നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെ

Update: 2025-10-02 01:40 GMT

ജെറുസലേം: ഗാസാ സിറ്റി വളഞ്ഞ് ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന്. ആക്രമണത്തില്‍ അറുപത്തിയഞ്ചു പേര്‍ മരിച്ചെന്നാണ് സൂചന. നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു. അവശേഷിക്കുന്ന ജനം എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നും അല്ലാത്തവരെ ഭീകരവാദികളായി കണക്കാകുമെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഗാസയിലേക്കുള്ള സഹായം എത്തുന്നതിനും തടസ്സമുണ്ട്. ഗാസയില്‍ ഇസ്രായേസിന്റെ ആക്രമണം കടുത്തിരിക്കെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

ഗാസയില്‍ ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് നീങ്ങുന്നത്. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഗാസ സിറ്റിയെ പൂര്‍ണമായി വളഞ്ഞതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ഗാസ സിറ്റിയില്‍ അവശേഷിക്കുന്ന ജനങ്ങള്‍ ഉടന്‍ സ്ഥലം വിടണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ അവരെ തീവ്രവാദികളോ അവരെ പിന്തുണയ്ക്കുന്നവരോ ആയി കണക്കാക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഈ കടുത്ത നിലപാട് പ്രദേശത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇസ്രായേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ, ഗാസയിലെ ജനങ്ങള്‍ക്ക് നഗരം വിടാനുള്ള അവസാന അവസരമാണ് നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. ഇസ്രയേലിന്റെ ഈ നടപടികള്‍ പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശങ്ങള്‍ക്കിടെയാണ് ഇസ്രയേലിന്റെ ശക്തമായ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ട്രംപിന്റെ സമാധാന നിര്‍ദ്ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ഗാസയെ ഇസ്രയേല്‍ സൈന്യം വളഞ്ഞിരിക്കുന്നു. തെക്കോട്ട് പോകുന്ന ഏതൊരാളും ഇസ്രയേല്‍ സൈന്യത്തിന്റെ പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ കടന്നുപോകാവൂ. തെക്കോട്ട് നീങ്ങാന്‍ ആഗ്രഹിക്കുന്ന ഗാസാ നിവാസികള്‍ക്ക് ഇത് അവസാന അവസരമാണ്. ഹമാസിനെ നഗരത്തില്‍ ഒറ്റപ്പെടുത്താനും ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവൃത്തി ശക്തിപ്പെടുത്താനുമാണ് തീരുമാനം. ഗാസയില്‍ തുടരുന്ന ജനങ്ങളെ ഭീകരവാദികളായി കണക്കാക്കും. ഹമാസിനെ നിരായുധീകരിക്കുന്നത് വരെ ഇസ്രയേല്‍ സൈന്യം തങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ ദൃഢനിശ്ചയമെടുത്തിരിക്കുന്നു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും,' കാറ്റ്‌സ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിലാണ് തങ്ങളെന്നും ഇസ്രയേല്‍ കാറ്റ്‌സ് കുറിച്ചു.

രണ്ടു വര്‍ഷത്തോളമായി പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും ഉള്ളുനീറ്റുന്ന ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചിരുന്നു. കരാര്‍ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹമാസാണ്. ഹമാസിന് നാലു ദിവസത്തെ സമയവും ട്രംപ് അനുവദിച്ചിരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും കരാറിന്റെ പകര്‍പ്പ് തങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും ശുഭാപ്തിവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും അത് പരിശോധിച്ച് വിലയിരുത്തിയ ശേഷം മറുപടി പറയുമെന്നാണ് ഹമാസ് പ്രതികരിച്ചത്. അടിയന്തര വെടിനിര്‍ത്തല്‍, ഹമാസിന്റെ പക്കല്‍ ശേഷിക്കുന്ന ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കല്‍, ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പടിപടിയായുള്ള സൈനികപിന്മാറ്റം എന്നിവയാണ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ലക്ഷ്യം.

ഹമാസിന്റെ നിരായുധീകരണവും യുദ്ധാനന്തരം രാജ്യാന്തര നേതൃത്വത്തിലുള്ള ഇടക്കാല ഭരണവും കരാര്‍ ആവശ്യപ്പെടുന്നു. ഈ ഇടക്കാല സര്‍ക്കാരിനെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ നയിക്കണമെന്നാണ് ട്രംപിന്റെ ശുപാര്‍ശ. ഇതിനിടെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം ശക്തിപ്പെടുത്തിയതും ജനങ്ങളോട് ഗാസവിട്ട് പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നതും.

Tags:    

Similar News