'ഉദാഹരണത്തിന് നിങ്ങള്‍ പാകിസ്ഥാനെയും ഇറാനെയും നോക്കൂ; ഞാന്‍ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചര്‍ച്ച നടത്തുകയാണ്'; തീരുവകൊണ്ട് ഇന്ത്യ - പാക്കിസ്ഥാന്‍ ആണവയുദ്ധം തടയാന്‍ കഴിഞ്ഞെന്ന അവകാശവാദത്തിനിടെ ട്രംപിന് ഇന്ത്യയും ഇറാനും മാറി; ട്രംപിന് നന്ദി പറഞ്ഞ് ഷെഹബാസ് ഷെരീഫ്
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം തടയാന്‍ താന്‍ താരിഫുകള്‍ ഉപയോഗിച്ചു എന്ന അവകാശവാദം ആവര്‍ത്തിച്ചു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനിടെ ഇന്ത്യയെ ഇറാനുമായി ട്രംപ് കൂട്ടിക്കുഴയ്ക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ആണവയുദ്ധം തടയാന്‍ വ്യാപാരനയം ഉപയോഗിച്ചുവെന്ന അവകാശവാദം ആവര്‍ത്തിക്കുന്നതിനിടെയാണ് ട്രംപിന് ഇന്ത്യയും ഇറാനും തമ്മില്‍ മാറിപ്പോയത്. പാകിസ്താനുമായി ബന്ധപ്പെട്ട സംഭവം പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയ്ക്കു പകരം ഇറാന്‍ എന്ന് ട്രംപ് പറഞ്ഞത്. തന്റെ വ്യാപാര നയങ്ങള്‍ പ്രസിഡന്‍സി കാലയളവിലെ എട്ട് യുദ്ധങ്ങളില്‍ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കാന്‍ സഹായിച്ചതായി ട്രംപ് വീണ്ടും അവകാശപ്പെടുകയായിരുന്നു. ലോകമെമ്പാടും സമാധാനം നിലനിര്‍ത്തുന്നതിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും താരിഫുകളാണ് കാരണമെന്ന് ട്രംപ് അവകാശപ്പെട്ടു.
'ഉദാഹരണത്തിന്, പാകിസ്ഥാനെയും ഇറാനെയും നോക്കൂ. ഞാന്‍ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചര്‍ച്ച നടത്തുകയാണെന്ന് അവരോട് പറഞ്ഞു, പാകിസ്ഥാന്‍ പിന്നാലെ ഉണ്ടാകുമെന്നും. തീരുവകള്‍ കാരണം, അവരെല്ലാം വളരെ വ്യത്യസ്തമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചു. പിന്നീട് അവര്‍ പരസ്പരം വെടിയുതിര്‍ക്കുന്നുവെന്ന് ഞാന്‍ കേട്ടു. ഞാന്‍ ചോദിച്ചു, നിങ്ങള്‍ യുദ്ധത്തിന് പോകുകയാണോ?' ട്രംപ് പറഞ്ഞു. യുദ്ധത്തിന് പോയാല്‍ 200 ശതമാനം താരിഫ് ചുമത്തുമെന്നും അമേരിക്കയുമായി വ്യാപാരം നടത്തുന്നതില്‍നിന്ന് വിലക്കുമെന്നും ഇരുവിഭാഗത്തിനും മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അവകാശപ്പെട്ടു. '24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിച്ചു. അതൊരു ആണവയുദ്ധം ആകുമായിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം നിര്‍ത്തിയതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോടു നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. 'നിങ്ങള്‍ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി വളരെ മനോഹരമായി പറഞ്ഞു. ഈ ഓഫീസിലെ ഒരു കൂട്ടം ആളുകളോടാണ് അദ്ദേഹം അത് പറഞ്ഞത്, പ്രസിഡന്റ് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചുവെന്ന്.' ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള സംഘര്‍ഷത്തെക്കുറിച്ചാണ് ഷെരീഫ് പരാമര്‍ശിച്ചതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹം പരാമര്‍ശിക്കുന്നത് ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു എന്ന വസ്തുതയാണ്. അത് വളരെ അടുത്തെത്തിയിരുന്നു. ഏഴ് വിമാനങ്ങള്‍ അവര്‍ വെടിവച്ചിട്ടു.' ട്രംപ് അവകാശപ്പെട്ടു.
ചൈനയുമായി അമേരിക്ക നീണ്ട വ്യാപാര യുദ്ധത്തിലേക്ക് പോവുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് ഇങ്ങനെ മറുപടി പറഞ്ഞു. 'ഞങ്ങള്‍ക്ക് 100 ശതമാനം തീരുവ ഉണ്ട്. ഞങ്ങള്‍ക്ക് തീരുവനയം ഇല്ലായിരുന്നെങ്കില്‍, നമ്മള്‍ ഒന്നുമല്ലാത്തവരായി മാറുമായിരുന്നു. നമുക്ക് ഒരു പ്രതിരോധവും ഉണ്ടാകുമായിരുന്നില്ല. അവര്‍ നമുക്കെതിരെ തീരുവ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അത് ചെയ്യേണ്ടതിന്റെ ആവശ്യകത തോന്നിയ ആരും ആ കസേരയില്‍ ഇതുവരെ ഇരുന്നിട്ടില്ല.' 'എട്ട് യുദ്ധങ്ങളില്‍ അഞ്ചോ ആറോ എണ്ണം അവസാനിപ്പിച്ചതിന് തീരുവ നേരിട്ട് കാരണമാണെന്ന് ഞാന്‍ പറയും. തീരുവകള്‍ ഇല്ലായിരുന്നെങ്കില്‍, ലോകമെമ്പാടും യുദ്ധങ്ങള്‍ നടക്കുമായിരുന്നു.' അദ്ദേഹം പറഞ്ഞു
ഷെഹബാസ് ഷെരീഫിന്റെ പ്രശംസ
നേരത്തെ ഷാം എല്‍-ഷെയ്ഖില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയില്‍, അണുസംഘര്‍ഷം തടഞ്ഞതില്‍ ട്രംപിന്റെ പങ്കിനെ ഷെരീഫ് പരസ്യമായി പ്രശംസിക്കുകയും നൊബേല്‍ സമ്മാനത്തിനായി അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. ലോക നേതാക്കള്‍ക്ക് മുന്നില്‍ തന്റെ അഭിപ്രായം പറയാന്‍ ട്രംപ് ഷെരീഫിനെ ക്ഷണിച്ചിരുന്നു. 'നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ? കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞത് പറയൂ' എന്ന് ട്രംപ് ഷെരീഫിനോട് ആവശ്യപ്പെട്ടു.
'പ്രസിഡന്റ് ട്രംപിന്റെ അക്ഷീണമായ ശ്രമങ്ങളിലൂടെ സമാധാനം കൈവരിച്ചതിനാല്‍, ഇന്ന് സമകാലിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളില്‍ ഒന്നാണ്' ഷെരീഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ട്രംപിനെ സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച ഷെരീഫ്, ലോകത്തെ സമാധാനത്തോടെയും സമൃദ്ധിയോടെയും ജീവിക്കാന്‍ കഴിയുന്ന ഒരിടമാക്കി മാറ്റിയത് ട്രംപാണ് എന്നും വികാരനിര്‍ഭരമായ അഞ്ച് മിനിറ്റ് പ്രസംഗത്തിലൂടെ പറഞ്ഞു.