ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല; ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ല; ഹമാസിനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; ഗാസയില്‍ സംഘര്‍ഷം തുടരുമ്പോള്‍
വാഷിംഗ്ടണ്‍: ഗാസയില്‍ ഇസ്രായേലുമായി നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനിടെ ഫലസ്തീനികളെ വധിക്കുകയും ആയുധം വെച്ച് കീഴടങ്ങാന്‍ വിസമ്മതിക്കുകയും ചെയ്ത ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഹമാസ് തങ്ങളുടെ ഈ നടപടികള്‍ തുടരുകയാണെങ്കില്‍ സൈനികമായി ഇടപെടേണ്ടി വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. 'ഗാസയില്‍ ഹമാസ് ആളുകളെ കൊല്ലുന്നത് തുടരുകയാണെങ്കില്‍, അത് കരാറിന്റെ ഭാഗമായിരുന്നില്ല. ഞങ്ങള്‍ക്ക് ഇടപെടാതെ മറ്റു വഴിയില്ല, അവരെ ഇല്ലാതാക്കേണ്ടി വരും,' ട്രംപ് കുറിച്ചു.
വെടിനിര്‍ത്തല്‍ നിലനില്‍ക്കെ, ഹമാസ് പോരാളികള്‍ ഫലസ്തീന്‍ വിമത ഗ്രൂപ്പുകളുമായി ഏറ്റുമുട്ടലുകള്‍ നടത്തുകയും തങ്ങളുടെ ആളുകളെ പരസ്യമായി വധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നേരത്തെ, ഗാസയിലെ സംഘര്‍ഷങ്ങളെ ലഘൂകരിച്ച് കണ്ടിരുന്ന ട്രംപ്, ഇപ്പോള്‍ തന്റെ നിലപാട് കടുപ്പിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച, ഇസ്രായേല്‍, ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷം, ഹമാസ് 'വളരെ മോശമായ ചില സംഘങ്ങളെ' ഇല്ലാതാക്കിയതായും അത് തന്നെ അത്രയധികം അലട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പ്രകാരം, ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് അധികാരം ഒഴിയണം. ഗാസ വിടാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി പോകാനുള്ള അവസരവും ഈ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഹമാസ് ഈ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും പകരം ആയുധധാരികളായി തുടരുകയും ചെയ്യുന്നു. അര്‍ജന്റീനന്‍ പ്രസിഡന്റ് ജാവിയര്‍ മൈലെയുമായി ചൊവ്വാഴ്ച ഓവല്‍ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
'അവര്‍ നിരായുധരാകും, ഇല്ലെങ്കില്‍ ഞങ്ങള്‍ അവരെ നിരായുധരാക്കും, അത് വേഗത്തിലും ഒരുപക്ഷേ അക്രമാസക്തമായും സംഭവിക്കും,' ട്രംപ് അന്ന് ഊന്നിപ്പറഞ്ഞു. ഹമാസിന്റെ ഈ വെടിനിര്‍ത്തല്‍ ലംഘനവും സമാധാന കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതും ഗാസയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് സൂചന. ഗാസയില്‍ അക്രമം തുടര്‍ന്നാല്‍ ഹമാസ് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തിരിച്ചടിയുടെ സൂചനയാണ്. ആഭ്യന്തര രക്തച്ചൊരിച്ചില്‍ തുടര്‍ന്നാല്‍ ഹമാസ് അംഗങ്ങളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്നു ട്രംപ് പറഞ്ഞു.
''ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല. ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ല'' ട്രംപ് പറഞ്ഞു. ഹമാസ് ഗാസയില്‍ നടത്തുന്ന അക്രമങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്നായിരുന്നു ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നത്. രണ്ടുദിവസത്തിനു ശേഷമാണ് ഇക്കാര്യത്തിലെ നിലപാടുമാറ്റം. എതിര്‍ സംഘാംഗങ്ങളെ കൊലപ്പെടുത്തുന്ന ഹമാസിന്റെ പ്രവൃത്തി തനിക്ക് അധികം ക്ഷമിക്കാന്‍ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹമാസ് ആയുധം കൈവെടിയണം. ഇല്ലെങ്കില്‍ ഹമാസിനെ ഞങ്ങള്‍ നിരായുധീകരിക്കും. അത് വേഗത്തിലും ചിലപ്പോള്‍ രക്തരൂക്ഷിതവുമായിരിക്കും ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ഗാസയിലെ തെരുവില്‍ ഹമാസ് പരസ്യമായി വധശിക്ഷ നടപ്പാക്കിയത്. ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു സായുധ പലസ്തീന്‍ ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് തെരുവില്‍ ജനങ്ങള്‍ക്കു മുന്നില്‍വച്ച് ഹമാസ് പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നത്. ഗാസ സമാധാനക്കരാറിന്റെ ഭാഗമായി ഹമാസിനെ നിരായുധീകരിക്കുമെന്നു ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ് അക്രമങ്ങള്‍.