ഹമാസ് അനുകൂലതയും ട്രംപിനേയും നെത്യാഹുവിനേയും വിമര്‍ശിക്കുന്ന അനൗണ്‍സ്‌മെന്റുകള്‍ കേട്ട് ഞെട്ടി വിമാന യാത്രികര്‍; ഹാക്ക് ചെയ്തത് അമേരിക്കയിലേയും കാനഡയിലെയും നാല് വിമാനത്താവളങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍; ഇതു വമ്പന്‍ അട്ടിമറി
ലണ്ടന്‍: അമേരിക്കയിലേയും കാനഡയിലെയും നാല് വിമാനത്താവളങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഇതിലൂടെ ഹമാസ് അനുകൂല രാഷ്ട്രീയ സന്ദേശങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെനജ്മിന്‍ നെതന്യാഹുവിനെയും അധിക്ഷേപിക്കുന്നതുമാണ് ജനം കേട്ടത്. പെന്‍സില്‍വാനിയയിലെ ഹാരിസ്ബര്‍ഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആശയക്കുഴപ്പത്തിലായ യാത്രക്കാര്‍ എടുത്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഒരു രണ്ടാം സെപ്തംബര്‍ പതിനൊന്ന് ആവര്‍ത്തിക്കുമെന്നാണ ഇതിലൂടെ ജനം കേട്ടത്. അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സെപ്തംബര്‍ പതിനൊന്നിന് നടന്ന ആക്രമണം ലോകം അന്ന് ഞെട്ടലോടെയാണ് കേട്ടത്. ഫലസ്തീന്‍ സ്വതന്ത്രമാകുമെന്ന് പറയുന്ന അജ്ഞാത ശബ്ദം നെതന്യാഹുവിനേയും ട്രംപിനേയും കുറിച്ച് അശ്ലീല വാക്കുകളും പറയുന്നുണ്ട്. തുര്‍ക്കി ഹാക്കര്‍ സൈബറിസ്ലാം ഇവിടെയുണ്ട്' എന്നും ആ ശബ്ദം പറയുന്നു. അമേരിക്കന്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി എക്‌സിലൂടെ പറഞ്ഞത് ഇത് തികച്ചും അസ്വീകാര്യവും യാത്രക്കാരെ ഭയപ്പെടുത്തുന്നതുമാണ് എന്നാണ്.
എത്രയും വേഗം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി, സൈബറിസ്ലാമിനുള്ള എക്സ് അക്കൗണ്ട് കുറിച്ചത് നിങ്ങള്‍ ഒരു രണ്ടാം സെപ്റ്റംബര്‍ 11 ആക്രമണത്തിന് തയ്യാറാണോ എന്നാണ്. അതിര്‍ത്തിയുടെ വടക്ക് ഭാഗത്തുള്ള വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ ട്രാന്‍സ്പോര്‍ട്ട് കാനഡ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലും സമാനമായ ഹാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലെ കെലോണ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, വിക്ടോറിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഒന്റാറിയോയിലെ വിന്‍ഡ്‌സര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയായിരുന്നു ഹാക്ക് ചെയ്യപ്പെട്ട സ്ഥലങ്ങള്‍. വിമാനങ്ങളുടെ യാത്രാ വിവരങ്ങള്‍ കാട്ടുന്ന ടി.വി സ്‌ക്രീനുകളുടെ പ്രവര്‍ത്തനത്തേയും ഹാക്ക് ചെയ്തത് ദോഷകരമായി ബാധിച്ചു.
സ്‌ക്രീനുകളിലുടനീളം യാത്രക്കാര്‍ കണ്ടത് ഹമാസ് അനുകൂല സന്ദേശങ്ങളും കറുത്ത പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരങ്ങളില്‍ 'ഇസ്രായേല്‍ യുദ്ധം തോറ്റു, ഹമാസ് മാന്യമായി വിജയിച്ചു, ഡൊണാള്‍ഡ് ട്രംപ് നിങ്ങള്‍ പന്നിയാണ് എന്ന വാചകവുമാണ്. 'മുത്താരിഫ് സൈബറിസ്ലാം ഹാക്ക് ചെയ്തു' എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ വാചകത്തിന് ചുറ്റും ഹമാസ് അംഗങ്ങളുടെ ചിത്രങ്ങളും എ.ഐ സൃഷ്ടിച്ചതായി തോന്നുന്ന നെതന്യാഹുവിന്റെ വിചിത്രമായ ചിത്രവും ഉണ്ടായിരുന്നു. അവര്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പേജിംഗ് സിസ്റ്റം ഹാക്ക് ചെയ്തതില്‍ യാത്രക്കാര്‍ പലരും ഉത്ക്കണ്ഠയിലാണ്. സംഭവത്തെ തുടര്‍ന്ന് ഇവിടെയുള്ള പല വിമാനങ്ങളിലും പരിശോധന നടത്തിയിരുന്നു.
സംഭവം പോലീസ് അന്വേഷിക്കുകയാണ്. ഇന്റര്‍കോം പ്രവര്‍ത്തനരഹിതമായിരിക്കുമ്പോള്‍ വിമാനത്താവള ജീവനക്കാര്‍ക്ക് ബോര്‍ഡിംഗ് വിവരങ്ങള്‍ നല്‍കാന്‍ മെഗാഫോണുകള്‍ ഉപയോഗിക്കേണ്ടിവന്നതായും യാത്രക്കാര്‍ പറഞ്ഞു. സന്ദേശങ്ങള്‍ പ്ലേ ചെയ്യുന്നത് നിര്‍ത്തി ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേകള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷേ സ്പീക്കര്‍ സിസ്റ്റം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വിന്‍ഡ്‌സര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ തന്നെ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെന്നും അതിനുശേഷം ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വടക്കേ അമേരിക്കയില്‍ ഭീകരര്‍ നടത്തിയ ആദ്യത്തെ വലിയ സൈബര്‍ ആക്രമണമാണിത്.
ഈ വര്‍ഷം ആദ്യം ഇസ്താംബൂളിലെ റെസ്റ്റോറന്റുകളിലെ മെനു സ്‌ക്രീനുകള്‍ ഹാക്ക് ചെയ്തതും വിമാനത്താവള വിവര പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് സമാനമായതുമായ സന്ദേശങ്ങള്‍ക്കും പിന്നില്‍ തങ്ങളാണ് എന്നാണ് സൈബര്‍ ഇസ്ലാം അവകാശപ്പെടുന്നത്. ഇവര്‍ ഇസ്രായേല്‍ മന്ത്രിമാര്‍ക്കെതിരെ പീഡന കാമ്പയിന്‍ ആരംഭിക്കുന്നതിനായി അവരുടെ ഫോണ്‍ നമ്പറുകള്‍ പോലും ചോര്‍ത്തിയതായും പറയപ്പെടുന്നു.