'അവര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്'; ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കം 170 ആക്ടിവിസ്റ്റുകളെ നാടുകടത്തി ഇസ്രയേല്‍; ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം
ടെല്‍ അവീവ്: ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ള 170 ആക്ടിവിസ്റ്റുകളേയും ഇസ്രയേല്‍ നാടുകടത്തി. ഗ്ലോബല്‍ സുമുദ് ഫ്ളോട്ടിലയില്‍ നിന്നും തടവിലാക്കിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെയാണ് നാടുകടത്തിയത്. ഗ്രേറ്റയോടൊപ്പം 170 ആക്ടിവിസ്റ്റുകളെയും വിട്ടയച്ചിട്ടുണ്ട്. ഗ്രീസിലേക്കും സ്ലോവാക്യയിലേക്കുമാണ് ആക്ടിവിസ്റ്റുകളെ നാടുകടത്തിയത്.
ഇസ്രയേല്‍ ഉപരോധം ലംഘിച്ച് ഗാസയില്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടിലയുടെ 'ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില' ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ അന്താരാഷ്ട്രസമുദ്രാതിര്‍ത്തിയില്‍വെച്ച് ഇസ്രയേല്‍ സൈന്യം തടഞ്ഞിരുന്നു. ഇതിലുണ്ടായിരുന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 470 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ പലരേയും കഴിഞ്ഞ ദിവസങ്ങളിലായി നാടുകടത്തി വരികയായിരുന്നു. ഗ്രെറ്റയെയും മറ്റു 170 പേരെയും ഇന്നാണ് നാടുകടത്തിയത്.
തെക്കന്‍ ഇസ്രായേലിലെ റമോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കുമാണ് ഇവരെ അയച്ചതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്വീഡന്‍, പോളണ്ട്, ജര്‍മ്മനി, ബള്‍ഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്സംബര്‍ഗ്, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്ലൊവാക്യ, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, യുകെ, സെര്‍ബിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരെന്ന് മന്ത്രാലയം പറയുന്നു.
'ഈ പിആര്‍ സ്റ്റണ്ടില്‍ പങ്കെടുത്തവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും ഇസ്രയേല്‍ പൂര്‍ണ്ണമായി മാനിച്ചിട്ടുണ്ട്, ഇനിയും മാനിക്കും. അവര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്' ഇസ്രയേല്‍ മന്ത്രാലയം പറഞ്ഞു. ജയിലില്‍ വെച്ച് ഒരു മെഡിക്കല്‍ ജീവനക്കാരനെ കടിച്ച സ്പാനിഷ് പൗരനില്‍ നിന്നാണ് ഒരേയൊരു അക്രമം സംഭവം ഉണ്ടായതെന്നും മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ഗാസയിലേക്കുള്ള വഴിയില്‍ നിന്നും പിടികൂടി ഗ്രേറ്റയെ ഇസ്രയേല്‍ നാടുകടത്തുന്നത്. ഗ്രേറ്റ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം ഇസ്രയേല്‍ വിദേശ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ടവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും മാനിക്കപ്പെട്ടെന്ന് മന്ത്രാലയം പറഞ്ഞു. ഇസ്രയേല്‍ തങ്ങളോട് ക്രൂരമായി പെരുമാറിയെന്ന് നേരത്തെ പറഞ്ഞുവിട്ട ഫ്ളോട്ടില ആക്ടിവിസ്റ്റുകള്‍ പറഞ്ഞിരുന്നു. ഇവ കളവാണെന്നും മന്ത്രാലയം ആരോപിച്ചു. നെഗേവ് മരുഭൂമിയിലെ റാമണ്‍ എയര്‍ബേസില്‍ നിന്നാണ് ഗ്രേറ്റ വിമാനം കയറിയതെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 138 പേര്‍ ഇനി ഇസ്രയേല്‍ പോലീസിന്റെ കസ്റ്റഡിയില്‍ അവശേഷിക്കുന്നതായാണ് വിവരം.