മാഞ്ചസ്റ്റര്‍ ഭീകരന്റെ പിതാവ് ജൂതകൂട്ടക്കൊലയെ ന്യായീകരിച്ചതിന്റെ തെളിവ് പുറത്ത്; അല്‍-ഷാമി ഭീകരാക്രമണം നടത്തിയത് റേപ്പ് കേസില്‍ ജാമ്യത്തില്‍ നില്‍ക്കവേ; ഈ ആക്രണം ഫലസ്തീനെ അനുകൂലിച്ചതിന് ബ്രിട്ടണ് കിട്ടിയ പ്രതിഫലമോ?
ലണ്ടന്‍: മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്ന പഴഞ്ചൊല്ലിന് ഉദാഹരണമായി മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം നടത്തിയ വ്യക്തിയുടെ പിതാവ് ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണെന്ന തെളിവുകള്‍ പുറത്തു വന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരുപറ്റം പോസ്റ്റുകളിലൂടെയാണ് ഫരാജ് അല്‍ ഷാമി ഭീകരരെ വാഴ്ത്തിപ്പാടിയത്. 1200 പേരോളം കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്ത ആക്രമണത്തെ അയാള്‍ ആഘോഷമാക്കുകയായിരുന്നു.
സിറിയയില്‍ നിന്നും യു കെയില്‍ എത്തിയ ട്രോമ സര്‍ജന്‍ കൂടിയായ ഇയാള്‍, 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരരോട് ആഹ്വാനം ചെയ്തത് അവരുടെ ആയുധങ്ങള്‍ നന്നായി സൂക്ഷിക്കുവാനും, കൃത്യമായി ഉന്നം വയ്ക്കാനും ആയിരുന്നു. ഹമാസ് ഭീകരരുടെ അതിക്രൂരമായ ആക്രമണം നടന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രമായിരുന്നു ഈയാള്‍ ഈ പോസ്റ്റിട്ടത്. ഭീകരര്‍ മോട്ടോര്‍ബൈക്കിലും മറ്റുമായി ഇസ്രയേലിലെക്ക് വരുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഇയാള്‍ ഇസ്രയേല്‍ അധികം വൈകാതെ നശിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചിരുന്നു.
മറ്റൊരു പോസ്റ്റില്‍ ഇയാള്‍ ഭീകരരെ വാഴ്ത്തിയത്, ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികള്‍ എന്നായിരുന്നു. നിരവധി നിഷ്‌കളങ്കരായ ഇസ്രയേലികളുടെ മരണത്തിനിടയാക്കിയ ഇറാന്‍ മിസൈല്‍ ആക്രമണത്തെയും ഇയാള്‍ പ്രശംസിച്ചിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നും അയാള്‍ എഴുതി. തന്റെ 35 കാരനായ മകന്‍ ജിഹാദ് അല്‍ ഷമീ, ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ കാര്‍ ഇടിച്ചു കയറ്റി രണ്ടുപേരെ കൊന്ന സംഭവത്തില്‍ ഇന്നലെ ഇയാള്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ജിഹാദ് അല്‍ ഷമീമിനെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നിരുന്നു. മകന്റെ പ്രവൃത്തിയോട് ഒരു യോജിപ്പും ഇല്ല എന്ന് വരുത്തിത്തീര്‍ക്കുന്ന രീതിയിലായിരുന്നു ഇയാളുടെ ഇന്നലത്തെ പോസ്റ്റ്.
അക്രമം നടത്തിയത് ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇരിക്കവെ
മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ ആക്രമണം നടത്തിയ തീവ്രവാദി ഒരു ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ആയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. മാത്രമല്ല, ഭാര്യയുമായി പിരിഞ്ഞതിന് ശേഷം കടം കയറി മുടിഞ്ഞ നിലയിലുമായിരുന്നത്രെ. ഈ വര്‍ഷം ആദ്യം നടന്ന ഒരു ലൈംഗിക പീഢനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ മറ്റു ചില കേസുകള്‍ കൂടിയുണ്ട് എന്നാണ് മനസ്സിലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇയാള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നില്ല. ഭാര്യയുമായി പിരിഞ്ഞതിന് ശേഷം ഇയാള്‍ തന്റെ മാതാവിനോടും രണ്ടു സഹോദരന്മാരില്‍ ഒരാളോടും ഒപ്പമായിരുന്നു കുടുംബ വീട്ടില്‍ താമസിച്ചിരുന്നത്. ഇയാള്‍ സ്വന്തമായി ഇംഗ്ലീഷും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗും പഠിപ്പിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു.
സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നെയ്ജല്‍ ഫരാജ്
സിനഗോഗ് ആക്രമണത്തിന് പിന്നാലെ, വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തി കൂട്ടുകയാണ് പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുക വഴി ബ്രിട്ടന്‍ ചെയ്തതെന്ന വിമര്‍ശനവുമായി നെയ്ജല്‍ ഫരാജ് രംഗത്തെത്തി. പലസ്തീന്‍ അനുകൂല പ്രകടനങ്ങളെ അതിനിശിതമായി വിമര്‍ശിച്ച ഫരാജ്, അവര്‍ മാഞ്ചസ്റ്റര്‍ സിനഗോഗ് ഭീകരാക്രമണം ആഘോഷിക്കുകയാണെന്നും പറഞ്ഞു. തകര്‍ന്നടിഞ്ഞ ബ്രിട്ടന് ഉദാഹരണമാണ് ഈ ആക്രമണം എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ ഗ്രെയ്റ്റ തുന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ ഗാസയിലേക്ക് സഹായവുമായി പോകുന്നതിനെ അനുകൂലിച്ച് വൈറ്റ്ഹാളില്‍ പ്രകടനം നടത്തിയവര്‍ ഈ ആക്രമണത്തെ ആഘോഷമാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം നടന്നിട്ടും, പലസ്തീന്‍ അനുകൂല പ്രകടനവുമായി മുന്നോട്ട് പോയവരെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദും അപലപിച്ചു.