ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു; പാളുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്ന രീതി; സര്‍ക്കാര്‍ ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍; അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി

Update: 2025-10-02 02:00 GMT

വാഷിംങ്ടണ്‍: അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ സ്തംഭനാവസ്ഥ തുടരുകയാണ്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുന്ന സ്ഥിതി വന്നു. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു.

അടച്ചുപൂട്ടല്‍ നീണ്ടുനില്‍ക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും വിലയിരുത്തലുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും സെനറ്റില്‍ സമവായത്തില്‍ എത്താനായില്ല.ഏഴരലക്ഷം ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്കും പോകേണ്ട സാഹചര്യമാണ്. 2018 ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് 35 ദിവസം അമേരിക്ക അടച്ചുപൂട്ടിയിരുന്നു. 1981 ന് ശേഷം പതിനാഞ്ചാമത്തെ അടച്ചു പൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.

യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടാകും. അടച്ചുപൂട്ടല്‍ പ്രാബല്യത്തിലായതോടെ സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ദുരിതത്തിലായി. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടു. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതാകുന്ന അവസ്ഥയാണ്. അടച്ചുപൂട്ടലിന്റെ ദൈര്‍ഘ്യം എത്രയാകുമെന്ന് ഇനിയും വ്യക്തമല്ല. ജീവനക്കാരില്‍ കുറച്ചു പേരെയെങ്കിലും പിരിച്ചുവിടാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. ദേശീയ പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നിലയ്ക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.

യു എസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശദീകരിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. 'ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം' എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്.

5 ലക്ഷത്തോളം ജീവനക്കാര്‍ അവധിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവധിയെടുത്താല്‍ ഇവരെ പിരിച്ചുവിടുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്ന്‌റെ മുന്നറിയിപ്പ്. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും സ്തംഭനത്തിലേക്ക് പോകും. 1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു.

Tags:    

Similar News