എച്ച്1 ബി വിസ കടുപ്പിച്ച് ട്രംപ് കടുപ്പിച്ചപ്പോള്‍ പ്രതിഭകളെ പിടിക്കാന്‍ ഇളവുകള്‍ നല്‍കാന്‍ ഉറച്ച് ബ്രിട്ടന്‍; മികച്ച യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പഠിച്ച പ്രഗത്ഭര്‍ക്ക് ഫീസ് ഈടാക്കാതെ വിസ നല്‍കാന്‍ ആലോചിച്ച് ബ്രിട്ടന്‍: നോട്ടമിടുന്നത് ഇന്ത്യയിലെയും ചൈനയിലെയും മിടുക്കരെ

Update: 2025-09-23 01:22 GMT

ലണ്ടന്‍: ഒരു ഭാഗത്ത് എച്ച് 1 ബി വിസയുടെ ഫീസ് വര്‍ദ്ധിപ്പിച്ച്, കുടിയേറ്റം നിയന്ത്രിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുമ്പോള്‍, ശാസ്ത്ര , സാങ്കേതിക, വ്യാപാര രംഗങ്ങളിലെ പ്രതിഭകളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാന്‍ സയന്‍സ് ആന്‍ഡ് ബിസിനസ് ടാലന്റ് വിസകളുടെ ഫീസ് പൂര്‍ണ്ണമായും എടുത്തു കളയാനാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മുതിര്‍ന്ന ശാസ്ത്രജ്ഞന്മാര്‍ക്കും, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കും, ഡിജിറ്റ വിദഗ്ധര്‍ക്കും ബ്രിട്ടനിലേക്ക് വരുന്നതിനുള്ള വിസ ഫീസ് കുറയ്ക്കുന്ന കാര്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും ഗൗരവമായി ചിന്തിക്കുന്നത്. ഇത്തരക്കാര്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക വികസനത്തില്‍ ഗണ്യമായ പങ്ക് വഹിക്കാനാകും എന്നതിനാലാണിത്.

എന്നാല്‍, നെറ്റ് മൈഗ്രേഷന്‍ പരമാവധി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയില്‍, വളരെ പരിമിതമായ എണ്ണം ആളുകള്‍ക്ക് മാത്രമാണെങ്കിലും, കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലെത്തുന്നത് എളുപ്പമാക്കുന്ന ഈ നടപടി വലിയ വിവാദമായേക്കാം എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. പുതിയ എച്ച് 1 ബി വിസയുടെ ഫീസ് 1 ലക്ഷം പൗണ്ടാക്കി ഉയര്‍ത്തി കുടിയേറ്റം പരമാവധി കുറയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടയില്‍, തീര്‍ച്ചയായും വലതുപക്ഷം ശക്തമായി തന്നെ ഈ നടപടിക്കെതിരെ രംഗത്തെത്തും.

എന്നാല്‍, ട്രംപിന്റെ ഈ നീക്കം, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധരെ അമിതമായി ആശ്രയിക്കുന്ന അമേരിക്കന്‍ സാങ്കേതിക രഗത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചേക്കും എന്ന ആശങ്കയും ഉയരുന്നുണ്ട്. ട്രംപ് വിസ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പേ ബ്രിട്ടന്‍ അതിനിപുണര്‍ക്ക് വിസ ഫീസില്‍ ഇളവ് നല്‍കുന്ന കാര്യം ആലോചിച്ചിരുന്നു. ഇപ്പോള്‍ ട്രംപിന്റെ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ, മികച്ച ശാസ്ത്ര സാങ്കേതിക വിദഗ്ധരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാന്‍ ഈ ഇളവുകള്‍ സഹായിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച സര്‍വ്വകലാശാലകളില്‍ പഠിക്കുകയും വൈദഗ്ധ്യത്തിന് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തവരെയാണ് നോട്ടമിടുന്നതെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ക്കുള്ള വിസ ഫീസ് പൂര്‍ണ്ണമായും എടുത്തു കളയുന്നതിനാണ് ആലോചിക്കുന്നത്. ഇത് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ വെള്ളം ചേര്‍ക്കുന്ന പ്രവൃത്തിയല്ലെന്നും മറിച്ച് ലോകത്തിലെ മികച്ച നൈപുണികള്‍ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സയന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ മന്ത്രി ലോര്‍ഡ് വാലന്‍സിന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ ടാലന്റ് ടാസ്‌ക്‌ഫോഴ്സാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Tags:    

Similar News