യൂറോപ്പ് 'നരകത്തിലേക്ക്' നീങ്ങുകയാണെന്നും നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ്; ലണ്ടനില്‍ ശരിയത്ത് നടപ്പാക്കാന്‍ ശ്രമം; 'വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല'; യുഎന്നിലും ട്രംപിന്റെ വീമ്പു പറച്ചില്‍; ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പും
ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായ കുടിയേറ്റ കടന്നാക്രമണത്തിന് ഐക്യരാഷ്ട്രസഭ ധനസഹായം നല്‍കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് ഈ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. യുദ്ധകാര്യങ്ങളില്‍ മുന്‍ നിലപാടുകള്‍ ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
യൂറോപ്പ് 'നരകത്തിലേക്ക്' നീങ്ങുകയാണെന്നും നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'തുറന്ന അതിര്‍ത്തികളുടെ പരാജയപ്പെട്ട പരീക്ഷണം' അവസാനിപ്പിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്യുകയും തന്റെ കടുത്ത കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ വിജയത്തെ പ്രശംസിക്കുകയും ചെയ്തു. വീമ്പുപറച്ചിലിനൊപ്പമാണ് ഇതെല്ലാം ട്രംപ് പറഞ്ഞു വച്ചത്.
ഐക്യരാഷ്ട്രസഭ നിയമവിരുദ്ധമായി യു.എസിലേക്ക് വരുന്ന ആളുകള്‍ക്ക് പണമിടപാടുകളിലൂടെ ധനസഹായം നല്‍കുന്നുണ്ടെന്നും ഇത് യു.എന്‍. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന് തുല്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍, യു.എന്‍. രാജ്യങ്ങളെ 'അധിനിവേശങ്ങളില്‍' നിന്ന് സംരക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും അത്തരം അധിനിവേശങ്ങള്‍ സൃഷ്ടിക്കുകയോ അവയ്ക്ക് ധനസഹായം നല്‍കുകയോ ചെയ്യരുതെന്നും ട്രംപ് ഊന്നിപ്പറഞ്ഞു.
നിയന്ത്രണമില്ലാത്ത കുടിയേറ്റമാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ലോകനേതാക്കള്‍ ഈ വസ്തുത അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സഖ്യകക്ഷികളെ അഭിസംബോധന ചെയ്തുകൊണ്ട്, 'നിങ്ങളുടെ രാജ്യങ്ങളെ നിയന്ത്രണമില്ലാത്ത കുടിയേറ്റം നശിപ്പിക്കുകയാണ്,' എന്ന് അദ്ദേഹം ശക്തമായ ഭാഷയില്‍ പറഞ്ഞു.
'യൂറോപ്പ് വലിയ കുഴപ്പത്തിലാണ്. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം നിയമവിരുദ്ധ കുടിയേറ്റക്കാരാല്‍ അധിനിവേശിക്കപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ആരും ഇത് മാറ്റാനോ അവരെ പുറത്താക്കാനോ ഒന്നും ചെയ്യുന്നില്ല,' ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇത് സുസ്ഥിരമല്ലെന്നും, രാഷ്ട്രീയപരമായ ശരി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെയും ട്രംപ് വിമര്‍ശിച്ചു. ലണ്ടന്‍ വളരെയധികം മാറിയെന്നും, അവിടെ ശരിയത്ത് നിയമം നടപ്പാക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അത് മറ്റൊരു രാജ്യമായതിനാല്‍ സാധ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. 15 മിനിറ്റ് മാത്രം ഉദ്ദേശിച്ച പ്രസംഗമാണ് ഒരു മണിക്കൂറോളം നീണ്ടു. ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ കടുത്ത നിലപാടുകള്‍ ആഗോളതലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
അമേരിക്കന്‍ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടെന്നും ട്രംപ് പറഞ്ഞു. കരാറുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ പോലും ലഭിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് ഹമാസിനുള്ള വലിയൊരു പാരിതോഷികമാകുമെന്ന് ട്രംപ് പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു
തീരുവാ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇന്ത്യക്കും ചൈനയ്ക്കുമെതിരെ വിമര്‍ശനം തുടരുകയും ചെയ്തു ട്രംപ്. ഇരു രാജ്യങ്ങളും റഷ്യ-യുക്രെയ്ന്‍ യുദ്ധം പ്രേത്സാഹിപ്പിക്കുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ അതാണ് ചെയ്യുന്നത്. റഷ്യയില്‍നിന്ന് യുറോപ്യന്‍ രാജ്യങ്ങളും ഊര്‍ജം വാങ്ങുന്നു. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിലാണെന്ന് ഐക്യരാഷ്ട്രസഭയിലും ആവര്‍ത്തിച്ചു യുഎസ് പ്രസിഡന്റ്. ഐക്യരാഷ്ട്രസഭയുടെ കഴിവുകേടിനെ കുറിച്ചും ട്രംപ് വാചാലനായി. 'വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല,' എന്ന് പറഞ്ഞുകൊണ്ട് ട്രംപ് വിമര്‍ശനം കൂടുതല്‍ ശക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ട്രംപ് അതിന് വളരെ വലിയ സാധ്യതകളുണ്ടെന്ന് താന്‍ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും പക്ഷേ ആ സാധ്യതകള്‍ക്കൊത്ത് ഉയരാന്‍ അതിന് സാധിക്കുന്നില്ലെന്നും വ്യക്തമാക്കി.
തന്റെ രണ്ടാം ഭരണകാലത്ത് ഇതുവരെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും ഒരിക്കലും അവസാനിക്കാത്തവ ആണെന്ന് ആളുകള്‍ പറഞ്ഞിരുന്ന യുദ്ധങ്ങളാണ് അവയെന്നും ട്രംപ് അവകാശപ്പെട്ടു.കംബോഡിയയും തായ്‌ലന്‍ഡും; കൊസോവോയും സെര്‍ബിയയും; പാകിസ്താനും ഇന്ത്യയും; ഇസ്രായേലും ഇറാനും; ഈജിപ്തും എത്യോപ്യയും; അര്‍മേനിയയും അസര്‍ബൈജാനും; കൂടാതെ ഡിആര്‍ കോംഗോയും റുവാണ്ടയും തമ്മിലുള്ള 'ക്രൂരമായ, അക്രമാസക്തമായ യുദ്ധവും' ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന് ട്രപ് അവകാശപ്പെട്ടു.
മറ്റൊരു പ്രസിഡന്റും ഇതിനടുത്ത് വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവയിലൊന്നിലും യുഎന്‍ 'സഹായിക്കാന്‍ ശ്രമിക്കുക പോലും ചെയ്തില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി. ഒരു മോശം എസ്‌കലേറ്ററും ഒരു തകര്‍ന്ന ടെലിപ്രോംപ്റ്ററും മാത്രമേ യുഎന്നില്‍ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്നും ട്രംപ് പരിഹസിച്ചു.