പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി; വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതിര്‍ത്തു; പിന്നീട് തീ ഇട്ടു; മിഷിഗണില്‍ പള്ളിയില്‍ വെടിയേറ്റ് മരിച്ചത് നാലു പേര്‍; അക്രമിയെ കൊന്ന് പോലീസ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 'ഭീകരം' എന്ന് ട്രംപ്
മിഷിഗണ്‍ : അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ വെടിവയ്പ്. വെടിവയ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മിഷിഗണിലെ ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലെ ലാറ്റര്‍ -ഡേ സെയിന്റ്സ് പള്ളിയില്‍ ഞായറാഴ്ച ആരാധനയ്ക്കിടെ തോക്കുമായി എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിടത്തിന് തീയിട്ടു. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
അക്രമിയെ പൊലീസ് വെടിവച്ചതായാണ് വിവരം. സംഭവസമയത്ത് പള്ളിക്കുള്ളില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നു. പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതുര്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് തീ ഇട്ടത്. ഈ തീ ആണയ്ക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു.
അക്രമ ശേഷം പള്ളിയില്‍ നിന്ന് കടന്നുകളഞ്ഞ അക്രമിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. അക്രമി എത്തിയ പിക്കപ്പ് ട്രക്ക് പള്ളിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഫ്‌ലിന്റിന് പുറത്ത് ഏകദേശം 40,000 പേരടങ്ങുന്ന ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ബര്‍ട്ടണില്‍ നിന്നുള്ള 40കാരനായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ബര്‍ട്ടണിലുള്ള പ്രതിയുടെ വസതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെ 'ഭീകരം' എന്ന് വിശേഷിപ്പിച്ചു. അക്രമം ഉടനടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ ട്രൂത്ത് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ആരാധനാലയത്തിലെ അക്രമം ഭീരുത്വപരവും കുറ്റകരവുമാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അഭിപ്രായപ്പെട്ടു. അക്രമിയുടെ ലക്ഷ്യം അജ്ഞാതമായി തുടരുമ്പോള്‍, ഈ ദാരുണമായ സംഭവം യുഎസിലെ ആരാധനാലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഓഗസ്റ്റില്‍ മിനിയാപൊളിസിലെ ചര്‍ച്ച് ഓഫ് ദി അനൗണ്‍സിയേഷനില്‍ കുര്‍ബാനയ്ക്കിടെയുണ്ടായ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യുഎസിലെ ഗ്രാന്‍ഡ് ബ്ലാങ്ക്, ഫ്‌ലിന്റ് മേഖലയിലുള്ള ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സിലാണ് രാവിലെ 10:25 ഓടെ ആക്രമണമുണ്ടായത്. സാന്‍ഫോര്‍ഡ് തന്റെ വാഹനം പ്രധാന കവാടത്തിലൂടെ ഓടിച്ചു കയറ്റിയ ശേഷം ഒരു റൈഫിള്‍ ഉപയോഗിച്ച് ആരാധനാ ചടങ്ങില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി പള്ളിക്ക് തീയിടുകയും ചെയ്തുവെന്ന് പോലീസ് മേധാവി വില്യം റെന്‍യെ അറിയിച്ചു.
ആക്രമണ സമയത്ത് നൂറുകണക്കിന് ആളുകള്‍ പള്ളിക്കുള്ളിലുണ്ടായിരുന്നു. പത്ത് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്; ഇതില്‍ ഏഴ് പേരുടെ നില തൃപ്തികരമാണെങ്കിലും ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.