പുടിനെ വീണ്ടും ട്രംപ് കാണും; ഹംഗറിയിലെ ഉച്ചകോടിയില്‍ യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുമോ? റഷ്യന്‍ പ്രസിഡന്റുമായി വീണ്ടും ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയും നിര്‍ണ്ണായകം; ടോമാഹോക്ക് മിസൈലുകള്‍ വേണ്ടി വരുമോ?
വാഷിങ്ടണ്‍: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് വീണ്ടും പുടിന്‍-ട്രംപ് കൂടിക്കാഴ്ച. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഹംഗറിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന ദീര്‍ഘനേരത്തെ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. വെള്ളിയാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പ്രഖ്യാപനം. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണം സ്ഥിരീകരിച്ചു. 'പുടിനും സെലെന്‍സ്‌കിയും തമ്മിലുള്ള ബന്ധം വളരെ മോശമാണ്; ഇത് ഒരു വലിയ പ്രശ്‌നമാണ്,' ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രെയ്ന് ദൂരവ്യാപക ശേഷിയുള്ള ടോമാഹോക്ക് മിസൈലുകള്‍ കൈമാറുന്നതിനെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക എന്ന് മുതിര്‍ന്ന യുക്രേനിയന്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ട്രംപ് അടുത്ത നീക്കം നടത്തുന്നത്.
യുക്രെയ്‌നിലെ യുദ്ധം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ടോമാഹോക്ക് മിസൈലുകള്‍ അയക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് പുടിനോട് പറഞ്ഞേക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. 'ടോമാഹോക്ക് ഒരു അവിശ്വസനീയമായ, വളരെ ആക്രമണോത്സുകമായ ആയുധമാണ്, സത്യസന്ധമായി പറഞ്ഞാല്‍, റഷ്യയ്ക്ക് അത് ആവശ്യമില്ല,' മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞിരുന്നു. പുടിന്‍ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളോട് നിസ്സഹകരിക്കുന്നത് ശരിയല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നോട് ട്രംപ് സഹാനുഭൂതിയിലുമാണ്.
ഓഗസ്റ്റില്‍ അലാസ്‌കയില്‍ വച്ച് പുടിനുമായി നടന്ന ഉച്ചകോടിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നേട്ടവും ഉണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നേരിട്ടുള്ള പുതിയ നയതന്ത്ര നീക്കങ്ങള്‍. യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്തുന്നതിനും മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പശ്ചിമേഷ്യയില്‍ സമാധാനം എത്തിക്കാന്‍ ട്രംപ് നടത്തിയത് നിര്‍ണ്ണായക നീക്കമാണ്. ഹമാസും ഇസ്രയേലും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടു. എന്നാല്‍ ഹമാസ് പ്രാദേശികമായി അക്രമം തുടരുന്നു. ഇതിനിടെയാണ് യുക്രെയിന്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കം. അതിനിടെ ഗാസ സമാധാന പദ്ധതിയുടെ പ്രതിഫലനം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും ഉണ്ടാകുമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചു. കൂടുതല്‍ സൈനിക സഹായം തേടി യുഎസിലെത്തിയ ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരെ അനിവാര്യമായും ഉണ്ടാകുമെന്നും വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
''നാളെ, ഡോണള്‍ഡ് ട്രംപുമായുള്ള ഒരു കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. ഗാസയില്‍ ഭീകരതയും യുദ്ധവും തടഞ്ഞ വേഗത യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, യുക്രെയ്നില്‍ നിന്ന് റഷ്യയിലേക്ക് എത്താന്‍ കഴിവുള്ള യുഎസ് ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകളുടെ വിതരണം സംബന്ധിച്ച് സെലന്‍സ്‌കി ചര്‍ച്ച നടത്തും. ടോമാഹോക്കുകളെ കുറിച്ചു കേട്ടയുടനെ സംഭാഷണം പുനരാരംഭിക്കാന്‍ റഷ്യ തിടുക്കം കാട്ടുന്നുവെന്നാണ് സെലന്‍സ്‌കി പറയുന്നത്. യുഎസ് പ്രതിരോധ കമ്പനികളുമായും സെലന്‍സ്‌കി ആശയവിനിമയം നടത്തുന്നുണ്ട്.
ടോമാഹോക്കുകള്‍ വിതരണം ചെയ്യുന്നത് സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഡോണള്‍ഡ് ട്രംപിനോട് പറഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം പുറത്തുവരുന്നത്. യുക്രെയ്ന്റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ താനും പുട്ടിനും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് പറഞ്ഞത്. കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. നേരത്തെ, വിഷയത്തില്‍ ഇരുനേതാക്കളും ഓഗസ്റ്റ് 15ന് അലാസ്‌ക്കയില്‍ ചര്‍ച്ച നടത്തിയിരുന്നു.