രണ്ടു വര്‍ഷം നീണ്ടു യുദ്ധത്തിന് വിരാമം; ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണ; ഈജിപ്തിലെ ചര്‍ച്ചകള്‍ ഫലം കാണുന്നു; ബന്ദികളെ എല്ലാം ഉടന്‍ മോചിപ്പിച്ചേക്കും; കരാര്‍ ഒപ്പിടുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകന്‍ ട്രംപ് നേരിട്ട് എത്തും; ചരിത്ര വിജയം അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ്
ഗാസ: ഗാസയില്‍ സമാധാനം. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ ഇസ്രയേലും ഹമാസും തീരുമാനിച്ചു. ബന്ദികളെ എല്ലാം ഹമാസ് ഉടന്‍ വിട്ടയയ്ക്കും. ഗാസയില്‍ നിന്നും സൈന്യത്തെ ഇസ്രയേലും പിന്‍വലിക്കും. കരാറിന് ഇസ്രയേല്‍ മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. അതു കഴിഞ്ഞാല്‍ കരാര്‍ ഒപ്പിടും. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കിടെ ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഇസ്രായേല്‍ - ഹമാസ് സമാധാന ധാരണ ഒപ്പിടുന്നത് കാണാനായി ഞായറാഴ്ച ഈജിപ്തില്‍ ട്രംപ് എത്തിയേക്കുമെന്നാണ് സൂചന.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ച കരാറിനോട് ഹമാസും ഇസ്രായേലും അനുകൂലമായാണ് പ്രതികരിച്ചത്. ഇസ്രായേല്‍ ജയിലുകളില്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രായേല്‍ ബന്ദികളെ വിട്ടയക്കുന്നത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാര്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ഗാസ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നറും ഈജിപ്തിലെത്തി ചര്‍ച്ചകളുടെ ഭാഗമായിരുന്നു.
ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഹമാസ്, ഇസ്രയേല്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക കൈമാറിയിരുന്നു. ബന്ദികളെ ഹമാസും 1950 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണമെന്നാണ് സമാധാന പദ്ധതിയിലെ നിര്‍ദേശം.
രണ്ട് വര്‍ഷം നീണ്ട ഭീകരമായ യുദ്ധത്തിനാണ് അറുതി വരുന്നത്. ഗാസയില്‍ നിര്‍ണായകമായ വെടിനിര്‍ത്തല്‍ ധാരണയായതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.. ഇസ്രായേലും ഹമാസും തമ്മില്‍ ഒരു സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധാരണയിലെത്തിയെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ ലോകമെമ്പാടും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
സംഘര്‍ഷങ്ങളാല്‍ കലുഷിതമായ ഗാസ മുനമ്പില്‍, ആയിരക്കണക്കിന് നിരപരാധികളുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത യുദ്ധത്തിനാണ് ഈ ധാരണയിലൂടെ താല്‍ക്കാലിക വിരാമമാകുന്നത്. ട്രംപിന്റെ ഗാസ സമാധാന നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ഈ വെടിനിര്‍ത്തല്‍ കരാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗാസ അനുഭവിച്ച കെടുതികള്‍ക്ക് ഒരു ശമനം നല്‍കാന്‍ ഈ നീക്കത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
കരാറിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുകയും മാനുഷിക സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. പിന്നീട് തടവുകാരുടെ കൈമാറ്റം, മേഖലയുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കുമെന്നും സൂചനകളുണ്ട്. ഈ ധാരണ യാഥാര്‍ത്ഥ്യമാകുന്നതോടെ, പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തിന് ഒരു പുതിയ ദിശാബോധം വരുമെന്നാണ് വിലയിരുത്തല്‍.
യു.എസ്. നേതൃത്വത്തില്‍ നടക്കുന്ന ഈ സമാധാന ശ്രമങ്ങള്‍ ഭാവിയില്‍ എന്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഈ വെടിനിര്‍ത്തല്‍ എത്രത്തോളം വിജയകരമാകുമെന്നും, ഒരു സമ്പൂര്‍ണ്ണ സമാധാനം ഗാസയില്‍ യാഥാര്‍ത്ഥ്യമാക്കാനാകുമോ എന്നതും ഇസ്രായേലിന്റെയും ഹമാസിന്റെയും അടുത്ത നീക്കങ്ങളെ ആശ്രയിച്ചിരിക്കും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട സമാധാന കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രായേലും ഹമാസും അംഗീകാരം നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്.