെ, ബന്ദികളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഗാസ സിറ്റിയിലെ ആക്രമണം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പു നല്‍കി. ഗാസയില്‍ ശേഷിക്കുന്ന ബന്ദികളില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.

ഗാസ സിറ്റിയുടെ ദക്ഷിണഭാഗത്തെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 14 പേരും ഇതില്‍ ഉള്‍പ്പെടുന്നെന്ന് അല്‍ഷിഫ ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ഒരു നഴ്‌സും ഭാര്യയും മൂന്നു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. ക്ഷാമബാധിതമായി പ്രഖ്യാപിക്കപ്പെട്ട ഗാസ സിറ്റിയില്‍ തുടരാക്രമണം നടത്തുന്നതിലൂടെ, ആളുകളെ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതേസമയം, ആക്രമണത്തെപ്പറ്റി ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News