ഹമാസിന്റെ നിരായുധീകരണം വൈകുന്നത് വെടിനിര്‍ത്തലിനു ഭീഷണി; ആയുധം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഹമാസ്; ഗാസയില്‍ ഹമാസിന്റെ ഏഴായിരം പ്രവര്‍ത്തകര്‍ കൂടി; റാഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഇനിയും ആക്രമണങ്ങള്‍ക്ക് സാധ്യത; പശ്ചിമേഷ്യയില്‍ 'രാവും പകലും' വീണ്ടും സംഘര്‍ഷം; ആ കരാര്‍ തകര്‍ച്ചയിലേക്കോ?

Update: 2025-10-20 01:06 GMT

ടെല്‍ അവീവ്: ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നാണ് ആരോപണം, ഇതേ തുടര്‍ന്ന് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. ഒരാഴ്ചമുന്‍പ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇത്. കരാര്‍ പ്രകാരമുള്ള ഹമാസിന്റെ നിരായുധീകരണം വൈകുന്നത് വെടിനിര്‍ത്തലിനു ഭീഷണിയായേക്കും. ആയുധം ഉപേക്ഷിക്കാന്‍ തയാറല്ലെന്നാണ് ഹമാസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. ഗാസയില്‍ ഹമാസിന്റെ ഏഴായിരം പ്രവര്‍ത്തകര്‍ കൂടിയുണ്ട്.

ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇസ്രായേല്‍ സൈന്യം ദക്ഷിണ ഗാസയിലെ റഫായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രായേല്‍ നിര്‍ത്തിവെക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി തകരുമെന്ന ആശങ്കയിലാണ് ഗാസയിലെ ഫലസ്തീനികള്‍. 97 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 26 മരണം ഇസ്രയേലും സ്ഥിരീകരിച്ചു.

ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ തെക്കന്‍ ഗാസയില്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐഡിഎഫ് അറിയിക്കുകയും ചെയ്തു. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസും ഇസ്രയേലും പരസ്പരം ആരോപിച്ചിരുന്നെങ്കിലും വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. ഇസ്രയേല്‍ ഇന്ന് വ്യോമാക്രമണം അടക്കമാണ് നടത്തിയിരിക്കുന്നത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു. ഇതിനിടെയിലും മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. 'രാവും പകലും' ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലുള്ള ഇസ്രേലി സേനയ്ക്കു നേര്‍ക്ക് ഹമാസ് ഒന്നിലധികം തവണ ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഇസ്രേലി ആക്രമണം. ഹമാസിന്റെ നടപടി വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇസ്രയേല്‍ ചൂണ്ടിക്കാട്ടി. ഗാസയിലെ സിവിലിയന്‍ ജനതയെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് ഇസ്രേലി സേന റാഫയില്‍ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണ നീക്കം പശ്ചിമേഷ്യാ സമാധാനശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് ഒക്ടോബര്‍ പത്തിനു നിലവില്‍വന്ന ഗാസ വെടിനിര്‍ത്തലിനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇസ്രയേലും ഹമാസും പലവട്ടം വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആരോപിച്ചിട്ടുണ്ട്. അതേസമയം, ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാത്ത ഹമാസിന്റെ നടപടി വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇതുവരെ 12 മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ഇനി 16 മൃതദേഹങ്ങള്‍ കൂടി വിട്ടുകൊടുക്കാനുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സമയം വേണമെന്നാണ് ഹമാസ് പറയുന്നത്.

Tags:    

Similar News